ന്യൂഡൽഹി: വർഗ്ഗീയ സംഘർഷങ്ങൾക്ക് പിന്നാലെയുള്ള ഡൽഹിയിലെ ഒഴിപ്പിക്കൽ വിവാദം തുടരും. ജഹാഗീർപുരിയിലെ 'സി ബ്ലോക്ക്' എല്ലാ അർത്ഥത്തിലും പൊലീസ് നിയന്ത്രണത്തിലാണ്. ഈ പ്രദേശത്തേക്ക് പുറത്തു പോകാനോ അകത്തു കടക്കാനോ കഴിയാത്തവിധം പൊലീസ് വലയം തീർത്തു. ഇതോടെ പ്രദേശ വാസികൾ ജയിലിലായതിന് സമാന അവസ്ഥയിലായി.

വിവാദങ്ങൾക്ക് ബിജെപി മറുപടി നൽകിയിട്ടുണ്ട്. ജഹാംഗീർപുരിയിൽ നടന്നതു രോഹിൻഗ്യകളുടെയും ബംഗ്ലാദേശികളുടെയും കയ്യേറ്റം ഒഴിപ്പിക്കലാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്തയുടെ വിശദീകരണം. ഡൽഹിയുടെ മറ്റു ഭാഗങ്ങളിലും സമാനമായ രീതിയിൽ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ ആവശ്യപ്പെട്ട് ഈസ്റ്റ്, സൗത്ത് മുനിസിപ്പൽ കോർപറേഷനുകൾക്കു കത്തെഴുതുമെന്നും ആദേശ് ഗുപ്ത പറഞ്ഞു. ജഹാംഗീർപുരിയിൽ ഒഴിപ്പിക്കൽ ആവശ്യപ്പെട്ട് ആദേശ് ഗുപ്ത കത്തെഴുതിയതു വിവാദമായതോടെയാണു വിശദീകരണം.

ഡൽഹിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച ജഹാംഗീർപുരിയിൽ തത്സ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്. എന്നാൽ രാജ്യമാകെ നടക്കുന്ന കൈയേറ്റമൊഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യം കോടതി തള്ളി. കൈയേറ്റമൊഴിപ്പിക്കൽ തടയാൻ കോടതിക്ക് സാധിക്കില്ലെന്ന് ജസ്റ്റിസ് എൽ.നാഗേശ്വർ റാവു, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജഹാംഗീർപുരിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ബുധനാഴ്ച ഇറക്കിയ ഉത്തരവ് നിലനിൽക്കും. ഒഴിപ്പിക്കൽ നടപടികൾക്കെതിരായ ഹർജികളിൽ വടക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മറുപടി സമർപ്പിക്കണം. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും

ബുൾഡോസർ അരമതിൽ തകർന്ന പള്ളിക്കും സമീപത്തെ ചെറിയ ക്ഷേത്രങ്ങൾക്കും വൻ പൊലീസ് സംഘം കാവൽ നിൽക്കുകയാണ്. എല്ലാ റോഡുകളിലും പൊലീസ് ബാരിക്കേഡുണ്ട്. അഞ്ചായി തിരിച്ചിരിക്കുന്ന മേഖലയിൽ ഒരിടത്തു മാധ്യമങ്ങളെയും തടയുന്നു. ഡ്രോൺ ക്യാമറകളുമുണ്ട്. പൊലീസ് കൺട്രോൾ റൂം ഓരോ ചലനവും നിരീക്ഷിക്കുന്നു. ഇതിനിടയിലും സമീപപ്രദേശങ്ങളിൽ നിന്നു ചിലർ അവിടേക്ക് വന്നിട്ടുണ്ട്.

സി ബ്ലോക്കിനോടു ചേർന്ന കടകൾ തുറന്നിരിപ്പുണ്ടെങ്കിലും ആരും സാധനം വാങ്ങാനെത്തുന്നില്ല. രണ്ടാഴ്ച കാത്തിരിക്കാൻ സുപ്രീം കോടതി പറഞ്ഞതോടെ പ്രതിസന്ധി കനക്കുമെന്ന ആശങ്ക പലർക്കുമുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികൾ ഈ സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സിപിഎം സംഘവും സ്ഥലത്ത് എത്താനാണ് പദ്ധതി തയ്യാറാക്കുന്നത്. എന്നാൽ ആരേയും കടത്തി വിടില്ലെന്നാണ് ഡൽഹി പൊലീസിന്റെ തീരുമാനം.

അതിനിടെ 'ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് മേയറെ അറിയിച്ച ശേഷം നടന്ന എല്ലാ നടപടികളെയും ഗൗരവമായി കാണും. കയ്യേറ്റം ഒഴിപ്പിക്കലിന് ഒന്നാകെ സ്റ്റേ നൽകാനാകില്ലെന്നും സുപ്രീകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതു പ്രതികാര നടപടിയാണെന്നു വ്യക്തമാണ്. ഈ സംഭവങ്ങളിൽ ഉടനീളം ഒരുവിഭാഗം ആളുകളെയാണ് നോട്ടമിടുന്നത്. നോട്ടിസ് നൽകുന്നതുൾപ്പെടെ ഒരു നടപടിക്രമവും പാലിച്ചിട്ടില്ലെന്ന് ഹർജിക്കാരും പറയുന്നു.

