ന്യൂഡൽഹി: മഞ്ഞുകാലം വരവാകുകയും, അന്തരീക്ഷ മലിനീകരണം രൂക്ഷമാവുകയും ചെയ്തതോടെ പുകമഞ്ഞ് കെട്ടി തലസ്ഥാനനഗരി നിശ്ശബ്ദകൊലയാളിയായി മാറിയിരിരിക്കുകയാണ്.നിരവധി ഉന്നത മെഡിക്കൽ സ്ഥാപനങ്ങളുടെ പഠനത്തിൽ ഇതുവരെ ജനങ്ങൾ ജാഗരൂകരാകാതിരുന്ന പല ഗുരുതര പ്രശ്‌നങ്ങളും ശ്ര്ദ്ധയിൽ പെട്ടു. മാസം തികയാതെയുള്ള പ്രസവങ്ങൾ, സന്ധിരോഗങ്ങൾ, പക്ഷാഘാതത്തിനുള്ള സാധ്യതകൾ എന്നിവ ഏറിയിരിക്കുകയാണ്.

നഗരത്തിലെ അന്തരീക്ഷ മലിനീകരണ നിരക്ക് സുരക്ഷിത ലെവലിൽ നിന്ന് ഏറെ ഉയർന്നു കഴിഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്സ് 460 ആണ്. ശനിയാഴ്ച ഇത് 403 ആയിരുന്നു. പുകമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് രാജ്യതലസ്ഥാനത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തി വച്ചിരിക്കുകയാണ്.

ഇഷ്ടിക നിർമ്മാണ ശാലകളുടെ പ്രവർത്തനം നിർത്താനും ലോറികൾ സർവീസ് നിർത്തി വയ്ക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. മലിനീകരണം നിയന്ത്രിക്കുന്നതിന് ഡൽഹിയിൽ തിങ്കളാഴ്ച മുതൽ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ മുൻ നിയന്ത്രണം ഫലപ്രദമായിരുന്നുവെന്ന് തെളിയിക്കാതെ നിയന്ത്രണം അനുവദിക്കില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് വാഹന നിയന്ത്രണ നീക്കം താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.

മലിനീകരണം രൂക്ഷമായതിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് ഡോക്ടർമാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തരേന്ത്യയിലെ 30,000 സ്‌കൂളുകൾ അടച്ചു. യുനൈറ്റഡ് എയർലൈൻസിന്റെ വിമാനങ്ങൾ റദ്ദാക്കി. വരും ദിവസങ്ങളിൽ ഡൽഹിയിലെ മലിനീകരണം കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന.

2007 നും 2012 നും ഇടയിൽ ശ്രീഗംഗാറാം ആശുപത്രി അന്തരീക്ഷമലിനീകരണവും ജനനനിരക്കും തമ്മിലുള്ള ബന്ധം വിലയിരുത്താൻ 10,565 ജനനങ്ങൾ പരിശോധിച്ചിരു്ന്നു.പഠനത്തിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വസ്തുത ഇതാണ്: ഡൽഹിയിലെ വിഷവായൂ ഭ്രൂണങ്ങളുടെ വളർച്ചയെ ഗുരുതരമായി ബാധിക്കുന്നുവെന്ന് മാത്രമല്ല മാസം തികയാതെയുള്ള പ്രസവങ്ങൾക്കും വഴിവയ്ക്കുന്നു.

നഗരത്തിൽ അടുത്തിടെയുണ്ടായ പുകമഞ്ഞിനെ തുടർന്ന് ആശുപത്രി ഒപികളിലും തിരക്കേറി. തൊണ്ടവേദന, കണ്ണുനീറ്റൽ, ചുമ തുടങ്ങിയ അസുഖങ്ങളുമായാണ് ജനങ്ങൾ ആശുപത്രികളിലെത്തുന്നത്. നവജാത ശിശുക്കളെയും ഈ പ്രശ്‌നങ്ങൾ ഗുരുതരമായി ബാധിക്കുന്നുണ്ട്. പക്ഷേ അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നില്ലെന്ന്മാത്രം.

 

പൂർണമായും ഇരുണ്ട ഭാവിയാണ് നമ്മൾ കെട്ടിപ്പടുക്കുന്നെതെന്നും ഹ്രസ്വകാല പ്രശ്‌നങ്ങളേക്കാൾ ദീർഘകാല പ്രത്യാഘാതങ്ങളാണ് ്അധികൃതർ തിരിച്ചറിയേണ്ടെതെന്നും എസ്ജിആർഎച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലെ നിയോനേറ്റോളജി വിഭാഗം ചെയർപേഴ്‌സൺ ഡോ.ക്ലേർ അഭിപ്രായപ്പെട്ടു. ഏതായാലും ഡൽഹി ഭരണകൂടവും കേന്ദ്ര സർക്കാരും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന.