ആലത്തൂർ: സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പു നടത്തിയ യുവാവ് പണമുണ്ടാക്കാൻ ഉപയോഗിച്ചത് സോഷ്യൽ മീഡിയയെ. സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെയും വീട്ടമ്മമാരെയും നിരീക്ഷിച്ച ശേഷമായിരുന്നു തട്ടിപ്പ്. തിരുവനന്തപുരം നെടുമങ്ങാട് കരിമ്പുഴ സ്വദേശി ദീപുകൃഷ്ണ(36)യെയാണ് ആലത്തൂർ പൊലീസ് അറസ്റ്റുചെയ്തത്. ബ്ലാക്ക് മെയിൽ മോഡൽ തട്ടിപ്പാണ് ദീപുകൃഷ്ണ നടത്തിയത്.

ആലത്തൂരിലെ യുവാവിനെയാണ് ദീപു ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചത്. ഇന്റർനെറ്റിൽ ആശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നതായി സൈബർ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നു പറഞ്ഞാണ് തെറ്റിധരിപ്പിക്കാൻ ശ്രമിച്ചത്. 20,000 രൂപ നൽകിയാൽ പുറത്താരുമറിയാതെ കേസ് ഒതുക്കിത്തീർക്കാമെന്നും പറഞ്ഞു. ഓപ്പറേഷൻ പി ഹണ്ടിലൂടെ പിടിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. യുവാവിനുണ്ടായ സംശയമാണ് ഇയാളെ പിടികൂടിയത്. ഇപ്പോൾ പണം കൈയിലില്ലെന്നും ശനിയാഴ്ച നൽകാമെന്നും പറഞ്ഞ് മടക്കി.

ശനിയാഴ്ച ഉച്ച കഴിഞ്ഞ് പണം വാങ്ങാൻ എത്തിയപ്പോൾ യുവാവും ബന്ധുക്കളും സമീപവാസികളുംചേർന്ന് ദീപുകൃഷ്ണയെ തടഞ്ഞ് ചോദ്യം ചെയ്തു. തട്ടിപ്പ് പൊളിഞ്ഞെന്ന് തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഓടിച്ചിട്ട് പിടികൂടി. തുടർന്ന്, സിഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പൊലീസെത്തി കസ്റ്റഡിയിൽ എടുത്തു. ഇതോടെയാണ് തട്ടിപ്പ് പുറംലോകത്ത് എത്തി.ത്.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ സമാനമായ എട്ട് കേസ് നിലവിലുണ്ട്. തിരുവനന്തരപുരം നെടുമങ്ങാട് പൊലീസ് രജിസ്റ്റർചെയ്ത കേസിൽ പിടികിട്ടാപ്പുള്ളിയാണ് ദീപു. ഗൾഫിൽ ജോലി ചെയ്തിരുന്ന ദീപു രണ്ടു വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ഇത്തരത്തിലെ തട്ടിപ്പ് തുടങ്ങിയത്.സാമൂഹിക മാധ്യമങ്ങളിലൂടെ പതിനെട്ടിനും ഇരുപതിനും മധ്യേ പ്രായമുള്ള യുവാക്കളെ കണ്ടെത്തും.

ഭർത്താക്കന്മാർ വിദേശത്ത് ജോലിചെയ്യുന്നതോ സ്ഥലത്തില്ലാത്തതോ ആയ വീട്ടമ്മമാരെയും ഇങ്ങനെ കണ്ടെത്തും. ഇവരുടെ വീട് തേടിപ്പിടിച്ചെത്തി യുവാക്കളോട് ഇന്റർനെറ്റിൽ അശ്ലീല വീഡിയോ കാണുന്നത് പൊലീസ് കണ്ടെത്തിയെന്നു പറഞ്ഞാണ് ഭീഷണി. വീട്ടമ്മമാരോട് അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ മുഖേന അശ്‌ളീല ഫോട്ടോ കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് തെറ്റിദ്ധരിപ്പിക്കുക. അതിന് ശേഷം കേസ് ഒതുക്കാൻ ഇടപെടലിന് പണം ചോദിക്കും.

എസ്‌പി. മുതൽ താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കണമെന്നു പറഞ്ഞാണ് പണം ആവശ്യപ്പെടുക. നിരവധി പേരെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറച്ചു പേർ മാത്രമാണ് പരാതി കൊടുത്തിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.