ശ്രീനഗർ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ കശ്മീരിലെത്തി. അതിർത്തിയിലെ സൈനിക പോസ്റ്റുകൾ സന്ദർശിക്കുന്ന പ്രതിരോധമന്ത്രി ലോകത്തെ ഏറ്റവും ഉയരംകൂടിയ സൈനിക താവളമായ സിയാച്ചിനിലും സന്ദർശനം നടത്തും.

നിയന്ത്രണരേഖയിലെയും, പാക് അധീന കശ്മീരിന് സമീപത്തെയും ചൈന അതിർത്തിയിലെയും ലഡാക്ക് മേഖലയിലെയും സൈനിക പോസ്റ്റുകൾ പ്രതിരോധമന്ത്രി സന്ദർശിക്കുമെന്ന് ഐ.എ.എൻ.എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും തന്ത്രപ്രധാനമായി കണക്കാക്കുന്ന പ്രദേശമാണ് സമുദ്രനിരപ്പിൽനിന്ന് 5,400 മീറ്റർ ഉയരത്തിലുള്ള സിയാച്ചിൻ. സൈനിക പോസ്റ്റുകൾ സന്ദർശിച്ചശേഷം കശ്മീരിലെ സൈനിക കമാൻഡർമാരുമായി നിർമല സീതാരാമൻ ചർച്ച നടത്തും.

കശ്മീരിലെ നിരവധി ഭീകരരെ സൈന്യത്തിന് വധിക്കാൻ കഴിഞ്ഞതിന് പിന്നാലെയാണ് പ്രതിരോധമന്ത്രി കശ്മീരിലെത്തുന്നത്. പ്രതിരോധമന്ത്രിയായി ചുമതല ഏറ്റെടുത്തശേഷം ആദ്യമായി കശ്മീരിൽ എത്തുന്ന നിർമല സീതാരാമനെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ചേർന്നാണ് സ്വീകരിച്ചത്.