- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി അധികാരം ഒഴിയും മുമ്പ് ഇന്ത്യൻ റെയിൽവെയും സ്വകാര്യമുതലാളിമാരുടെ കൈയിലാകുമോ? ദെബ്‌റോയി കമ്മീഷൻ റിപ്പോർട്ട് ഉന്നം വയ്ക്കുന്നത് സ്വകാര്യവൽക്കണം തന്നെ; മാതൃകയാക്കുന്നത് ബ്രിട്ടീഷ് മോഡൽ
ന്യൂഡൽഹി: ആധുനികവൽക്കരണത്തിലൂടെ ഇന്ത്യൻ റെയിൽവേയെ മുന്നോട്ട് നയിക്കണമെങ്കിൽ സ്വകാര്യവൽക്കണം കൂടിയേ തീരൂ. ഇതാണ് ബിബേക് ദെബ്‌റോയി സമിതിയുടെ ശുപാർശ. അംഗീകരിക്കാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കഴിയാതിരിക്കുന്നില്ല. ഇതോടു കൂടി ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കണത്തിന്റെ പാതയിലെത്തുന്നു. യാത്രാ തീവണ്ടികളുടെ നടത്തിപ്പ് സ്
ന്യൂഡൽഹി: ആധുനികവൽക്കരണത്തിലൂടെ ഇന്ത്യൻ റെയിൽവേയെ മുന്നോട്ട് നയിക്കണമെങ്കിൽ സ്വകാര്യവൽക്കണം കൂടിയേ തീരൂ. ഇതാണ് ബിബേക് ദെബ്‌റോയി സമിതിയുടെ ശുപാർശ. അംഗീകരിക്കാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കഴിയാതിരിക്കുന്നില്ല. ഇതോടു കൂടി ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കണത്തിന്റെ പാതയിലെത്തുന്നു. യാത്രാ തീവണ്ടികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നൽകണമെന്ന് റെയിൽവെ പുനരുദ്ധാരണ കമ്മിറ്റി ശുപാർശ വ്യക്തമാക്കുന്നത് ഇതാണ്. ബ്രിട്ടീഷ് മാതൃകയിലെ സ്വകാര്യവൽക്കരണമാണ് ഇന്ത്യയും ലക്ഷ്യമിടുന്നത്. എന്നാൽ വെല്ലുവിളികൾ ഏറെയുണ്ട് മോദിക്ക് മുന്നിൽ. സ്വകാര്യവ്യക്തികളിലേക്ക് ട്രെയിൻ സർവ്വീസെത്തുമ്പോൾ നിരക്കുകൾ ഉയരും. ജീവനക്കാരോടുള്ള മനോഭാവവും മാറും. ഇതെല്ലാം സ്വകാര്യവൽക്കരണത്തിലേക്കുള്ള ചർച്ചകൾ തുടങ്ങുമ്പോഴെ സജീവമാവുകയാണ്. അതുകൊണ്ട് തന്നെ തീരുമാനങ്ങൾ നടപ്പാക്കാൻ വെല്ലുവിളികൾ ഏറെയുണ്ടാകും.
രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസിൽ സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം നൽകണമെന്ന് ശുപാർശ. റെയിൽവേയുടെ വികസനവും റെയിൽവേ ബോർഡിന്റെ പുനഃസംഘടനയും പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട നീതി ആയോഗ് അംഗവും സാമ്പത്തിക വിദഗ്ദ്ധനുമായ ബിബേക് ദെബ്‌റോയി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. റെയിൽവേയ്ക്ക് പ്രത്യേക ബജറ്റ് ആവശ്യമില്ലെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. മറ്റ് വകുപ്പുകൾക്ക് എന്ന പോലെ റെയിൽവേയുടെ വിഹിതം പൊതു ബജറ്റിൽ ഒരു ഖണ്ഡികയിൽ ഒതുക്കാവുന്നതെയുള്ളുവെന്നും റിപ്പോർട്ടിലുണ്ട്. പാസഞ്ചർ ട്രെയിനുകളുടെ നടത്തിപ്പും അറ്റകുറ്റപണിയും സ്വകാര്യ മേഖലയെ ഏൽപ്പിച്ചാൽ റെയിൽവേയ്ക്ക് വൻ ലാഭമുണ്ടാക്കാമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്.
ഇന്ത്യൻ റെയിൽവേയിൽ മാറ്റങ്ങൾ വരുത്താൻ നിയിഗിക്കപ്പെട്ടവരാണ് റെയിൽവെ പുനരുദ്ധാരണ കമ്മിറ്റി. സ്വകാര്യ ട്രെയിനുകൾ തുടങ്ങാനാണ് ഈ സമിതി പറയുന്നത്. ചരക്ക് നീക്കം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്നതിന്റെ ചർച്ചകൾ നടക്കുന്നതിനിടെയാണ് സ്വകാര്യമേഖലയുടെ വരവിന് സാധ്യത വന്നത്. ശുപാർശകൾ സർക്കാർ അംഗീകരിച്ചാൽ റെയിൽവേ മേഖലയിൽ വൻ മാറ്റങ്ങൾ വന്നേക്കാം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര റെയിൽ മന്ത്രി സുരേഷ് പ്രഭു വിശദ രൂപരേഖ തയ്യാറാക്കും. അതിന് ശേഷമാകും അന്തിമ തീരുമാനം. എന്നാൽ സ്വകാര്യവൽക്കരണത്തിന് മോദി അനുകൂലമായതിനാൽ ശുപാർശകളെല്ലാം അംഗീകരിക്കപ്പെടുമെന്നാണ് സൂചന.
