കൊല്ലം: ബിനോയ് കോടിയേരിയും എൻ.വിജയൻപിള്ള എംഎൽഎയുടെ മകൻ ശ്രീജിത്തും കോടികൾ കടമായി വാങ്ങിയത് ഒരേ കമ്പനിയിൽനിന്ന്. ഹസൻ ഇസ്മായിൽ അബ്ദുല്ല അൽ മർസൂഖിയുടെ ഉടമസ്ഥതയിലുള്ള ജാസ് ടൂറിസം കമ്പനിയിൽനിന്ന്. ഇതേ കമ്പനിയിലെ പാർട്ണർ കൂടിയായ രാഹുൽ കൃഷ്ണയുമായുള്ള പരിചയം മുതലെടുത്താണു ശ്രീജിത്ത് 11 കോടി രൂപ വാങ്ങിയത്.

ദുബായിൽ ബീറ്റ്‌സ് ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയിൽ മാൻ പവർ സപ്ലയർ കൂടിയായിരുന്നു ശ്രീജിത്ത്. സാമ്പത്തികബാധ്യതയെ തുടർന്നു തൊഴിലാളികൾക്കു വേതനം നൽകാനാണു പണം കടം വാങ്ങിയതെന്നാണു രാഹുലിന്റെ പരാതിയിൽ പറയുന്നത്. കഴിഞ്ഞ മേയിൽ ചവറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്‌ഐആറിലുള്ളത്. തൊഴിലാളികൾക്കു കൃത്യമായി വേതനം നൽകിയില്ലെങ്കിൽ ഗൾഫിലെ തന്റെ മറ്റു വ്യവസായങ്ങൾക്കു തിരിച്ചടിയാകും, പിതാവ് വിജയൻപിള്ളയും പിതൃസഹോദരന്മാരും നടത്തിവരുന്ന വ്യവസായങ്ങളുടെ സൽപേരിനെ ബാധിക്കും എന്നൊക്കെ വിശ്വസിപ്പിച്ചാണു പണം കൈക്കലാക്കിയതെന്നും പരാതിയിലുണ്ട്.

2013 മുതൽ പലപ്പോഴായി വാങ്ങിയ പണം 2015 ജൂണിനു മുൻപു തിരിച്ചുനൽകാമെന്നായിരുന്നു ഉറപ്പ്. തന്റെ പേരിൽ ചവറയിലുള്ള ഭൂമി വിറ്റോ പണയംവച്ചോ പണം നൽകാമെന്നായിരുന്നു ധാരണ. എന്നാൽ ഈ കാലാവധിക്കു മുൻപേ ശ്രീജിത്ത് മുങ്ങി. ശ്രീജിത്തിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടാൻ ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ നിർദ്ദേശം നൽകിയതായാണു വിവരം.

കൊല്ലം നഗരത്തിലെ ബാങ്കിന്റെ 10 കോടി രൂപയുടെ ചെക്ക് ശ്രീജിത്ത് 2016 ഏപ്രിലിൽ രാഹുൽ കൃഷ്ണനു നൽകി. ചെക്ക് നൽകിയതിനു പിന്നാലെ ശ്രീജിത്ത് ഈ അക്കൗണ്ട് നിർത്തി. ഇതോടെയാണ് ചെക്ക് മടങ്ങിയത്. ചെക്ക് മടങ്ങിയതോടെ രാഹുൽ കൃഷ്ണൻ നൽകിയ കേസ് ഇപ്പോൾ മാവേലിക്കര കോടതിയുടെ പരിഗണനയിലാണ്. പണം ആവശ്യപ്പെട്ടു രാഹുലും ബന്ധുക്കളും സമീപിച്ചപ്പോൾ ഉടൻ തീർപ്പാക്കാമെന്ന് എൻ.വിജയൻപിള്ള എംഎൽഎ പറഞ്ഞെങ്കിലും നടന്നില്ലെന്നു രാഹുൽ ചവറ പൊലീസിൽ നൽകിയ പരാതിയിലുണ്ട്. രാഹുൽ പരാതിയുമായി മുഖ്യമന്ത്രിയെയും ഡിജിപിയെയും കാണാനിരിക്കെയാണ് തട്ടിപ്പു വിവരം പുറത്തായത്.

എന്നാൽ ശ്രീജിത്ത് ഇങ്ങനെയൊരു ഇടപാടു നടത്തിയിരുന്നതായി അറിവില്ലെന്ന് എൻ.വിജയൻപിള്ള എംഎൽഎ പറഞ്ഞു. '11 കോടിയുടെ വ്യവസായം മകൻ നടത്തിയെങ്കിൽ അതു ഞാൻ അറിയേണ്ടതല്ലേ. മാവേലിക്കര കോടതിയിലോ മറ്റോ ഒരു കേസ് നടക്കുന്നതായി അറിയാം. അതു നടക്കട്ടെ. ആരും എനിക്കു പണം തന്നിട്ടുമില്ല.' -വിജയൻപിള്ള പറഞ്ഞു.