തൃശൂർ: കവിതമോഷണ വിവാദത്തിൽപ്പെട്ട കേരളവർമ്മ കോളേജ് അദ്ധ്യാപിക ദീപാ നിശാന്തിനെയും എം.ജെ. ശ്രീചിത്രനെയും പുരോഗമന സംഘടനകളും സാംസ്‌കാരിക പ്രവർത്തകരും കൈവിട്ട മട്ടാണ്. ദീപയെ കടന്നാക്രമിക്കുന്നില്ലെങ്കിലും വലിയ ആരോപണങ്ങളാണ് ശ്രീചിത്രനെതിരെ ഉയരുന്നത്. അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകരും ഇടതുപക്ഷക്കാരുമെല്ലാം പലതും തുറന്നു പറയുന്നു. ശ്രീചിത്രനെതിരെ സാമ്പത്തിക ആരോപണങ്ങളും ഈ ഘട്ടത്തിൽ ഉയരുകയാണ്. പ്രതിഷേധത്തിന്റെ അളവ് തിരിച്ചറിഞ്ഞാണ്. തൃശൂരിൽ നടത്തുന്ന ജനാഭിമാന സംഗമത്തിൽ നിന്ന് ശ്രീചിത്രനേയും ദീപയേയും ഒഴിവാക്കിയത്. ഇപ്പോഴിതാ മുരളീ വെട്ടവും ആരോപണവുമായി എത്തുകയാണ്. നവമലയാളിയെന്ന പ്രസിദ്ധീകരണത്തിന്റെ നടത്തിപ്പുകാരനായിരുന്നു പ്രവാസിയായ മുരളീ വെട്ടത്ത്. ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. അട്ടപ്പടായിൽ ശ്രീചിത്രന്റെ അടുത്ത ബന്ധു നടത്തിയ സാമ്പത്തിക തട്ടിപ്പു ചർച്ചകളിൽ നിറയുന്നുണ്ട്.

മൂന്നു നാലു വയസ്സുവരെ സവലരി കൂവപ്പൊടി കുറുക്ക് തിന്ന് വയറ് നിറഞ്ഞ് ശർദ്ദിച്ചതോർമ്മയുണ്ട്. വർഷങ്ങൾക്കു ശേഷം വയറ് നിറഞ്ഞ അതേ ഫീൽ.ചിത്ര ദീപ ആട്ടകഥ കാണുമ്പോൾ!-എന്ന് പരസ്യമായ പോസ്റ്റ് മുരളി വെട്ടത്ത് ഇട്ടിരുന്നു. ഇതിന് പിന്നാലെ മുരളി വെട്ടത്തിന്റെ നവ മലയാളി എന്ന പ്രസിദ്ധീകരണമാണ് ശ്രീചിത്രനെ അവതരിപ്പിച്ചതെന്ന വാദങ്ങൾ സജീവമായത്. ഈ സാഹചര്യത്തിലാണ് കാര്യങ്ങൾ വിശദീകരിച്ച് മലയാളികളുടെ സാസ്‌കാരിക ഇടത്തിലെ പ്രധാനികളിൽ ഒരാളായ മുരളി വെട്ടത്ത് രംഗത്ത് വന്നത്. ഒരിക്കലും ശ്രീചിത്രൻ നവമലയാളിയുടെ എഡിറ്റോറിയൽ ടീമിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പ്രസിദ്ധീകരണത്തിൽ നിന്നും പണം വാങ്ങി മുങ്ങാൻ ശ്രീചിത്രൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവും മുരളീ വെട്ടവും ഉയർത്തുന്നുണ്ട്. ജയചന്ദ്രൻ നായർ, വിജു വി നായർ, രവിവർമ്മ തുടങ്ങി പ്രമുഖർ സഹകരിച്ച പ്രസിദ്ധീകരണമാണ് നവമലയാളി.

