തിരുവനന്തപുരം: അർപ്പണ ബോധം, ആധികാരികത, ഇതായിരുന്നു പ്രമുഖ ഫോറൻസിക് വിദഗ്ധയായിരുന്ന(തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി) ഡോ.രമയുടെ സവിശേഷതകൾ. നടൻ ജഗദീഷിന്റെ ഭാര്യ എന്ന നിലയിൽ ലൈംലൈറ്റിൽ നിൽക്കാതെ, വളരെ ഒതുങ്ങിയ ശാന്തമായ ജീവിതം. 61 ാം വയസിൽ, ഈ ലോകത്തോട് വിട വാങ്ങിയപ്പോൾ, ആ ജീവിതം തൊട്ടറിഞ്ഞ ഡോക്ടർമാർ അടക്കമുള്ളവരുടെ കുറിപ്പുകൾ, നമ്മളെ അവരോട് ഒന്നുകൂടി അടുപ്പിക്കും. എത്ര സവിശേഷമായിരുന്നു ആ ജീവിതം എന്നുതിരിച്ചറിയും.

ഡോക്ടറും, പ്രൊഫഷണൽ കോൺഗ്രസ് നേതാവുാമായ ഡോ.എസ്.എസ്.ലാലിന്റെ വാക്കുകളിൽ ആ പഴയ ജീവിതം നിറയുന്നു. 'എൺപതുകളിൽ ഞങ്ങളുടെ മെഡിക്കൽ വിദ്യാഭ്യാസകാലത്ത് തന്നെ ഡോക്ടർ രമ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അദ്ധ്യാപനം ആരംഭിച്ചിരുന്നു. വളരെ ശാന്തയായ ഒരു അദ്ധ്യാപിക. ഡോക്ടർ രമയെ സ്‌കൂട്ടറിന്റെ പിന്നിലിരുത്തി മെഡിക്കൽ കോളേജിൽ കൊണ്ടുവിട്ടിരുന്ന ജീവിത പങ്കാളി ശ്രീ ജഗദീഷ് പിന്നീട് ചലച്ചിത്ര താരമായി പ്രശസ്തനായി. ഡോ: രമയും അറിയപ്പെടുന്ന ഫോറൻസിക് വിദഗ്ദ്ധയായി. ഈ പ്രശസ്തിയൊന്നും ഡോക്ടർ രമയുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നില്ല.'

പുതുതലമുറക്കാരനായ ഡോ.ആരോമൽ സുരേഷ് തന്റെ ആദരവ് ഇങ്ങനെ പ്രകടമാക്കി: 'Real Iron Lady .. always inspired by her authoritative attitude as a doctor .. admiration with respect madam'

എന്തായിരിക്കാം, ഏവരുടെയും ബഹുമാനം പിടിച്ചുപറ്റിയ ഡോ.രമയുടെ കർമവഴി എന്നന്വേഷിക്കുമ്പോൾ മനസ്സിലാകും, ഈ കുറിപ്പുകളൊന്നും പോരാ...അവരെ മനസ്സിലാക്കാനെന്ന്. ഭർത്താവ് ജഗദീഷ് തന്നെ മഴവിൽ മനോരമയുടെ ഒരുപരിപാടിയിൽ ഇങ്ങനെ പറഞ്ഞു:

'എനിക്ക് ചാനലുകളിൽ പ്രത്യക്ഷപ്പെടാൻ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കിൽ സിനിമാ പ്രസിദ്ധീകരണങ്ങളിൽ എന്റെ ഫോട്ടോ അച്ചടിച്ചു വരുന്നതിൽ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം അതിലൊന്നും താത്പര്യമില്ലാത്തയാളാണ് രമ. മാഗസിനുകൾ അഭിമുഖത്തിന് വരുമ്പോൾ ഫോട്ടോ എടുക്കാൻ രമ സമ്മതിക്കാറില്ല. എല്ലാവരുടെയും ഭാര്യമാർ ചാനലുകളിലൊക്കെ വരാറുണ്ട്. എന്തുകൊണ്ടാണ് ജഗദീഷിന്റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരൻ സക്കറിയ ഒരിക്കൽ ചോദിച്ചു. രമയ്ക്ക് ഒട്ടും താത്പര്യമില്ലെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങൾക്കിടയിലെ ഐക്യമാണ്. രമയെ കുറിച്ച് പറയാൻ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല. അത്രത്തോളം പറയാനുണ്ട്. ഒരുകാര്യം മാത്രം പറഞ്ഞുനിർത്താം. എന്റെ രണ്ടു പെൺമക്കളും ഡോക്ടർമാരായി തീർന്നിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.'

