കുന്നത്തുനാട്: ട്വന്റി-20 പ്രവർത്തകനായ ദീപുവിന്റെ കൊലപാതകത്തിൽ സാബു എം. ജേക്കബിന്റെ ആരോപണങ്ങൾ തള്ളി എംഎ‍ൽഎ പി.വി. ശ്രീനിജൻ. ഏതുതരം അന്വേഷണത്തെ നേരിടാൻ തയാറാണെന്ന് ശ്രീനിജൻ പറഞ്ഞു. കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും ഫോൺരേഖകൾ പരിശോധിക്കട്ടെയെന്നും ശ്രീനിജൻ പറഞ്ഞു.

'വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് സാബു ജേക്കബ് നടത്തുന്നത്. യാതൊരു ബന്ധവുമില്ലാത്ത കേസിൽ എന്നെക്കൂടി വലിച്ചിഴക്കുന്നതിനുള്ള ശ്രമങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. യാതൊരു പാടുമില്ലാതെ അതിവിദഗ്ദമായി മർദ്ദിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. അതിൽ നിന്ന് തന്നെ വ്യക്തമാണ് അത്തരത്തിലൊരു സംഭവം അവിടെ നടന്നിട്ടില്ല എന്നത്. സാബു ജേക്കബ് പറഞ്ഞ ആരോപണങ്ങൾ പൊലീസ് അന്വേഷിക്കട്ടെ. അന്വേഷണം നേരായ ദിശയിലാണ് പോകുന്നതെന്നാണ് ഞാൻ മനസിലാക്കുന്നത്,' ശ്രീനിജൻ പറഞ്ഞു.

'പ്രതികൾ ഒളിവിൽ പോയെന്നു പറയുന്നത് ശരിയല്ല. പരാതി കിട്ടി രാത്രിയിൽ തന്നെ പ്രതികളെ പിടികൂടിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരട്ടെ. ഞാൻ കിറ്റക്സിനെതിരെയും സാബു എം. ജേക്കബിനെതിരെയും എടുക്കുന്ന നിലപാടുകൾ അദ്ദേഹത്തെ ഭയപ്പെടുത്തുന്നു. കിറ്റക്സിന്റെ ജനദ്രോഹനടപടികൾക്കെതിരെ നിലപാടെടുത്തതാണ് ഞാൻ ചെയ്ത തെറ്റെന്നും ശ്രീനിജൻ വ്യക്തമാക്കി.

സാബു ജേക്കബ് പറയുന്നതുപോലെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്ന സ്ഥലമല്ല കുന്നത്തുനാട്. ദീപു മരിച്ച സംഭവത്തിൽ എനിക്കെതിരെ തെളുവുകളുണ്ടെങ്കിൽ അദ്ദേഹം പുറത്തു വിടട്ടെ. പ്രതികളെ പാർട്ടിപ്രവർത്തകരെന്ന നിലയിൽ എനിക്കറിയാം. എന്നാൽ സംഭവവുമായി ബന്ധമില്ല. എന്റെ ഫോൺരേഖകൾ പൊലീസ് പരിശോധിച്ചോട്ടെ,' അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീനിജന്റെ അറിവോടെ നടത്തിയതാണ് ദീപുവിന്റെ കൊലപാതകമെന്നാണ് സാബു എം. ജേക്കബ് ആരോപിച്ചത്. ദീപുവിനെ മർദ്ദിക്കാനാണ് സിപിഐ.എം പ്രവർത്തകർ അവിടെയെത്തിയത് അല്ലാതെ ബക്കറ്റ് പിരിവിനല്ല. വിളക്കണക്കൽ സമരത്തെ കുറിച്ച് പറയാൻ കോളനിയിലെ വീടുകൾ കയറി നടക്കുമ്പോൾ പതിയിരുന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നും സാബു പറഞ്ഞു.

പുറത്തേക്ക് യാതൊരു പരിക്കും ഏൽക്കാതെ ആന്തരികമായ ക്ഷതമേൽപ്പിക്കുന്ന മർദ്ദനമാണ് നടത്തിയതെന്നും ആന്തരികമായേറ്റ ക്ഷതമാണ് ദീപുവിന്റെ മരണത്തിന് കാരണമെന്നും സാബു പറഞ്ഞു. ശ്രീനിജൻ എംഎ‍ൽഎയാണ് കേസിലെ ഒന്നാം പ്രതി. രാഷ്ട്രീയ ബലവും, കോടതികളിൽ ഉള്ള സ്വാധീനവും ഉപയോഗിച്ച് ശ്രീനിജൻ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആർക്കും പരാതി പറയാൻ പോലും ധൈര്യം ഇല്ലെന്നും സാബു ആരോപിച്ചു.