ന്യൂഡൽഹി: പിതാവിന്റെ ലൈംഗിക അതിക്രമത്തിന് ദൃക്സാക്ഷിയാകാൻ വിധിക്കപ്പെട്ടത് മകൾ. മധ്യഡൽഹിയിലെ കമല മാർക്കറ്റിന് സമീപം ഒരു പാർക്കിലാണ് സംഭവം. പിതാവ് എട്ടു വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കുന്നത് സംഭവസ്ഥലത്തിന് ഏതാനും മീറ്ററുകൾ അകലെ കളിച്ചുകൊണ്ടിരുന്ന മകൾ കാണുകയായിരുന്നെന്നാണ് പൊലീസ് പറയുന്നു.

വിഭാര്യനായ പ്രതി കമല മാർക്കറ്റിന് സമീപം രണ്ടു പെൺകുട്ടികൾക്കൊപ്പമാണ് താമസിച്ചിരുന്നത്. സമീപത്തെ ഒരു പൊതു ശൗചാലയത്തിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. സംഭവ ദിവസം മകൾക്കൊപ്പമാണ് ഇയാൾ പാർക്കിൽ എത്തിയത്.

മകൾ കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ സമയം പാർക്കിലെ എട്ടുവയസുള്ള ഒരു പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ ഇയാളുടെ മകൾ സംഭവത്തിന് ദൃക്സാക്ഷിയാണെന്ന് പൊലീസ് പറയുന്നു.

വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും അവർ പൊലീസിനെ സമീപിക്കുകയുമായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ ലൈംഗികാതിക്രമത്തിനും പോക്‌സോ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

പീഡനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടിയെ ശരീരപരിശോധനയ്ക്ക് വിധേയയാക്കി. പിതാവ് കുറ്റം ചെയ്യുന്നത് കണ്ടു നിന്നതിനാൽ പെൺകുട്ടിയെയും കൗൺസിലിങ്ങിന് വിധേയയാക്കി. എന്നാൽ പെൺകുട്ടി പിതാവിനെതിരായി ഇതുവരെ മൊഴി നൽകിയിട്ടില്ല.

കൗൺസിലിങ്ങിലൂടെ കുട്ടി പറയുമോ എന്ന് പൊലീസ് കാക്കുകയാണ്. കോടതിയുടെ നിർദേശ പ്രകാരം നടപടികൾ പൂർത്തീകരിക്കുകയാണെന്നും ഇരുപെൺകുട്ടികളെയും സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറ്റുകയാണ് ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.