- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദം കത്തിക്കയറി മുഖ്യമന്ത്രിയിലേക്ക് വന്നതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഭയം; യുഎസ് കമ്പനി ഇഎംസിസിയുമായി ഒപ്പുവച്ച ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രം റദ്ദാക്കി; നടപടി മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം; ധാരണാപത്രത്തിലേക്ക് നയിച്ച കാര്യങ്ങൾ പരിശോധിക്കും; ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിന് അന്വേഷണ ചുമതല
തിരുവനന്തപുരം: വിവാദങ്ങൾക്ക് ചൂടേറിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഭയന്ന് അമേരിക്കൻ കമ്പനി ഇംഎസിസിയുമായുള്ള ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രം സർക്കാർ റദ്ദാക്കി. ഇഎംസിസി കമ്പനി ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി ഉണ്ടാക്കിയ ധാരണപത്രം റദ്ദാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് നടപടി. ധാരണാപത്രത്തിലേക്ക് നയിച്ച കാര്യങ്ങൾ വിശദമായി അന്വേഷിക്കും. പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. 400 ട്രോളറുകൾ നിർമ്മിക്കാനും അനുബന്ധ പ്രവർത്തികൾക്കുമായിരുന്നു ധാരണാപത്രം.
കമ്പനിയുമായി കെ.എസ്‌ഐ.ഡി.സി.യും കേരളഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാർക്കിന് സ്ഥലം അനുവദിച്ചതുമുമാണ് റദ്ദാക്കിയത്. ധാരണപത്രം ഒപ്പിടാനുണ്ടായ സാഹചര്യം അന്വേഷിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിനാണ് അന്വേഷണ ചുമതല. ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണത്തിനും സാധ്യതയുണ്ട്. ധാരണാപത്രങ്ങൾ ഉണ്ടാക്കിയത് സർക്കാർ അറിയാതെയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഞായറാഴ്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനിലേക്കുകൂടി എത്തിയതോടെയാണ് സർക്കാരിന്റെ നിലപാട് മാറ്റം. ഇ.എം.സി.സി. മേധാവി അമേരിക്കക്കാരനായ ഡുവൻ ഇ ഗെരൻസർ, മേഴ്‌സിക്കുട്ടിയമ്മയോടൊപ്പം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. ഇ.എം.സി.സി.യുടെ പ്രസിഡന്റും മലയാളിയുമായ ഷിജുവർഗീസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു.
മന്ത്രിമാരെ വ്യവസായനിർദ്ദേശങ്ങളുമായി ആരെങ്കിലും വന്ന് കണ്ടിരിക്കും അതിൽ പ്രത്യേകിച്ച കാര്യമില്ലെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആരോപണങ്ങളെ തള്ളിക്കൊണ്ട് പറഞ്ഞത്. ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി 400 ആഴക്കടൽ മത്സ്യബന്ധന ട്രോളറുകൾ ഉണ്ടാക്കാൻ ഒപ്പിട്ട ധാരണാപത്രം സർക്കാരോ, കോർപ്പറേഷനോ പുറത്തുവിട്ടിട്ടില്ല.
ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരെ വീണ്ടും രേഖ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് ഇന്നും രംഗത്തെത്തിയിരുന്നു. കൊച്ചിയിൽ നടന്ന നിക്ഷേപസംഗം അസെന്റിന് മുൻപേ അമേരിക്കൻ കമ്പനി ഇം.എം.സി.സിയുമായി സർക്കാർ ബന്ധപ്പെട്ടുവെന്നതിന്റെ രേഖയാണ് പുറത്തുവിട്ടത്. ധാരണാപത്രം റദ്ദാക്കാനുള്ള നീക്കം സർക്കാരിന്റെ കുറ്റസമ്മതമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥന് മിനിമം വിവരം വേണമെന്ന് പറഞ്ഞ് കെഎസ്‌ഐഎൻസി ംഡി എൻ.പ്രശാന്തിനെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പരോക്ഷമായി വിമർശിച്ചു.ഐഎഎസുകാരായതുകൊണ്ട് മാത്രം വിവരമുണ്ടാവില്ല. ഒരു ട്രോളർ നിർമ്മിക്കാൻ 8 മാസമെടുക്കാം എന്നിരിക്കെ 400 ട്രോളർ ഉണ്ടാക്കാൻ ബോധമുള്ള ആരെങ്കിലും കരാറുണ്ടാക്കുമോയെന്നും മന്ത്രി ചോദിച്ചു.