ബ്രിട്ടണിലെ അതേ മാതൃകയാണ് ലക്ഷ്യമിടുന്നത്. 1998വരെ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലായിരുന്നു ബ്രിട്ടീഷ് റെയിൽവേ. ഇന്ത്യയിലേതിന് സമാനമായ റെയിൽവേ ബോർഡ്. പിന്നീട് ഇതിനെ സ്വതന്ത്രമായി നിറുത്തി സ്വകാര്യമേഖലയെ കൂടുതലായി സഹകരിപ്പിച്ചു. ട്രാക്കുകളുടേയും സിഗ്നലിന്റേയും സ്റ്റേഷനുകളുടേയും നടത്തിപ്പ് പൊതുമേഖലയിൽ നിലനിർത്തി, ട്രയിൻ സർവ്വീസുകൾ പൊതുമേഖലയ്ക്ക് കൈമാറി. വരുമാനം പങ്കുവയ്ക്കുന്ന മാതൃകയാണ് നടപ്പാക്കിയത്. ഇത് വിജയകമാവുകയും ചെയ്തു. സ്വകാര്യ പങ്കാളിയെത്തിയതോടെ എല്ലാം വിപണി വിലയ്ക്ക് അനുസൃതമായി. സർക്കാരിന് ആർക്കും ഇളവുകൾ നൽകേണ്ടിയും വരില്ല. ഇതിലൂടെ ബ്രിട്ടീഷ് റെയിൽവേ സമൃദ്ധിയിലേക്ക് മാറി. പൊതുമേഖലയിൽ റെയിൽവേയുടെ നിയന്ത്രണം നിലനിർത്തി തീവണ്ടി ഓട്ടം സ്വകാര്യമേഖലയെ ഏൽപ്പിക്കാനാണ് മോദി സർക്കാരിന്റേയും നീക്കമെന്നാണ് സൂചന.
പാസഞ്ചർ ട്രെയിനുകളുടെ നടത്തിപ്പും അറ്റകുറ്റപണിയും സ്വകാര്യ മേഖലയെ ഏൽപ്പിച്ചാൽ റെയിൽവേയ്ക്ക് വൻ ലാഭമുണ്ടാക്കാമെന്നാണ് മോദി സർക്കാരിന് ലഭിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്. സ്വകാര്യവത്കരണം എന്നതുകൊണ്ട് റെയിൽവേയുടെ ഓഹരികൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുകയെന്നല്ല ഉദ്ദേശിക്കുന്നതെന്നും മറിച്ച്, റെയിൽവേയ്ക്ക് സ്വതന്ത്രമായ അധികാരം നിലനിറുത്തുന്നതോടൊപ്പം വികസനത്തിനായി സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കുകയാണെന്ന് വേണ്ടതെന്നാണ് ശുപാർശ ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതായത് നിലവിലെ റെയിൽവേ ബോർഡ് തുടരും. ഇതിനൊപ്പം സ്വകാര്യമേഖലയും. പതിയ എല്ലാ തീവണ്ടികളും സ്വകാര്യമേഖലയ്ക്ക് തീറെഴുതുമെന്നാണ് സൂചന. ഇതുമനസ്സിലാക്കിയാണ് പ്രതിഷേധങ്ങളും ഉയരുന്നത്. സ്വകാര്യമേഖലയിലേക്ക് കാര്യങ്ങളെത്തുമ്പോൾ റെയിൽവേ ജീവനക്കാർക്ക് തൊഴിൽ നഷ്ടമുണ്ടാകും. അതിലെല്ലാം ഉപരി യാത്രക്കാർക്കുണ്ടാകാൻ പോകുന്ന അധിക ഭാരമാണ് തൊഴിലാളി സംഘടനകൾ ഉയർത്തിക്കാട്ടുന്നത്. വരും ദിനങ്ങളിൽ പ്രതിപക്ഷവും ഈ വിഷയം ഏറ്റെടുക്കും.
