ന്യൂഡൽഹി: ഭർത്താവിനെ കുത്തികൊലപ്പെടുത്തിയതിന് ശേഷം ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പുറംലോകത്തെ അറിയിച്ച യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. ഡൽഹിയിലെ ചത്തർപുര മേഖലയിലാണ് സംഭവം അരങ്ങേറിയത്.

വാടകയ്ക്ക് താമസിക്കുന്ന അപ്പാർട്ട്‌മെന്റിനുള്ളിൽ 37കാരനെയാണ് ഭാര്യ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം യുവതി തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട ഇവരുടെ വീട്ടുടമസ്ഥനായ അയൽവാസിയാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്.

ഇവർ വീടിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചുവെങ്കിലും അകത്ത് നിന്നും വാതിൽ പൂട്ടിയിരുന്നതിനാൽ അതിന് സാധിച്ചില്ല. തുടർന്ന് പൊലീസ് എത്തി വാതിൽ പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. ഭര്ത്താവിന്റെ മൃതദേഹത്തിനരികിൽ അബോധാവസ്തയില് കിടക്കുകയായിരുന്നു ഭാര്യ. ഇവരെ ഡൽഹി എയിംസ് ആശുപത്രിയിലേക്കു മാറ്റി. മധ്യപ്രദേശിലെ ഉജ്ജെയിന് സ്വദേശിനിയാണ് ഇവർ.

കൊലപാതക വിവരം പൊലീസ് സ്ഥിരീകരിച്ചു. 'വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നു. അപ്പാർട്ട്‌മെന്റിന്റെ തറയിലും ചുവരുകളിലും രക്തം പുരണ്ട നിലയിലായിരുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 37 കാരനായ യുവാവിന്റെ ശരീരത്തിലുടനീളം കുത്തേറ്റ മുറിവുകളുണ്ടെന്നും റിപ്പോർട്ടുണ്ട്. മൃതദേഹത്തിനടുത്തുള്ള കട്ടിലിലാണ് ഭാര്യയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. യുവതിക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.

ദമ്പതികൾ വ്യത്യസ്ത തലങ്ങളിൽ ഒരു ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. കുട്ടികളില്ലാത്തതിന്റെ പേരിൽ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 2013 മുതൽ ഛത്തർപൂർ എക്സ്റ്റൻഷൻ അപ്പാർട്ട്‌മെന്റിലാണ് ഇരുവരും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.