ന്യൂഡൽഹി: മലയാളി വിദ്യാർത്ഥി രജതിനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഘത്തിൽ നാലുപേരുണ്ടായിരുന്നതായി ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തൽ. പാന്മസാല കടയുടമയും മക്കളുമുൾപ്പെടെ നാലുപേർ ചേർന്നാണ് രജതിനെയും സുഹൃത്തുക്കളേയും വലിച്ചിഴച്ചുകൊണ്ടുപോയി മർദ്ദിച്ചതെന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്. സംഭവം നേരിട്ടുകണ്ട പലരും ഇക്കാര്യത്തിൽ പ്രതികരിക്കാനോ പൊലീസിന് മൊഴി നൽകാനോ ഭയക്കുന്നതായാണ് റിപ്പോർട്ടുകൾ.

നാലംഗ സംഘമാണ് കൊല്ലപ്പെട്ട രജത്തിനെ മർദ്ദിച്ചതെന്നും ദൃക്‌സാക്ഷികൾ ചാനൽ റിപ്പോർട്ടർമാരോട് രഹസ്യമായി പ്രതികരിക്കുകയായിരുന്നു. രജത്തിനെ വലിച്ചിഴച്ച് കൊണ്ടുപോയ വഴിയുടെ സമീപത്തെ കടയിലെ ആളുകളും മർദ്ദിച്ച് കൊലപ്പെടുത്തിയ പാർക്കിന് സമീപത്തെ ദൃക്‌സാക്ഷിയും കാമറ കണ്ടതോടെ പ്രതികരിച്ചില്ലെന്നും കാമറ ഓഫ് ചെയ്യാം എന്നു പറഞ്ഞതോടെ രഹസ്യമായി പ്രതികരിക്കുകയായിരുന്നെന്നും ചാനൽ വ്യക്തമാക്കുന്നു.

ഒരു പാന്മസാല കടയുടമയ്ക്കു വേണ്ടി കേസ് വഴിതിരിച്ച് വിടാൻ പൊലീസ് ശ്രമിക്കുന്നതായും ആരോപണമുയരുന്നുണ്ട്. പ്രതികൾക്കുവേണ്ടി മാഫിയാ സംഘങ്ങൾ രംഗത്തുണ്ടെന്ന സൂചനകളെ തുടർന്ന് സാക്ഷികൾക്ക് സംരക്ഷണം നൽകാൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട. ഇതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശത്തെ മലയാളി സംഘടനകളുടെ പ്രതിഷേധ യോഗം ഇന്ന് മയൂർവിഹാറിൽ നടക്കും

അതേസമയം കേസിലെ പ്രതികളെ രക്ഷിക്കാൻ ഡൽഹി പൊലീസ് ശ്രമിക്കുന്നതായുള്ള ആരോപണം ശക്തമാണ്. കേസിലെ മുഖ്യ പ്രതി അലോകിനെ ഒരാഴ്ചത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എട്ടാം തീയതി വീണ്ടും കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയായിട്ടില്ലെന്ന അലോകിന്റെ വാദം തെറ്റാണെന്നു രേഖകൾ പരിശോധിച്ച് കണ്ടെത്തുകയായിരുന്നു. ദുർഗുണ പരിഹാര പാഠശാലയിൽ പാർപ്പിച്ചിരുന്ന ഇയാളെ ഇതോടെ കോടതിയിൽ ഹാജരാക്കി. പ്രായം എത്രയെന്ന് സ്ഥിരീകരിക്കാൻ എല്ലുപരിശോധന നടത്താനും ആലോചനയുണ്ട്.

കേസിലെ മറ്റൊരു പ്രതിയായ പ്രായപൂർത്തിയാകാത്ത സഹോദരനെ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതിയിൽ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രജതിന്റെ കുടുംബം കോടതിയിൽ പ്രത്യേക അപേക്ഷ സമർപ്പിച്ചേക്കും. അലോകിന്റെ സഹോദരന് 17 വയസ്സാണു പ്രായം. ബാലനീതി അവകാശ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കൊലപാതകം, മാനഭംഗം, കൊള്ള തുടങ്ങിയ ഹീന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന 16 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ വിചാരണ കോടതിയിൽ നടത്താം.

അതേസമയം, സംഭവം നടന്നു ദിവസങ്ങൾ പിന്നിട്ടിട്ടും യഥാർത്ഥ കൊലപാതക കാരണം കണ്ടെത്താതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്. മോഷണം ആരോപിച്ച് പാൻകടയുടമയുടെ മക്കൾ രജതിനെ ആക്രമിച്ചെന്നാണു കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുള്ളത്. പക്ഷേ, കൊലപ്പെടുത്താൻ മാത്രം വൈരമുണ്ടാവാൻ ഇത് കാരണമായെന്ന് കരുതാനാകില്ലെന്ന് പ്രദേശത്തെ മലയാളികൾ പറയുന്നു.
പ്രതികളുടെ പിതാവ് ദിനേശിനു സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്.

എന്നാൽ പ്രാഥമിക അന്വേഷണത്തിൽ ഇതിനു തെളിവില്ലെന്നാണു പൊലീസിന്റെ നിലപാട്. മരണം സ്വാഭാവികമല്ലെന്നാണു പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എന്നാൽ, ശരീരത്തിൽ ബാഹ്യ മുറിവുകളൊന്നും കണ്ടെത്താനായിട്ടില്ല. രജതിന്റെ രഹസ്യ ഭാഗത്ത് മർദനമേറ്റ പാടുകളുണ്ടെന്നു മെഡിക്കൽ റിപ്പോർട്ട് പറയുന്നു. ആന്തരികാവയവ പരിശോധനാ ഫലം വന്നാലേ മരണ കാരണത്തെക്കുറിച്ച് വ്യക്തത വരൂ. കേസിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പു വരുത്താൻ അടിയന്തരമായി ഇടപെടണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു.