ബ്രിട്ടനിൽ ഡിപ്പാർട്ട്മെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് ( ഡിഎഫ്ഐഡി)എന്ന പേരിൽ ഒരു വകുപ്പുണ്ട്. വിദേശ ഇടപാടുകൾക്ക് കൈക്കൂലി കൊടുക്കാൻ വേണ്ടി മാത്രമുള്ള വകുപ്പാണിത്. ഇന്ത്യൻ വംശജയായ പ്രീതി പട്ടേലാണീ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി. ബ്രിട്ടനുമായി ബ്രെക്സിറ്റിന് ശേഷം ആകർഷകമായ വ്യാപാരക്കരാറുകൾ ഒപ്പ് വയ്ക്കാനായി 11 ബില്യൺ പൗണ്ടിന്റെ എയ്ഡ് ഫണ്ട് ചെലവാക്കുമെന്നാണ് പ്രീതി പട്ടേൽ അടുത്തിടെ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് കച്ചവടം ഉറപ്പിക്കാനായി മാത്രമാണ് ഇനി എയ്ഡ് ഫണ്ടെന്ന് അവർ വ്യക്തമാക്കിയിരിക്കുകയാണ്.

ലീവ് കാംപയിനിലെ തിളങ്ങുന്ന താരമായിരുന്ന പ്രീതി പട്ടേൽ താൻ ഇപ്പോൾ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ ശക്തയായ വിമർശകയെന്ന പേരിലും കുറച്ച് കാലം മുമ്പ് വരെ ശ്രദ്ധ നേടിയിരുന്നു. അതിന്റെ ഭാഗമായി ഈ വകുപ്പ് തന്നെ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടവരുടെ കൂട്ടത്തിൽ മുൻനിരയിലായിരുന്നു പ്രീതിയുടെ സ്ഥാനം. അവസാനം തെരേസ ഈ വകുപ്പ് തന്നെ കൈകാര്യം ചെയ്യാൻ പ്രീതിയെ നിയോഗിച്ചത് വിചിത്രമായ കാര്യമാണ്. എന്നാൽ ഇപ്പോൾ ഈ വകുപ്പിന്റെ മന്ത്രിയെന്ന നിലയിൽ രാജ്യത്തെ ജിഡിപിയുടെ 0.7 ശതമാനവും ദരിദ്ര രാജ്യങ്ങളെ സഹായിച്ച് അവയെ ബ്രിട്ടന്റെ കൂടെ നിർത്താനുപയോഗിക്കാനാണ് പ്രീതി തീരുമാനിച്ചിരിക്കുന്നത്.

ഇത്തരം അന്താരാഷ്ട്ര സഹായങ്ങൾ ലഭ്യമാക്കുന്നതിലൂടെ വിവിധ ലോക രാജ്യങ്ങളിലെ നേതാക്കന്മാരെ എളുപ്പത്തിൽ ബ്രിട്ടന്റെ കൂടെ നിർത്താൻ സാധിക്കുന്നുവെന്നാണ് പ്രീതിയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.ഇതിലൂടെ നിലവിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തി നല്ല വ്യാപാരക്കരാറുകളിൽ എത്തിച്ചേരാൻ സാധിക്കുമെന്നും പ്രീതിപട്ടേൽ വ്യക്തമാക്കുന്നു. ലോകത്തിൽ ബ്രിട്ടന്റെ സ്ഥാനം മെച്ചപ്പെടുത്താൻ ഡിഎഫ്ഐഡിയെ ഉപയോഗിക്കാമെന്നാണ് വകുപ്പിനോട് അടുത്ത ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. ഇതിലൂടെ ബ്രിട്ടന്റെ എയ്ഡ് ബജറ്റിൽ പുതിയൊരു രീതി ആവിർഭവിക്കുകയും ചെയ്യുന്നതാണ്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ബ്രിട്ടനിൽ വിവിധ മേഖലകളിൽ അനുവദിക്കുന്ന ഫണ്ട് കാമറോണും ഒസ്ബോണും വെട്ടിച്ചുരുക്കിയിരുന്നെങ്കിലും വിദേശരാജ്യങ്ങളെ സഹായിക്കുന്നതിന് പണം വകയിരുത്തുന്നതിൽ ഇരുവരും ഒട്ടും പുറകിലായിരുന്നില്ല. ഇത്തരത്തിൽ ബില്യൺ കണക്കിന് പൗണ്ട് വിദേശ രാജ്യങ്ങളെ സഹായിക്കുന്നതിനായും ഇതിന് പുറമെ 10 ബില്യൺ പൗണ്ട് ബ്രസൽസിന് നൽകിയിട്ടും കാമറോൺ ഇത്തരം സഹായങ്ങളെ ബ്രിട്ടന്റെ വ്യാപാര ബന്ധങ്ങളെ മെച്ചപ്പെടുത്തുന്നതിന് ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. ഉദാഹരണമായി കാമറോണിന്റെ കാലത്ത് ഇന്ത്യക്ക് ബ്രിട്ടനിൽ നിന്നും മില്യൺ കണക്കിന് പൗണ്ട് സഹായം ലഭിച്ചിരുന്നു. എന്നാൽ പോർവിമാനങ്ങൾ ആവശ്യമായി വന്നപ്പോൾ ഇന്ത്യ ഫ്രാൻസിനാണിതിന്റെ ഓർഡർ നൽകിയിരുന്നത്. ഇത് അന്ന് പരക്കെ വിമർശനമുയർത്തിയ നീക്കമായിരുന്നു.

ഈ ഒരു സാഹചര്യത്തിലാണ് ബ്രിട്ടൻ നൽകുന്ന ധനസഹായം രാജ്യത്തിനുള്ള വ്യാപാരക്കരാറുകൾക്ക് പരമാവധി ഗുണകരമാകുന്ന വിധത്തിൽ ഉപയോഗിക്കാൻ പ്രീതി പട്ടേൽ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സഹായങ്ങൾ നൽകുന്ന സംസ്‌കാരം അടിമുടി മാറ്റാനും അതിനെ വ്യാപാരക്കരാറുകളുമായ് ബന്ധിപ്പിക്കാനും പുതിയ മന്ത്രി ശ്രമിക്കുന്നത്. ബ്രസൽസിൽ നിന്നും ബ്രിട്ടൻ സ്വതന്ത്രമാകുന്നതോടെ പുതിയ നയം യൂണിയന് പുറത്തുള്ള നിരവധി രാജ്യങ്ങളിൽ ഫലപ്രദമായി നടപ്പിലാക്കാനാകുമെന്നാണ് പ്രീതി പ്രതീക്ഷിക്കുന്നത്. ബ്രെക്സിറ്റിന് ശേഷം 27 രാജ്യങ്ങൾ നിലവിൽ ബ്രിട്ടനുമായി വ്യാപാരക്കരാറുകളിൽ ഏർപ്പെടാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ബ്രിട്ടനിൽ നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുന്നവയുമാണ്. ബ്രിട്ടന് സാധ്യമായ മികച്ച വ്യാപാരക്കരാറുകൾ നേടിയെടുക്കുന്നത് ഉറപ്പിക്കാനായി പ്രീതി പട്ടേൽ ട്രേഡ് സെക്രട്ടറി ലിയാം ഫോക്സുമായി വിശദമായ തന്ത്രങ്ങളാണ് തയ്യാറാക്കുന്നത്.