തിണ്ണമിടുക്കുള്ളവർ വെള്ളയിലുണ്ട്. അതിനേക്കാൾ കൂടുതൽ ആളുകൾ താനൂരുമുണ്ട്. പക്ഷേ ഇവരെ അകത്തു കയറ്റാതിരിക്കാനാണ് ഹാർബറുകൾക്ക് സുരക്ഷ ഒരുക്കുന്നതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വെള്ളയിൽ മത്സ്യബന്ധന തുറമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആഴക്കടൽ മൽസ്യബന്ധന കരാർ വിവാദത്തിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മക്കെതിരെ കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധവും അരങ്ങേറി.
ധാരണപത്രം ഒപ്പിട്ടത് ഫെബ്രുവരി 2ന്
2950 കോടി രൂപയുടെ പദ്ധതിക്കാണ് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും അമേരിക്കൻ കമ്പനിയായ ഇഎംസിസി ഇന്റർനാഷണലും കൈകോർത്തത്. കെഎസ്ഐഎൻസി എം. ഡി എൻപ്രശാന്തും ഇഎംസിസി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വർഗീസും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടു.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച 'അസൻഡ് 2020' നിക്ഷേപസമാഹരണ പരിപാടിയിൽ ഇഎംസിസിയും സർക്കാരുമായി ഏർപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതി. ആഴക്കടൽ മൽസ്യബന്ധനത്തിന് ഉപയോഗിക്കുന്ന ട്രോളറുകളുടെ നിർമ്മാണം, തുറമുഖ വികസനം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. മൽസ്യബന്ധനത്തിനായി 400 ട്രോളറുകളാണ് കെഎസ്ഐഎൻസിയുടെ സഹായത്തോടെ ഇഎംസിസി കേരളത്തിൽ നിർമ്മിക്കുക. നിലവിൽ വിദേശ ട്രോളറുകളാണ് കൂടുതലായും ഉപയോഗിച്ചു വരുന്നത്.
ഇഎംസിസിക്ക് ട്രോളറുകൾ നിർമ്മിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ് കെഎസ്ഐഎൻസി ഒരുക്കിക്കൊടുക്കുന്നത്. ഏകദേശം രണ്ടു കോടി രൂപയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ട്രോളർ നിർമ്മിക്കാൻ ഉണ്ടാകുന്ന ചെലവ്. ഇവ നിലവിലെ മൽസ്യത്തൊഴിലാളികൾക്കാണ് വിതരണം ചെയ്യുക. ഇത്രയും ട്രോളറുകൾ മൽസ്യബന്ധനം നടത്തി തിരിച്ചെത്തുമ്പോൾ അവയ്ക്ക് അടുക്കാൻ നിലവിൽ കേരളത്തിലെ ഹാർബറുകളിൽ ആവശ്യത്തിന് സൗകര്യമില്ല. അതിനായി നിലിവിലുള്ളവയ്ക്കൊപ്പം പുതിയ ഹാർബറുകളും കെഎസ്ഐഎൻസി വികസിപ്പിക്കും. ഇത്തരത്തിൽ ആഴക്കടൽ മൽസ്യബന്ധനത്തിലൂടെ ശേഖരിക്കുന്ന മൽസ്യങ്ങൾ സംസ്‌കരിക്കുന്നതിനായി ഇഎംസിസി കേരളത്തിൽ യൂണിറ്റുകൾ തുറക്കും. ഇവിടെ മൽസ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്ക് പ്രഥമ പരിഗണന നൽകും. കേരളത്തിൽ തുറക്കുന്ന 200 ഔട്ലെറ്റുകൾ വഴി സംസ്‌കരിച്ച മൽസ്യം വിറ്റഴിക്കുന്നതിനൊപ്പം പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുമാണ് പദ്ധതിയെന്ന് ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസ് പറഞ്ഞിരുന്നു.ഇഎംസിസിയുടെ കടന്നുവരവോടെ 25000ൽപരം തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടുമെന്ന് കെഎസ്ഐഎൻസി മാനേജിങ് ഡയറക്ടർ എൻ പ്രശാന്ത് പറഞ്ഞിരുന്നു. ൻേസി ചെയർമാൻ.
മറുനാടന് മലയാളി ബ്യൂറോ