നവ മലയാളി എഡിറ്റോറിയൽ ടീമിൽ ഒരിക്കലും എം.ജെ ശ്രീ ചിത്രൻ ഉണ്ടായിരുന്നില്ല. ജയചന്ദ്രൻ നായർ, വിജു വി നായർ, രവിവർമ്മ തുടങ്ങിയവരായിരുന്നു അതിന്റെ ചുമതലക്കാർ. ഞാൻ ഒരിക്കലും എഡിറ്റോറിയൽ ബോർഡ് തീരുമാനങ്ങളിൽ ഇടപെട്ടിട്ടില്ല. ജോലിക്കായി ആരെ നിയമിക്കണം എന്ന കാര്യത്തിലും. നാട്ടിലില്ലാത്ത ഞാനോ മറ്റ് നിക്ഷേപകരോ അക്കാര്യത്തിൽ ഒരിക്കലും ഇടപെടാനും സാദ്ധ്യതയില്ലല്ലോ. നവ മലയാളി ഓഫീസ് പൂട്ടാനായി തീരുമാനിച്ചപ്പോൾ നാട്ടിൽ ഞാൻ ഉണ്ടായിരുന്നു. വിജു വി നായർ, വർമ്മ എന്നിവരോടൊപ്പം രണ്ടു ദിവസം ഞാൻ തിരുവനന്തപുരത്തുണ്ടായപ്പോൾ ഓഫീസിൽ വെച്ച് ശ്രീ ചിത്രനെ കണ്ടിട്ടുണ്ട്. അത് അഞ്ചാറു വർഷം മുമ്പാണെന്നും മുരളീ വെട്ടം പറയുന്നു. ഇതിനൊപ്പമാണ് മറ്റ് കാര്യങ്ങൾ വിശദീകരിക്കുന്നത്.

മൂന്ന് നാല് മാസം മാത്രം നീണ്ടു നിന്ന അന്നത്തെ നവ മലയാളി കനത്ത സാമ്പത്തിക ബാദ്ധ്യത മൂലം തുടർന്നു നടത്താനായില്ല. ഇപ്പോഴത്തെ നവ മലയാളി നാലു മാസത്തെ വിടവിനു ശേഷം പുതിയ ഒരു എഡിറ്റോറിയൽ ബോർഡിനു കീഴിൽ തുടങ്ങി. അന്നും ഇന്നും എഡിറ്റർമാർക്ക് വേതനമൊന്നുമില്ല.അവർ ഒരിക്കലും ആവശ്യപ്പെട്ടിട്ടുമില്ല. തികച്ചും വളണ്ടിയർ മോഡലിൽ എന്നിരുന്നാലും എഴുത്തുകാർക്ക് ഞങ്ങളുടെ കഴിവിന് അനുസരിച്ച് വേതനം നൽകി വരുന്നു. പരസ്യങ്ങളോ മറ്റു വരുമാന മാർഗങ്ങളോ ഇല്ലാത്തതിനാൽ, അഞ്ചെട്ട് ആളുകൾ സ്വന്തം കയ്യിൽ നിന്നും പൈസ ചെലവാക്കി നടത്തുന്നത് എന്നറിയുന്നതിനാൽ പല എഴുത്തുകാരും നൽകുന്ന വേതനം പോലും കൈപറ്റാറില്ലെന്നും മുരളി വെട്ടത്ത് പറയുന്നു.

പുതിയ നവ മലായാളി തുടങ്ങിയപ്പോൾ കണ്ടന്റ് അപ്പ് ലോഡ് ചെയ്യാനായി അന്നു ജോലി ഇല്ലാതെ ഇരിക്കുന്ന ചിത്രനെ മാസത്തിൽ എണ്ണായിരം രൂപ ശമ്പളത്തിൽ നിയമിക്കാൻ തീരുമാനിച്ചു. അമ്മക്ക് അസുഖമാണ് അതിനാൽ മൂന്ന് മാസത്തെ ശമ്പളം മുൻകൂറായി ആവശ്യപ്പെട്ടു. രജിത് ദനവാൻ എന്ന സുഹൃത്താണ് ചിത്രന് പൈസ അയച്ചുകൊടുത്തതും. ചിത്രൻ പണി തുടങ്ങിയില്ല. പൈസയും തിരിച്ചു തന്നില്ല. ഒന്നര കൊല്ലത്തോളം. പൈസ തിരിച്ചു വാങ്ങണം ഞാൻ മണ്ണാർക്കാട് പോയി അവനെ കാണാം എന്ന് പറഞ്ഞപ്പോഴൊക്കെ പലരും എന്നെ മുടക്കി. ' അവന് ദാരിദ്യ മല്ലേ അത് വിട്ടു കളഞ്ഞേര് ' എന്ന് പറഞ്ഞ സ്വാതിയുടെ വാചകം എനിക്ക് ഇന്നും ഓർമ്മയുണ്ട്. പക്ഷേ എനിക്കത് വിട്ടു കളയാനായില്ല. ഇടതു പക്ഷവും മനുഷ്യ പക്ഷവും കലയും സാംസ്‌കാരവും സ്ഥിരം പേനയിൽ നിന്നും മനസ്സിൽ നിന്നും വരുന്ന അവന്റെ പ്രവർത്തി എന്നെ ഏറെ വേദനിപ്പിച്ചു.അതിലൊരു വഞ്ചന എനിക്ക് ഫീൽ ചെയ്തു.-മുരളീ വെട്ടത്ത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

