തിരുവനന്തപുരം: പ്രളയത്തിൽ മുങ്ങിയ നാടിനെ വീണ്ടെടുക്കാൻ നവകേരള നിർമ്മാണത്തിനായി ഫണ്ട് ശേഖരിക്കാൻ വിദേശത്തേക്ക് പോകാനുള്ള അനുമതി മന്ത്രിമാർക്ക് കേന്ദ്രസർക്കാർ നിഷേധിച്ചത് വിവാദമായിരുന്നു. എന്നാൽ, വിദേശത്തേക്ക് പറക്കുന്ന കാര്യത്തിൽ പിന്നിലൊന്നുമല്ല നമ്മുടെ മന്ത്രിമാർ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇക്കാര്യത്തിൽ മുമ്പൻ. 15 മന്ത്രിമാർ 40 തവണ വിദേശ യാത്ര നടത്തി. പിണറായി ആറുതവണ വിദേശത്തേക്കു പറന്നു. മൂന്നുതവണ അമേരിക്ക സന്ദർശിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി രണ്ടുതവണ യുഎഇയിലും ഒരു തവണ ബഹ്‌റൈനിലും സന്ദർശനം നടത്തി.

മുഖ്യമന്ത്രിക്ക് തൊട്ടുപിന്നിലായി അഞ്ചുതവണ വിദേശയാത്ര നടത്തിയ വി എസ്.സുനിൽകുമാറും കടകംപള്ളി സുരേന്ദ്രനുമുണ്ട്. സുനിൽകുമാറിന്റെ 5 യാത്രകളും സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു. യുഎഇ, ശ്രീലങ്ക, ഇറ്റലി, അമേരിക്ക, ഒമാൻ എന്നീ രാജ്യങ്ങളിലേക്കാണ് യാത്ര നടത്തിയത്.

അഞ്ച തവണയായി ഏഴു രാജ്യങ്ങളിലാണ് കടകംപള്ളി സുരേന്ദ്രൻ യാത്ര ചെയ്തത്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, യുഎഇ എന്നിവിടങ്ങളിലേക്ക് ഔദ്യോഗിക യാത്രകൾ നടത്തിയ അദ്ദേഹം വത്തിക്കാനിലേക്കും അമേരിക്കയിലേക്കും സ്വകാര്യ ആവശ്യങ്ങൾക്കായി സഞ്ചരിച്ചു. മന്ത്രി കെ.രാജുവിന്റെ 2 യുഎഇ യാത്രകളും ഒരു ജർമനി യാത്രയും സ്വകാര്യ ആവശ്യത്തിനായിരുന്നു.

മൂന്നുതവണയായി നാലു രാജ്യങ്ങളിലാണ് മന്ത്രി കെ.കെ.ശൈലജ യാത്ര നടത്തിയത്. ബ്രിട്ടൻ, തായ്ലൻഡ്, ശ്രീലങ്ക യാത്രകൾ ഔദ്യോഗിക ആവശ്യങ്ങൾക്കും യുഎഇ യാത്ര സ്വകാര്യ ആവശ്യത്തിനുമായിരുന്നു. തോമസ് ഐസക്കും എ.കെ.ബാലനും ടി.പി.രാമകൃഷ്ണനും 3 തവണ വിദേശയാത്ര നടത്തി. മേഴ്‌സിക്കുട്ടിയമ്മ, എ.കെ.ശശീന്ദ്രൻ എന്നിവർ 2 തവണയാണ് വിദേശത്തുപോയത്. കെ.ടി.ജലീൽ റഷ്യയിലേക്കും മാത്യു. ടി.തോമസ് വത്തിക്കാനിലേക്കും ഓരോ തവണ ഔദ്യോഗികാവശ്യത്തിനു യാത്ര നടത്തി. ജി. സുധാകരൻ ഖത്തറിലേക്കും രാജിവയ്ക്കുന്നതിനുമുൻപ് തോമസ് ചാണ്ടി കുവൈത്തിലേക്കും സ്വകാര്യ ആവശ്യത്തിന് ഒരു തവണ യാത്ര നടത്തി. വിവരാവകാശരേഖകൾ പ്രകാരമാണ് വിവരങ്ങൾ പുറത്തുവന്നത്.

അടുത്തിടെ നവകേരള നിർമ്മാണത്തിനായി വിദേശത്തേക്കുള്ള 17 മന്ത്രിമാരുടെ യാത്ര റദ്ദായിരുന്നു. നേരത്തേ കർശന ഉപാധികളോടെ മുഖ്യമന്ത്രിക്കു കേന്ദ്രം അനുമതി നൽകിയിരുന്നു. ചീഫ് സെക്രട്ടറിയുടെ കത്തിന്മേൽ അനുകൂല നിലപാടുണ്ടാകുമെന്നു കരുതിയെങ്കിലും തെറ്റി.