ചുരുളഴിയാത്ത പല കേസുകളിലും ഡോ.രമയുടെ ഫോറൻസിക് കണ്ടെത്തലുകൾ നിർണായകമായിരുന്നു. അഭയ കേസിൽ ഡോ.രമ വഹിച്ച പങ്കിനെ കുറിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ കുറിച്ചത് ഇങ്ങനെ:

അഭയ കേസിലെ പ്രതി സിസ്റ്റർ :സെഫിയെ 2008 നവംബറിൽ സിബിഐ അറസ്റ്റ് ചെയ്ത് മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ അന്നത്തെ ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ആയിരുന്നു ഡോക്ടർ രമ. സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി കന്യാചർമ്മം വെച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിലൂടെ കണ്ടുപിടിച്ചത് ഡോക്ടർ രമ ആയിരുന്നു. അഭയകേസിൽ ഒരു വഴിത്തിരിവായിരുന്നു ഈ സംഭവം.2019ൽ അഭയ കേസിലെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ പ്രോസിക്യൂഷൻ സാക്ഷിയായ ഡോക്ടർ രമയെ,സിബിഐ കോടതി നിയോഗിച്ച മജിസ്‌ട്രേറ്റ് വീട്ടിൽ പോയാണ് മൊഴി രേഖപ്പെടുത്തിയത്. ഡോക്ടർ രമ അസുഖബാധിതയായി കിടപ്പിൽ ആയതിനാലാണ് വീട്ടിൽ പോയി മൊഴിയെ ടുത്തത് .

ഹൈക്കോടതി അഭിഭാഷകനായ അജിത് കുമാറിന്റെ കുറിപ്പും കോടതിയിലെ അവരുടെ വിശ്വാസ്യതയെ സൂചിപ്പിക്കുന്നതാണ്.

അജിത് കുമാറിന്റെ വാക്കുകൾ:

ഇന്നാണ് ഡോ.രമയുടെ മരണവാർത്ത വന്നത്. കുറച്ചു നാളുകളായി രോഗാവസ്ഥയിലായിരുന്നു അവർ. ഒന്നു രണ്ടു കൊലപാതക കേസുകളിൽ ഫൊറൻസിക് വിദഗ്ധ എന്ന നിലയിൽ സാക്ഷിക്കൂട്ടിൽ വച്ച് ഞാൻ അവരെ കണ്ടിട്ടുണ്ട്. അർപ്പണബോധമുള്ള ഫൊറൻസിക് വിദഗ്ധയായിരുന്നു അവർ. കോടതിയിൽ ഹാജരാകുന്നതിനു മുമ്പെ പ്രോസിക്യൂഷൻ കേസും ഡിഫൻസ് കേസും പ്രതിഭാഗം വക്കീലിനെക്കുറിച്ചും അവർ കൃത്യമായി അന്വേഷിക്കും. അവരുടെ പ്രസ്താവനകളെ പൊട്ടിക്കുക എളുപ്പമല്ലായിരുന്നു. അവരെ ക്രോസ് വിസ്താരം ചെയ്യുക എന്നത് വളരെയേറെ ആസ്വാദ്യകരമായിരുന്നു.

ഡോ.പരീഖ്, ഡോ.ബർണാഡ് അല്ലെങ്കിൽ അവരുടെ തന്നെ പ്രഫസർ ഉമാദത്തൻ... അങ്ങനെ ആരെയെങ്കിലും ഉദ്ധരിച്ചു ചോദിച്ചാലും പോസ്റ്റ്‌മോർട്ടം ടേബിളിൽ അവർ കണ്ടെത്തിയ തെളിവുകൾ വച്ച് അവർ പ്രതിരോധിക്കും. അവർ എപ്പോഴും പ്രോസിക്യൂഷനോടു ചേർന്നു നിന്നു. പ്രോസിക്യൂഷൻ ദുർബലമാകാതിരിക്കാനുള്ള കടമ ഒരു ഫൊറൻസിക് വിദഗ്ധനുണ്ടെന്ന് അടിവരയിടുന്നതായിരുന്നു അവർ ഹാജരാക്കിയിരുന്ന തെളിവുകൾ.