സുപ്രീം കോടതിയുടെ നിർദ്ദേശം പാലിച്ചു പ്രശ്‌നബാധിത മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവച്ചുവെന്നും മറ്റു സ്ഥലങ്ങളിൽ കയ്യേറ്റം ഒഴിപ്പിക്കാൻ നോട്ടിസ് നൽകുന്നതുൾപ്പെടെ നടപടികൾ തുടരുമെന്നും നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനും അറിയിച്ചു. നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനും (എൻഡിഎംസി) മറ്റു കക്ഷികളും പുതിയ സത്യവാങ്മൂലം നൽകണമെന്നും ജസ്റ്റിസ് എൽ.നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്.

ഒരുവിഭാഗത്തിനെതിരെ പ്രതികാര നടപടിയായാണ് ബുൾഡോസറുകൾ ഉപയോഗിച്ചതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവിട്ട ശേഷവും ഇടിച്ചുനിരത്തൽ തുടർന്നുവെന്ന് സംഭവദിവസം സ്ഥലം സന്ദർശിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനു വേണ്ടി അഭിഭാഷകനായ പി.വി.സുരേന്ദ്രനാഥ് അറിയിച്ചു.

അതിനിടെ ഈ വിവാദത്തിൽ പ്രതിപക്ഷ വാദത്തെ തള്ളുകയാണ് ബിജെപി. രാജ്യമെങ്ങും മുസ്ലീങ്ങളുടെ വസ്തുവകകൾ ബിജെപി സർക്കാരുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കുകയാണെന്ന കപിൽ സിബലിന്റെയും ദുഷ്യന്ത് ദവെയുടേയും വാദത്തെ കോടതിയിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തുറന്നു കാട്ടിയെന്ന് ബിജെപി പറയുന്നു. ഒരു മത വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണ് നീക്കമെന്ന ആരോപണം തെറ്റാണ്. മധ്യപ്രദേശിൽ പൊളിച്ച അനധികൃത കെട്ടിടങ്ങളിൽ 88 എണ്ണം ഹിന്ദുക്കളുടേതാണ്. മുപ്പതിൽ താഴെ കെട്ടിടങ്ങൾ മാത്രമാണ് മുസ്ലീങ്ങളുടേതെന്നും വടക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് വേണ്ടി ഹാജരായ തുഷാർ മേത്ത വെളിപ്പെടുത്തി. ഹിന്ദുക്കളുടെ കെട്ടിടങ്ങളും ഒഴിപ്പിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് നാഗേശ്വര റാവു കപിൽ സിബലിനെയും ദുഷ്യന്ത് ദവെയെയും ഓർമ്മിപ്പിച്ചു.

ജഹാംഗീർപുരിയിലെ നടപ്പാതകളിലെ അനധികൃത നിർമ്മാണങ്ങൾ ജനുവരി മുതൽ ഒഴിപ്പിച്ചു തുടങ്ങിയിരുന്നു. രണ്ടാം ഘട്ടം ഫെബ്രുവരിയിലും മൂന്നാംഘട്ടം മാർച്ചിലും നടപ്പാക്കി. നാലാംഘട്ട ഒഴിപ്പിക്കലാണ് ഇപ്പോൾ നടന്നത്. നടപ്പാതകളിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. അതനുസരിച്ചുള്ള നടപടികളാണ് അവിടെ ഉണ്ടായിട്ടുള്ളതെന്നും തുഷാർ മേത്ത വിശദീകരിച്ചു. ഇതോടെയാണ് രാജ്യമാകെ നടക്കുന്ന അനധികൃത കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ തടയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.

ജഹാംഗീർപുരിയിൽ ഗുപ്തയുടെ ജ്യൂസ് കടയും സുമിത് സക്‌സേനയുടെ കടയും രമൺ ഝായുടെ പാൻഷോപ്പും അടക്കം മുനിസിപ്പൽ കോർപ്പറേഷൻ പൊളിച്ചു നീക്കിയിട്ടുണ്ട്. ജഹാംഗീർപുരിയിലെ ക്ഷേത്രത്തിന്റെ അനധികൃത നിർമ്മാണങ്ങൾ ഇന്നലെ ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി. എന്നാൽ ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ജഹാംഗീർപുരിയിൽ മുസ്ലീങ്ങളുടെ വീടുകൾ തെരഞ്ഞുപിടിച്ച് ബിജെപി സർക്കാർ പൊളിച്ചുനീക്കിയെന്ന വ്യാജ പ്രചാരണം അഴിച്ചുവിടുകയാണ്. ഈ നീക്കത്തിനാണ് ഇന്നലെ സുപ്രീംകോടതിയിൽ തിരിച്ചടി നേരിട്ടത്.