തിരുവനന്തപുരം: യുവതികളിൽ നിന്നും മാറി നിൽക്കുകയാണ് ശബരിമല അയ്യപ്പന്റെ ആവശ്യമെന്ന് പറഞ്ഞ് രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ന്യൂസ് 18 ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കവേയാണ് ദീപ രാഹുൽ ഈശ്വർ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ശബരിമലയിൽ യുവതികളുടെ പ്രവേശനത്തിന് തടസം ആർത്തവമല്ലെന്നാണ് ദീപയുടെ വാദം. ആർത്തവുമായോ പിരീഡ് സൈക്കിളുമായോ എന്തെങ്കിലും ബന്ധം ശബരിമല ക്ഷേത്രപ്രവേശനത്തിന് ഇല്ല. ഇക്കാര്യത്തിന് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അത് അയ്യപ്പന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കാര്യമാണിത്.

അവിടുത്തെ പ്രതിഷ്ഠക്കൊരു പ്രത്യേകതയുണ്ട്. ഒരു പ്രത്യേക നാച്ചറിലാണ് പ്രതിഷ്ഠ ഇരിക്കുന്നത്. ഒരു നൈഷ്ഠിക ബ്രഹ്മചര്യം എന്നു പറയുന്നത് ആ ഒരു പ്രതിഷ്ഠയുമായി മാത്രം ബന്ധപ്പെട്ട കാര്യമാണ്. അവിടെ സ്ത്രീകൾ ബ്ലീഡിങ് ചെയ്യുകയാണോ എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും കാര്യമില്ല. യുവതികളുമായി യാതൊരു വിധത്തിലും വരാൻ പാടില്ലാത്ത വിധത്തിലുള്ള പ്രതിഷ്ഠയാണത്. അതുകൊണ്ട് യുവതി പ്രായത്തിലുള്ളവർ കയറാതിരിക്കുന്നതാണ് അവിടെയുള്ള പ്രതിഷ്ഠക്ക് നല്ലത്. ശബരിമല ക്ഷേത്രം എന്തുകൊണ്ട് മറ്റ് ക്ഷേത്രത്തിൽ നിന്നും വ്യത്യസ്തമായി നില്ക്കുന്നു എന്നതും അതുകൊണ്ടാണ്. വിശ്വാസികളായ സ്ത്രീകൾ അങ്ങോട്ടു വരില്ലെന്നു ദീപ വ്യക്തമാക്കി.

സുപ്രീം കോടതി വിധിക്കെതിരെ പൊട്ടിത്തെറിച്ചും കൊണ്ടാണ് ദീപ രാഹുൽ ഈശ്വർ തന്റെ നിലപാട് ചാനൽ ചർച്ചകളിൽ വ്യക്തമാക്കിയത്. ഒരു കാരണവശാലും മലകയറില്ല, പടി ചവിട്ടില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പോരാടുക തന്നെ ചെയ്യും. ആർട്ടിക്കിൾ 25 ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്നും ദീപ പ്രതികരിച്ചു. ജെല്ലിക്കെട്ടിനെതിരെ പോരാടിയത് പോലെ തന്നെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പോരാടും. മത വിശ്വാസം വ്രണപ്പെടുത്താൻ അനുവദിക്കില്ല, അതിനുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കും രാഹുൽ ഈശ്വറിനൊപ്പം ഭാര്യ പറഞ്ഞു. റിവ്യൂ പെറ്റീഷൻ നൽകും. എല്ലാ മത വിഭാഗവുമായി ചർച്ച നടത്തും. ആർട്ടിക്കിൾ 25 ദുർബലപ്പെടുത്തില്ല അവർ പറഞ്ഞു.

ഇന്നലെ സുപ്രീം കോടതിവിധി വന്നതിന് പിന്നാലെ തന്നെ രാഹുൽ ഈശ്വറിന്റെ ഭാര്യ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരുന്നു. തന്ത്രികുടുംബവും ഈ വിധിയിൽ നിരാശ രേഖപ്പെടുത്തുകയുണ്ടായി. വിശ്വാസികളുടെ താൽപര്യം അർഹിക്കുംവിധം പരിഗണിക്കപ്പെട്ടില്ല എന്നാണ് മൂവരുടേയും നിലപാട്. എന്നാൽ വിധി അംഗീകരിക്കുകയും പാലിക്കുകയും ചെയ്യുമെന്ന് ബോർഡ് അധ്യക്ഷൻ എ.പത്മകുമാറും തന്ത്രി കണ്ഠര് രാജീവരും പറഞ്ഞു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള നിയന്ത്രണം തുടരണമെന്ന് സുപ്രീംകോടതിയിൽ നിലപാടെടുത്ത പ്രധാനകക്ഷികളാണ് തിരുവിതാംകൂർ ദേവസ്വംബോർഡും തന്ത്രികുടുംബവും പന്തളം രാജകുടുംബവും. വിധി ഏറ്റവും പ്രയാസത്തിലാക്കിയത് അത് നടപ്പാക്കേണ്ട ചുമതലകൂടിയുള്ള ദേവസ്വംബോർഡിനെയാണ്.

ക്ഷേത്രത്തിന്റെ നിലനിൽപ്പിനാധാരമായ ആചാരങ്ങളിൽ ഭംഗം വരുന്നത് നിരാശയുണ്ടാക്കുന്നുവെന്ന് തന്ത്രി കണ്ഠര് രാജീവരുടെ പ്രതികരണം. എന്നാൽ പൗരനെന്ന നിലയിൽ വിധി മാനിക്കുന്നു. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പന്തളം രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചേക്കും. സുപ്രീംകോടതി വിധി നടപ്പാക്കുമ്പോൾ ആചാരങ്ങളിൽ വരുന്ന മാറ്റം ക്രമപ്പെടുത്തുകയും ഭക്തരെ ബോധ്യപ്പെടുത്തുകയും ചെയ്യാനുള്ള ബാധ്യതകൂടി സ്ത്രീപ്രവേശനത്തെ എതിർത്തവർക്ക് ഏറ്റെടുക്കേണ്ടിവരും.