രണ്ടര വർഷം മുന്നാകണം എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു ശ്രീ ചിത്തരൻ ദീപ ടീച്ചറുടെ കയ്യിൽ നിന്നും വലിയൊരു സംഖ്യ കടം വാങ്ങി അത് തിരിച്ചു കൊടുക്കാതെ വലിയ പ്രശ്‌നമായെന്ന്, ഒപ്പം അതുപോലെയുള്ള ഒന്നു രണ്ടു കേസുകളും. പിന്നെ ഞാൻ ഒന്നും ആലോചിക്കാൻ നിന്നില്ല. പുലർച്ചെ ശ്രീചിത്രന് ഒരു സന്ദേശമയച്ചു നിന്റെ കരകൗശലങ്ങളൊക്കെ മനസ്സിലായി അതിനാൽ ഒരാഴ്ചക്കകം നവമലയാളിയുടെ പൈസ തിരിച്ചു തരണം എന്നും പറഞ്ഞ്. കാര്യഗൗരവം കൃത്യമായി മനസ്സിലായ ശ്രീചിത്രൻ വെറും നാലു ദിവസത്തിനുള്ളിൽ പൈസ ബാങ്കിൽ തന്നു കടം വീട്ടിയെനനും പ്രവാസിയായ മുരളീ വെട്ടത്ത് പറയുന്നു. അവനായി അന്നു നടത്തിയ സംഭാഷണങ്ങൾ ഇന്നും എന്റെ ചാറ്റ് ബോക്‌സിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചർക്കുന്നു.

നേരത്തെ ശ്രീചിത്രന്റെ തട്ടിപ്പുകളെന്ന സൂചനയുമായാി കോളേജ് അദ്ധ്യാപകനായ വിജു നായരങ്ങാടി ഇട്ട പോസ്റ്റും ചർച്ചായയിരുന്നു. ഈ ശ്രീചിത്രൻ എം ജെ എന്ന ആൾ 2002-2005 ബാച്ചിൽ പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ മലയാളം ബി ഏക്ക് പഠിച്ചിരുന്ന ആൾ തന്നെയല്ലേ? അക്കാലത്തൊരിക്കൽ മാധ്യമം ആഴ്ചപ്പതിപ്പിൽ ആണെന്നു തോന്നുന്നു പ്രസിദ്ധീകരിക്കപ്പെട്ട പി.പി.രാമചന്ദ്രന്റെ 'മഞ്ഞിലുമേറെത്തണുത്തത് ' എന്ന കവിത പകർത്തിക്കൊണ്ടുവന്ന് സ്വന്തം രചന എന്ന് നടിച്ച് എന്റെ മുന്നിൽ നിൽക്കേ ' നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക് ' എന്ന് ഞാൻ പറഞ്ഞപ്പൊ എന്റെ മുന്നിൽ നിന്ന് പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ? എന്ന ചോദ്യവുമായാണ് വിജു നായരങ്ങാടി എഴുത്തു തുടങ്ങുന്നത്. ഇതിന് പിന്നിൽ എത്തുന്ന കമന്റുകളും രസകരമാണ്. ഇതൊക്കെ സത്യമാണോ മാഷേ...! വിശ്വസിക്കാൻ പ്രയാസം...! നമ്മുടെ നവേത്ഥാന നായകൻ അല്ലറ ചില്ലറ തരികിടകൾ ഒക്കെ ഉണ്ടന്ന് അറിഞ്ഞിരുന്നു....പക്ഷേ ഇത്രയും വലിയ ഗജഫ്രോഡാണ് ഈ പഹയൻ എന്നറിഞ്ഞില്ല....! നവോത്ഥാനമേ, നിന്റെ ചുമലിൽ വലിഞ്ഞുകേറിയ ഒരാഭസനെ കുടഞ്ഞെറിയുക....അല്ലങ്കിൽ തൂറിയവനേ ചുമന്നാൽ ചുമന്നവനും നാറും....!-ഇതാണ് വിജുവിന്റെ പോസ്റ്റിന് താഴെയുള്ള കമന്റ്. ദിലീപിന്റെ ''കിങ് ലയർ'' ശ്രീചിത്രന്റെ ജീവിതം സിനിമയാക്കിയാതാണൊന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വിജു കുറിച്ചിരുന്നു.

