തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ അപ്പീൽ പോകേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. വടി കൊടുത്ത് അടി വാങ്ങരുതെന്ന കർശന നിർദ്ദേശം മുഖ്യമന്ത്രി ദേവസ്വം ബോർഡിന് നൽകുകയും ചെയ്തു. ഇതോടെ കടുത്ത പ്രതിസന്ധിയിലായത് അയ്യപ്പ ഭക്തൻ കൂടിയായ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറാണ്. അദ്ദേഹത്തിന്റെ കുടുംബത്തിലെ അയ്യപ്പഭക്തർ അടക്കം ഈ വിഷയത്തിൽ സർക്കാറിനെതിരായ നിലപാട് സ്വീകരിക്കുകയാണ്.

ഇതോടെ കടുത്ത പ്രതസന്ധിയിലായ പത്മകുമാർ തന്നെ നിലപാട് വ്യക്തമാക്കാൻ യുവമോർച്ച നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ചു. ഫേസ്‌ബുക്ക് ഷെയറിനെ ചൊല്ലിയുള്ള വിവാദം മുറുകിയതോടെ ഫേസ് ബുക്ക് അക്കൗണ്ട് നീക്കം ചെയ്താണ് അദ്ദേഹം തടിരക്ഷിച്ചത്. ആരെതിർത്താലും ശബരിമലയിലെ ആചാരങ്ങൾ തെറ്റില്ല എന്ന യുവമോർച്ച നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് തൊട്ടുപിന്നാലെയാണ് പത്മകുമാർ ഫേസ് ബുക്ക് അക്കൗണ്ട് നീക്കം ചെയതത്. ഞാൻ ഇരുന്ന് ഉരുകുകയാ എന്നായിരുന്നു ഫേസ് ബുക്കിൽ നിലവിലെ ശബരിമല സാഹചര്യങ്ങളോടുള്ള പത്മകുമാറിന്റെ ഫേസ് ബുക്ക് കമന്റ്.

യുവമോർച്ച ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രമോദ് കാരക്കാടിന്റെ പോസ്റ്റ് ഷെയർ ചെയ്താണ് പത്മകുമാർ പുലിവാല് പിടിച്ചത്. തൊട്ടുപിന്നാലെ പത്മകുമാർ അക്കൗണ്ട് നീക്കം ചെയ്തു. ആരെതിർത്താലും ആചരങ്ങൾ തെറ്റില്ല. അത് അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണ് എന്ന അടിക്കുറുപ്പോടെ പ്രമോദ് ഇട്ട പോസ്റ്റാണ് പത്മകുമാർ ഷെയർ ചെയ്തത്. വിവാദമായതോടെ പത്മകുമാർ ഫേസ് ബുക്കിൽ നിന്ന് അപ്രത്യക്ഷനായി.

ആർ.എസ്.എസും ബിജെപിയും കലാപത്തിന് ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ പറയുമ്പോഴായിരുന്നു പത്മകുമാറിന്റെ ഷെയറിങ്. ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്ന ആർ.എസി എസിനും, ബിജെപിക്കും ചൂട്ടു പിടിക്കരുത് എന്നാണ് കോന്നി മുൻ എംഎ‍ൽഎയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പത്മകുമാറിനെതിരെയുള്ള ഇപ്പോഴത്തെ വിമർശനം.

ഞാൻ ഇരുന്ന് ഉരുകുകയാണെന്ന് സ്വന്തം പോസ്റ്റിന് കീഴെ ചോദ്യം ഉന്നയിച്ചയാൾക്കു പത്മകുമാർ മറുപടി നൽകുന്നുണ്ട്. ഹരിവരാസനം..... ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ എന്ന് തുടങ്ങുന്ന പോസ്റ്റിനടിയിൽ ഒരു കമന്റിന് നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. 'ചേട്ടാ ഒൻപത് അല്ലേ ആയുള്ള ഇപ്പഴയോ ഹരിവരാസനം' എന്ന വിജയ് പുല്ലാടിന്റെ കമന്റിന് പത്മകുമാർ നൽകിയ മറുപടി ഇങ്ങനെയാണ്- ഞാൻ ഇരുന്ന് ഉരുകുകയാ,..... ആരോട് പറയാൻ? ശബരിമല വിഷയത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടിന് വിരുദ്ധമായ പ്രസ്താവനകൾ നേരത്തെയും വിവാദമായിരുന്നു.

അതിനിടയിലാണ് ഫേസ്‌ബുക്ക് ഷെയറിന്റെ പേരിൽ അദ്ദേഹം വീണ്ടും വിവാദത്തിലായിരിക്കുന്നത്. അയ്യപ്പ ഭക്തനായ പത്മകുമാറിന്റെ നിലപാടുകൾ സർക്കാറിനെയും വെട്ടിലാക്കുന്നു എന്ന ആരോപണം ശക്തമാണ്. ഇതോടെ അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നും നീക്കുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ചുള്ള ആലോചന തുടങ്ങിയിട്ടുണ്ട്.