വിചാരണക്കോടതിയിലെ ജഡ്ജിമാർക്ക് ഡോ.രമയുടെ തെളിവുകളെ കുറിച്ച് വലിയ മതിപ്പായിരുന്നു. സത്യസന്ധതയും പ്രൊഫഷനൽ കഴിവുകളും ഒരുപോലെ ഒത്തിണങ്ങിയ ഒരു സ്ത്രീയായിരുന്നു അവർ. അഭയ കേസിൽ അവർ ഒരുപാട് വിമർശനങ്ങൾ നേരിട്ടു. വിചാരണ ആരംഭിച്ചപ്പോൾ സാക്ഷിക്കൂട്ടിൽ ഹാജരാകാൻ വിധി അവരെ അനുവദിച്ചില്ല. പക്ഷേ, അവരുടെ റിപ്പോർട്ട് അവർക്ക് പരിചയമുള്ള മറ്റൊരു ഡോക്ടറുടെ കയ്യൊപ്പോടെ കോടതി സ്വീകരിച്ചു.

സിബിഐക്കു വേണ്ടി ജസ്റ്റിസ് സുനിൽ തോമസിനു മുമ്പിൽ ആ റിപ്പോർട്ട് ശക്തിയുക്തം പ്രതിരോധിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. എന്റെ വളരെ അടുത്ത കുടുംബ സുഹൃത്തായിരുന്നു അവർ. അവരുടെ വേർപാടിൽ ഭർത്താവ് ജഗദീഷിന്റെ വേദനയിൽ പങ്കുചേരുന്നു.

സിനിമാതാരം കലാഭവൻ മണിയുടെ പോസ്റ്റുമോർട്ടം വേഗത്തിലാക്കാനും ഡോക്ടർ രമയുടെ ഇടപെടൽ സഹായിച്ചിരുന്നതായി നടൻ ഇടവേള ബാബു ഓർക്കുന്നു.

'ഡോ. രമ ഫൊറൻസിക് ഡിപ്പാർട്‌മെന്റിൽ ഉന്നതസ്ഥാനത്തു പ്രവർത്തിച്ച ഒരു ഡോക്ടർ ആണ്. ജഗദീഷേട്ടന്റെ ഭാര്യ എന്നതിലുപരി ഞാൻ രമചേച്ചി എന്ന് വിളിക്കുന്ന ഡോ.രമയുമായി എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ട്. എന്റെ അമ്മാവൻ ഫൊറൻസിക് ഡോക്ടർ ആയിരുന്നു. അമ്മാവന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥിനി ആയിരുന്നു രമ ചേച്ചി. ഞാൻ എന്ത് അത്യാവശ്യം വന്നാലും ചേച്ചിയെ വിളിക്കും. ചേച്ചിയുടെ അദ്ധ്യാപകന്റെ മരുമകൻ എന്ന നിലയിൽ എന്നോട് വളരെ അടുപ്പമുണ്ടായിരുന്നു. വളരെ പ്രഗത്ഭയായ ഡോക്ടറും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ചേച്ചി.

ഞങ്ങൾ സഹപ്രവർത്തകർക്ക് എന്ത് അത്യാവശ്യം വന്നാലും ചേച്ചി സഹായിക്കാറുണ്ടായിരുന്നു. കലാഭവൻ മണി അന്തരിച്ചപ്പോൾ ആലപ്പുഴയോ തൃശൂരോ മെഡിക്കൽ കോളജിൽ വച്ച് പോസ്റ്റ്‌മോർട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോൾ ഞാൻ രമചേച്ചിയെ വിളിച്ചു. ചേച്ചിയാണ് തൃശൂരിൽവച്ച് പോസ്റ്റ്‌മോർട്ടം ചെയ്യാൻ സഹായം ചെയ്തു തന്നത്. ആറ് വർഷമായി പാർക്കിൻസൺസ് രോഗബാധിതയായിരുന്നു. ഒന്നരവർഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു. നല്ല ഉറച്ച മനസ്സിനുടമയായ ചേച്ചി മനക്കരുത്തുകൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. ജഗദീഷേട്ടനുകൂടി ധൈര്യം കൊടുത്തിരുന്നത് ചേച്ചിയാണ്. ചേച്ചിയുടെ വേർപാടിൽ ഞങ്ങൾക്കെല്ലാം അതികഠിനമായ ദുഃഖമുണ്ട്. ചേച്ചിയുടെ വേർപാട് താങ്ങാനുള്ള ശക്തി ജഗദീഷേട്ടനും മക്കൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.'