കോഴിക്കോട്: കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന ത്രികാല ജ്ഞാനികളാണോ ദേശാഭിമാനി പത്രത്തിലുള്ളത്. പൊതുപണിമുടക്ക് ദിനമായ ബുധനാഴ്ച പുലർച്ചെ വീടുകളിൽ എത്തിയ പത്രത്തിൽ കേരളം നിശ്ചലമായി എന്ന തലക്കെട്ടിലാണ് ദേശാഭിമാനി പൊതുപണിമുടക്ക് വാർത്തകൾ നൽകിയിട്ടുള്ളത്. സ്തംഭിക്കുന്നതിന് മുമ്പേതന്നെ കേരളത്തെ സ്തംഭിപ്പിച്ച, ദേശാഭിമാനി പത്രത്തെ പരിഹരിച്ചുകൊണ്ട് ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിവധി പോസ്റ്റ്കൾ വന്നു. പൊതുപണിമുടക്ക്, ഹർത്താൽ തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ എല്ലാ പത്രങ്ങളും തലേന്ന് നേരത്തെ പ്രിന്റ് ചെയ്യറുണ്ട്. അതിനനുസരിച്ച് തന്നെയാണ് ആ ദിവസം പത്രങ്ങളിൽ വാർത്തകളും പ്രത്യക്ഷപ്പെടാറ്. എന്നാൽ ആവേശംമൂത്ത് ഒരുമുഴം മുമ്പേ നീട്ടിയെറിഞ്ഞതാണ് സിപിഐ(എം) മുഖപത്രത്തിന് വിനയായത്.

ദേശീയ പണിമുടക്കിൽ കേരളം നിശ്ചലം; വ്യവസായവ്യാപാര മേഖലയും ഗതാഗതവും പൂർണ്ണമായും സ്തംഭിച്ചു, കൊച്ചി തുറമുഖം, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ, ചെറുകിട തുറമുഖങ്ങൾ, കൊച്ചി കപ്പൽ നിർമ്മാണ ശാല തുടങ്ങിയ പ്രമുഖ വ്യവസായശാലകളിലും പൊതുമേഖലാ വ്യവസായങ്ങളിലും പണിമുടക്ക് ആരംഭിച്ചു, പരമ്പരാഗത വ്യവസായ മേഖല, നിർമ്മാണ മേഖല, കൊച്ചി സാമ്പത്തിക മേഖല എന്നിവ നിശ്ചലമായി. ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, ഐ ടി വ്യവസായ മേഖലകളിലും ജീവനക്കാർ പണിമുടക്കിലാണ് എന്നൊക്കെയാണ് ബുനനാഴ്ചത്തെ ദേശാഭിമാനി പത്രത്തിലെ വാർത്തകൾ. എന്നാൽ ജനം ഇത് വായിക്കുന്ന നേരത്ത് ടെക്‌നോപാർക്ക്, ഇൻഫോ പാർക്ക് എന്നിവടങ്ങളിൽ ഭൂരിഭാഗം ജീവനക്കാരും ജോലിക്കത്തെുകയും പ്രവർത്തനം സുഗമമായി നടക്കുകയുമാണ് ഉണ്ടായത്. എന്നാൽ ചൊവ്വാഴ്ച രാത്രിതന്നെ ഇതെല്ലാം നിശ്ചലമായി എന്ന് മുൻകൂട്ടി എഴുതിവിടുകയാണ് ദേശാഭിമാനി ചെയ്തത്.

സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും, ബാങ്കുകൾ, ഇൻഷൂറൻസ് ഓഫീസുകൾ തുടങ്ങിയവയെല്ലാം പണിമുടക്കുമൂലം പ്രവർത്തിക്കുന്നില്ല എന്നും ബുധനാഴ്ചയിലെ ദേശാഭിമാനിയിലുണ്ട്. ഇടത് സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിന് ഊർജം പകരുന്ന വാർത്തകൾ തന്നൊണ് സ്വാഭാവികമായും ദേശാഭിമാനിയിൽനിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷെ രാവിലെ ഒമ്പതിനും പത്തിനുമെല്ലാം പ്രവർത്തനം ആരംഭിക്കുന്ന സ്ഥാപനങ്ങൾ നിശ്ചലമായിക്കിടക്കുന്നു എന്ന് അതിനും എത്രയോ നേരത്തെ എഴുതി വിടുന്നത് ശരിയാണോ എന്നാണ് വിമർശകരുടെ ചോദ്യം.

കാലവും ആധുനിക സാങ്കതേിക വിദ്യകളും വാർത്താ മാദ്ധ്യമങ്ങളും ഏറെ മുന്നോട്ട് പോയ കാലത്ത് മുൻകൂട്ടി ഇങ്ങനെ വാർത്തകൾ എഴുതിവിടുന്നത് ശരിയായില്ല എന്നും, നിശ്ചലമാകും എന്ന രീതിയിൽ വാർത്ത നൽകുന്നതല്ലേ ശരിയെന്നും ഇടത് അനുഭാവികൾ തന്നെ സോഷ്യൽമീഡിയയിൽ വിമർശനം ഉയർത്തുന്നു. നടക്കാനിരിക്കുന്ന ഒരു കാര്യം നടന്നു എന്ന് മുൻകൂട്ടി എഴുതിവിടാതെ നടക്കും എന്ന് എഴുതുന്നതാണ് മാദ്ധ്യമ ധർമ്മമെന്നും ചിലർ ചോദിക്കുന്നു.