സുനിൽ പി ഇളയിടത്തിനോടും ദീപാ നിശാന്തിനോടും ഞാനിത് പറയാൻ പലവട്ടം ആഞ്ഞതാണ്. എന്റെ ഒന്നു രണ്ടാത്മസുഹൃത്തുക്കൾ തടഞ്ഞതു കൊണ്ടാണ് അന്നത് പറയാതിരുന്നത്. അയാളെഴുതിയത് എന്ന് ഉറച്ചു വിശ്വസിച്ചതുകൊണ്ടും പരന്ന കവിതാ വായനാ പരിചയമില്ലാത്തതുകൊണ്ടുമാണ് ദീപയ്ക്ക് ഈ ചതി പറ്റിയത്. വർഷങ്ങൾക്കു മുമ്പ് ഹെയർപിൻ ബെന്റിന് കൈരളീ അറ്റ്ലസ് പുരസ്‌കാരം കലേഷിന് നൽകാൻ ശിപാർശ ചെയ്ത മൂന്നംഗ ജൂറിയിൽ ഒരാളായിരുന്നു ഞാൻ. കലേഷിന്റെ കവിത ആധുനികാനന്തരതക്കു ശേഷം വരുന്ന തീഷ്ണ കവിതയാണ്. കലേഷിന്റെ കവിത പകർത്തി പലർക്കും കൊടുക്കുമ്പോൾ പകർത്തുന്ന അയാൾക്കറിയാം എങ്ങനെ ചുമലൊഴിയണമെന്നും വിജു എഴുതി. തിരൂരിലെ ടിഎം സർക്കാർ കോളേജിലെ വൈസ് പ്രിൻസിപ്പലാണ് വിജു നായരങ്ങാടി. നിരവധി പേരുടെ പ്രധാന അദ്ധ്യാപകൻ. ഇതിന് ശേഷമാണ് മുരളീ വെട്ടത്തിന്റെ വിശദീകരണവും എത്തുന്നത്. ഇതോടെ സാംസ്്കാരിക മേഖലയിൽ ശ്രീചിത്രൻ ഒറ്റപ്പെടുകയാണ്.

ഇത്തരം പ്രതിഷേധത്തെ തുടർന്ന് കൊടുങ്ങല്ലൂരിൽ ഡയലോഗ് സംഘടനയുടെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന 'ഭരണഘടനാ സംഗമ'ത്തിൽ നിന്നു ശ്രീചിത്രന്റെ പ്രഭാഷണം ഒഴിവാക്കിയിരുന്നു. ശ്രീചിത്രൻ തന്നെ ചതിച്ചതാണെന്ന് പറഞ്ഞുകൊണ്ടുള്ള ദീപ നിശാന്തിന്റെ വീഡിയോ പ്രതികരണവും പുറത്തുവന്നു. ''സുഹൃത്ത് (ശ്രീചിത്രൻ) അദ്ദേഹത്തിന്റെ കവിതയാണെന്ന് വിശേഷിപ്പിച്ചാണ് അയച്ചുതന്നത്. അയാളുടെ കവിത കലേഷ് മോഷ്ടിച്ചതാണെന്നായിരുന്നു തെറ്റിദ്ധരിപ്പിച്ചത്. ശ്രീചിത്രൻ അയച്ചുതന്നത് അങ്ങനെ തന്നെ നൽകുകയായിരുന്നു. എന്റെ പേരിൽ പ്രസിദ്ധീകരിക്കാനായിരുന്നു അയാൾക്ക് നിർബന്ധം. ബ്ളോഗിൽ എഡിറ്റ് ചെയ്യാം. തീയതി മാറ്റാം, കലേഷാണ് കള്ളത്തരം കാണിച്ചത് എന്നൊക്കെയാണ് അയാൾ പറഞ്ഞത്. അയാളുടെ പേര് ഒരിടത്തും വലിച്ചിഴയ്‌ക്കേണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ, അയാൾ തന്നെമാത്രം കുറ്റക്കാരിയാക്കി കൈകഴുകി. കലേഷിനോട് പരസ്യമായി മാപ്പ് ചോദിച്ചുകൊണ്ടുള്ള അയാളുടെ പോസ്റ്റ് കണ്ടപ്പോഴാണ് ചതിക്കപ്പെട്ടുവെന്ന് മനസിലായത്.ഇഷ്ടമുള്ള കവിത പലർക്കും അയച്ചുകൊടുക്കുന്ന കൂട്ടത്തിൽ പണ്ടെപ്പോഴോ അയച്ചുകൊടുത്തതാണെന്നാണ് അതിൽ പറഞ്ഞത്. അതു കേട്ടപ്പോൾ പരിഗണന നൽകേണ്ട അർഹത അയാൾക്കില്ലെന്ന് തോന്നിയെന്നും ദീപ പറയുന്നു. കലേഷ് അനുഭവിച്ച മാനസിക സമ്മർദ്ദത്തിന് അവർ മാപ്പും അപേക്ഷിച്ചു.