ന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂണിയന്റെ ഡൽഹി ഘടകത്തിനായി അനുവദിച്ച 25 ലക്ഷം രൂപയുടെ സർക്കാർ ഫണ്ടിൽ തിരിമറി നടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഇപ്പോഴത്തെ അക്കൗണ്ടിൽ നിന്ന് പണം മാറ്റാൻ തിരക്കിട്ട നീക്കങ്ങളുമായി ഭാരവാഹികൾ. പണം തിരിമറിയെ സംബന്ധിച്ച് യൂണിയൻ അംഗവും മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റുമായ വി.വി ബിനു നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുള്ളത്.

പരാതിയെ തുടർന്ന് കഴിഞ്ഞദിവസം വിജിലൻസ് ഉദ്യോഗസ്ഥർ എത്തി യൂണിയൻ ഭാരവാഹികളുടെ പേരിൽ ഫെഡറൽ ബാങ്ക് കൊണാട്ട് പ്‌ളെയ്‌സ് ബ്രാഞ്ചിലുള്ള അക്കൗണ്ടിന്റെ വിവരങ്ങൾ ശേഖരിച്ചു. ഇതിന് പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇത് മറികടക്കാൻ ഫണ്ട് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ നീക്കം തുടങ്ങിയതായാണ് ആരോപണം.

ഡൽഹി പ്രസ്‌ക്‌ളബ് സ്ഥാപിക്കുന്നതിനായാണ് സംസ്ഥാന സർക്കാർ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി യൂണിറ്റിന് 25 ലക്ഷം രൂപ 2012ൽ നൽകുന്നത്. ഡൽഹിയിൽ പ്രവർത്തിക്കുന്ന മലയാളി പത്ര പ്രവർത്തകരുടെ മാധ്യമപ്രവർത്തന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് തുക നൽകിയത്. എന്നാൽ തുക നൽകി അഞ്ചുവർഷം കഴിഞ്ഞിട്ടും ഈ പണം ഉപയോഗിച്ച് ഒരു പ്രവർത്തനവും നടത്തിയില്ലെന്ന് മാത്രമല്ല, ഇടയ്ക്കിടെ തുക പിൻവലിച്ച് സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി.

തുക ഇടയ്ക്കിടെ പിൻവലിച്ചതിനാൽ ന്യായമായി കിട്ടേണ്ട പലിശപോലും കിട്ടാത്ത സ്ഥിതിയുണ്ടെന്നും ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യം ജനറൽ ബോഡി യോഗത്തിൽ ഉന്നയിച്ചെങ്കിലും അക്കൗണ്ട് വിവരങ്ങൾ കൈമാറാൻ തയ്യാറാവാതെ പരാതി ഉന്നയിച്ച അംഗത്തിനെതിരെ പത്രപ്രവർത്തകരുടെ വാട്‌സ് ആപ് ഗ്രൂപ്പിൽ ജാതീയ അധിക്ഷേപം നടത്തുകയാണ് ചെയ്തത്. പണം തട്ടിപ്പും ജാതീയ അധിക്ഷേപവുമുൾപ്പെടെ ഡൽഹിയിലെ യൂണിറ്റിലെ പ്രശ്‌നങ്ങൾ ഇന്നലെ യൂണിയന്റെ സംസ്ഥാന സമ്മേളനത്തിൽ വൻ വാക്കുതർക്കങ്ങൾക്ക് കാരണമാവുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.

ഈ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ഫണ്ട് സർക്കാർ ഫ്രീസ് ചെയ്‌തേക്കുമെന്ന സൂചനകൾ ലഭിക്കുകയും ചെയ്തതോടെയാണ് ഉടൻ അക്കൗണ്ട് മാറ്റി തുക നിക്ഷേപിക്കാൻ നീക്കം നടക്കുന്നത്. ഡൽഹിയിൽ കേരള പ്രസ്‌ക്‌ളബ് രൂപീകരിക്കുമെന്ന് വ്യക്തമാക്കി പുതിയ പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ഡൽഹി യൂണിറ്റ് ഭാരവാഹികൾ. ഇതിന് സംസ്ഥാന ഘടകം അനുമതി നൽകിയതായും ദേശീയ മാധ്യമങ്ങളിലെ മലയാളികളെ കൂടി ഉൾപ്പെടുത്തി ക്‌ളബ് പ്രവർത്തിക്കുമെന്നും ഉടൻ ഇതിനായി ആശയവിനിമയും തുടങ്ങുമെന്നും വ്യക്തമാക്കി പ്രസിഡന്റ് തോമസ് ഡൊമിനിക്, സെക്രട്ടറി പി കെ മണികണ്ഠൻ എന്നിവർ അംഗങ്ങൾക്ക് സന്ദേശവും അയച്ചു.

ഫണ്ട് ഇത്രയും കാലം വിനിയോഗിക്കാതെ വച്ചതും അത് വകമാറ്റി ചെലവഴിച്ചതും വലിയ പ്രശ്‌നമായി മാറുകയും ഫണ്ട് ഒറ്റ ഫിക്‌സഡ് ഡെപ്പോസിറ്റായി വയ്ക്കാതെ പല ഡെപ്പോസിറ്റാക്കി ഇട്ട് ഇടയ്ക്കിടെ പിൻവലിച്ചതിനെ തുർന്ന് പലിശയിനത്തിൽ കിട്ടുമായിരുന്ന വൻ തുക നഷ്ടമാകുകയും ചെയ്‌തെന്നാണ് ആക്ഷേപം. പ്രസ്‌ക്‌ളബ് ഭാരവാഹികൾ ജനറൽ ബോഡി യോഗത്തിൽ സമർപ്പിച്ച വരവുചെലവ് കണക്കും ബാങ്ക് സ്റ്റേറ്റ് മെന്റും തമ്മിൽ എട്ടുലക്ഷം രൂപയുടെ വ്യത്യാസം കണ്ടതിനെ തുടർന്നാണ് ഇക്കാര്യം വലിയ വിവാദത്തിന് വഴിവച്ചത്. ഇതേത്തുടർന്നാണ് മനോരമ അംഗം വി.വി ബിനു പരാതി നൽകുന്നതും അതിൽ സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുള്ളതും.

മുൻപ് ട്രഷറർ ആയിരുന്ന മണികണ്ഠനാണ് ഇപ്പോൾ യൂണിറ്റിന്റെ സെക്രട്ടറി. പ്രസൂൻ എസ് കണ്ടത്താണ് ഇപ്പോൾ ട്രഷറർ. രണ്ടുവർഷത്തോളം അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് മണികണ്ഠൻ ആണെന്നും ബിനു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിജിലൻസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ അക്കൗണ്ട് ഉടൻ മരവിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ നിന്ന് രക്ഷപ്പെടാൻ ഫണ്ട് പ്രസ്‌ക്‌ളബ് രൂപീകരിക്കാൻ സംസ്ഥാന സമിതി അനുമതി നൽകിയെന്ന് കാട്ടി പുതിയ അക്കൗണ്ട് രൂപീകരിച്ച് മാറ്റാൻ നീക്കം നടക്കുന്നതായാണ് സർക്കാർ ഫണ്ട് തട്ടിപ്പിന് എതിരെ നിലകൊള്ളുന്ന അംഗങ്ങൾ പറയുന്നു.