റോഡ്, വിമാനത്താവളം, തുറമുഖം, ടെലികോം മേഖലകളിൽ സ്വകാര്യവത്കരണം അനുവദിച്ചത് പോലെ റെയിൽവേയിലും അനുവദിക്കാം. നിലവിൽ നയരൂപീകരണം, കാര്യ നിർവഹണം, നടത്തിപ്പ് എന്നിവ റെയിൽവേ തന്നെയാണ് നടത്തുന്നത്. ഇതിന് മാറ്റം വരുത്തണമെന്നാണ് പുനരുദ്ധാരണ സമിതിയുടെ ശുപാർശ. എൻജിൻ, വാഗൺ എന്നിവയുടെ നിർമ്മാണ മേഖലയിലും സ്വകാര്യവത്കരണം അനുവദിക്കാമെന്നാണ് ശുപാർശ. റെയിൽവേ മേഖലയിൽ സ്വകാര്യവൽക്കണമെന്ന പ്രഖ്യാപനം മോദി നടത്തി മാസങ്ങൾക്കകമാണ് പുതിയ ശുപാർശകൾ എത്തുന്നത്. റെയിൽവേയെ സ്വകാര്യവൽക്കരിക്കുന്നതിന് അപ്പുറം ആഗോളവൽക്കരണത്തിന്റെ കാലത്തെ ഉദാരവൽക്കരണമെന്ന നിയമാണ് സമിതി ഉയർത്തുന്നത്. ഫലത്തിൽ റെയിൽവേ ബോർഡിന്റെ പ്രസക്തി നഷ്ടപ്പെടും. തുടക്കത്തിൽ പാസഞ്ചർ തീവണ്ടികൾ. പിന്നീട് ദീർഘദൂര വണ്ടികളും സ്വകാര്യ മേഖലയിൽ എത്തും. നിലവിൽ സാധാരണക്കാരാണ് പാസഞ്ചർ ട്രയിനുകളിലെ യാത്രക്കാർ. നിരക്ക് കുറവാണ് യാത്രക്കാർക്ക് ഏറ്റവും ഗുണകരമായ കാര്യം. അത് ഇല്ലാതാകും. പാസഞ്ചർ ട്രെയിനുകളിലെ യാത്ര നിരക്കും കുത്തനെ ഉയരാനാണ് സാധ്യത.
റെയിൽവേ ബോർഡിന് സമാന്തരമായി കൂടുതൽ അധികാരമുള്ള റെയിൽവേ റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം. ഇന്ത്യൻ റെയിൽവേയെയും സ്വകാര്യ കമ്പനികളെയും നിയന്ത്രിക്കുന്നത് റെഗുലേറ്റർ ആയിരിക്കും. നിയമപ്രകാരമുള്ള ജുഡീഷ്യൽ അധികാരങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്ന അഥോറിറ്റിക്ക് നൽകണം. ജനറൽ മാനേജർമാർ, ഡിവിഷണൽ ജനറൽ മാനേർജർമാർ, സ്റ്റേഷൻ മാനേജർമാർ ശക്തിപ്പെടുത്തുന്നതിന് അധികാര വികേന്ദ്രീകരണം നടപ്പാക്കണമെന്നും എ. വൺ ടൈപ്പിലുള്ള സ്റ്റേഷനുകളുടെ മേൽനോട്ടം സ്റ്റേഷൻ മാനേജർമാർക്ക് നൽകണം. സ്റ്റേഷൻ മാസ്റ്റർമാരുടെ അധികാര പരിധി വിപുലമാക്കണമെന്നും ശുപാർശയുണ്ട്. ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോർ കോർപ്പറേഷനെ റെയിൽവേയിൽ നിന്ന് സ്വതന്ത്രമാക്കണം, റെയിൽവേ സോണുകൾ സാമ്പത്തികമായി സ്വതന്ത്രമാക്കണം, റെയിൽവേ ബോർഡിന്റെ അനുമതിക്കായി കാത്തുനിൽക്കാതെ തന്നെ സോണൽ മേധാവികൾക്ക് തീരുമാനമെടുക്കാൻ അധികാരം നൽകണം. റെയിൽ വികാസ് നിഗം ലിമിറ്റഡ്, ഐ.ആർ.സി.ഒ.എൻ പോലുള്ള കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നു.
മുൻ കാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനുമായ കെ.എം. ചന്ദ്രശേഖർ, എൻ.എസ്.ഇ മുൻ എം.ഡി രവി നാരായൺ, പ്രോക്ടർ ആൻഡ് ഗാംബിൾ മുൻ എം.ഡി ഗുരുചരൺ ദാസ്, റെയിൽവേയുടെ മുൻ സാമ്പത്തിക കമ്മിഷണർ ആർ. കശ്യപ്, സെന്റർ ഫോർ പോളിസി റിസർച്ചിലെ സീനിയർ ഫെലോ പാർത്താ മുഖോപാദ്ധ്യായ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. റെയിൽവേ സംരക്ഷണ സേനയെ ഒഴിവാക്കുന്നതിനും ആലോചിക്കണം. റെയിൽവേയുടെ കീഴിൽ പ്രവർത്തിക്കുന്ന ലാഭകരമല്ലാത്ത സ്‌കൂളുകൾ, ആശുപത്രികൾ, കാറ്ററിങ് തുടങ്ങിയ സേവനങ്ങൾ റെയിൽവേ നിന്ന് മാറ്റുന്ന കാര്യവും ആലോചിക്കണമെന്ന് ശുപാർശയുണ്ട്.