മേപ്പയൂർ: കാണാതായ കൂനം വള്ളിക്കാവ് വടക്കേടത്ത് കണ്ടി ദീപക്കിനുവേണ്ടി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാലു സംഘങ്ങളായി തിരിഞ്ഞ് തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ദീപക് ജീവിച്ചിരിപ്പുണ്ടെന്നു തന്നെയാണു പൊലീസിന്റെ നിഗമനം.

വിദേശത്തു സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന ദീപക് ഇപ്പോൾ എറണാകുളം, തൃശൂർ ജില്ലകളിൽ എവിടെയോ സെക്യൂരിറ്റി ജോലി ചെയ്യുന്നുണ്ടെന്നു പൊലീസിനു സൂചനയുണ്ട്. ഇതേ തുടർന്നാണ് ഈ പ്രദേശങ്ങളിൽ വ്യാപക അന്വേഷണം നടത്തുന്നത്. ദീപക് ഒരു വർഷമായി നാട്ടിലുണ്ടായിരുന്നു. ജൂൺ 6ന് എറണാകുളത്ത് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നു പോയതാണ്. തിരിച്ചെത്താതിരുന്നതിനെ തുടർന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ദീപക്കിന്റേതെന്നു കരുതി ഇർഷാദിന്റെ മൃതദേഹം മാറി സംസ്‌കരിച്ചത്.

ഡി.എൻ.എ പരിശോധനയിലൂടെ മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് കണ്ടെത്തിയതോടെ ദീപക് എവിടെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. മരണപ്പെട്ടത് മകനല്ലെന്ന് അറിഞ്ഞതോടെ അമ്മ ശ്രീലതക്കും ബന്ധുക്കൾക്കും ദീപക്ക് തിരിച്ചു വരുമെന്ന നേരിയ പ്രതീക്ഷയും ഉണ്ട്. മേപ്പയ്യൂരിൽ ഒരു തുണികട നടത്തുകയായിരുന്ന ദീപക്ക് ജൂൺ ആറിനാണ് എറണാകുളത്ത് പോവുകയാണെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിറ്റേ ദിവസം അമ്മയെ ഫോൺ ചെയ്‌തെങ്കിലും പിന്നീട് ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് മേപ്പയ്യൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെ ജൂലൈ 17ന് തിക്കോടി കോടിക്കൽ കടപ്പുറത്ത് കണ്ടെത്തി മൃതദ്ദേഹം ദീപക്കിന്റേതാണെന്ന് കരുതി പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു. അവർ മൃതദേഹം തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്‌കരിക്കുകയും ചെയ്തു. മൃതദേഹം ജീർണിച്ചതു കൊണ്ട് തിരിച്ചറിയാൻ പ്രയാസമായിരുന്നു. എന്നാൽ മൃതശരീരത്തിന് ദീപക്കുമായി ഏറെ സാമ്യം തോന്നിയതു കൊണ്ട് ബന്ധുക്കൾ ഏറ്റുവാങ്ങുകയായിരുന്നു. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദിന്റെ മൃതദേഹമാണ് തിക്കോടി കടപ്പുറത്തു നിന്നും കണ്ടെത്തിയതെന്ന് ഡി.എൻ.എ പരിശോധനയിലൂടെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്.

ഇർഷാദിന്റെ കേസിൽ അറസ്റ്റിലായ വരിൽ നിന്ന് പൊലീസിനു ലഭിച്ച മൊഴിയാണ് ഡി.എൻ.എ പരിശോധനയിലേക്ക് നയിച്ചത്. ജൂലൈ 16ന് തലക്കുളത്തൂർ പുറക്കാട്ടിരി പാലത്തിൽ നിന്നും ഇർഷാദ് പുഴയിലേക്ക് ചാടിയെന്നായിരുന്നു മൊഴി. ഇത് ചില നാട്ടുകാരും സ്ഥിരീകരിച്ചതോടെ നടത്തിയ അന്വേഷണമാണ് ഇർഷാദിന്റെ തിരോധാനത്തിന്റെ ചുരുളഴിയാൻ കാരണമായത്. പ്രവാസിയായിരുന്ന ദീപക്കും സ്വർണക്കടത്ത് സംഘത്തിന്റെ വലയിൽ അകപ്പെട്ടിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അബുദാബിയിലായിരുന്ന ദീപക് ഒന്നര വർഷം മുമ്പാണ് നാട്ടിലെത്തിയത്.