തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം കനക്കുന്നതിനിടെ സർക്കാരിനെ വെട്ടിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ കുടുംബം പരസ്യമായി സമരരംഗത്തു വരുന്നു. കോടതി വിധി നടപ്പാക്കാൻ സർക്കാർ അനുനയ നീക്കം നടത്തുന്നതിനിടെയാണ് പ്രസിഡന്റിന്റെ കുടുംബം തന്നെ ഇതിൽ വിയോജിപ്പ് പ്രകടപ്പിച്ച് രംഗത്തെത്തുന്നത്. ഇത് സർക്കാരിന് തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

പത്മകുമാർ സെക്രട്ടറിയായ ഹരിവരാസനം ട്രസ്റ്റാണ് സ്ത്രീ പ്രവേശനത്തിനെതിരായി സമരത്തിലിറങ്ങുന്നത്. യുവതികൾ ശബരിമലയിൽ എത്തുന്നത് തടയുമെന്ന് പ്രഖ്യാപിച്ച് ഇന്നലെ ആചാര സംരക്ഷണ സമിതി നിലയ്ക്കലിൽ ആരംഭിച്ച സമരത്തിൽ ട്രസ്റ്റ്അംഗങ്ങളും പങ്കെടുക്കുമെന്ന് ഹരിവരാസനം ചെയർമാൻ വി.മോഹൻകുമാർ ഒരു പത്രമാധ്യമത്തിനോട് പറഞ്ഞു. പന്തളം കൊട്ടാരവുമായും സമര രംഗത്തുള്ളവരുമായും ചർച്ചകൾ നടത്തിവരികയാണ്.

1920ൽ ഹരിവരാസനം എഴുതിയ കോന്നകത്ത് ജാനകിയമ്മയുടെ മകളുടെ മകനാണ് മോഹൻകുമാർ. പത്മകുമാർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളാണ് ട്രസ്റ്റിൽ ഭൂരിഭാഗവും. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കുടുംബം പരസ്യമായി സർക്കാർ നിലപാടിനെതിരെ രംഗത്തുവരുന്നത് സർക്കാരിനെ കുരുക്കിലാക്കും.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെയുള്ള നിലപാടാണ് കോടതിയിൽ ദേവസ്വം ബോർഡ് കൈക്കൊണ്ടത്. എന്നാൽ സംസ്ഥാന സർക്കാർ യുവതികളെ പ്രവേശിപ്പിക്കണമെന്നുംവാദിച്ചു.വിധിവന്നഉടനെ സുപ്രീംകോടതിവിധിക്കെതിരെ റിവ്യൂ ഹർജി നൽകാനായിരുന്നു ദേവസ്വംബോർഡ് ആദ്യം തീരുമാനിച്ചത്.

എന്നാൽ സർക്കാർ സമ്മർദ്ദത്തെ തുടർന്ന് ദേവസ്വംബോർഡ് നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു.ഇതിൽ വൻ വിമർശനമാണ് ദേവസ്വംബോർഡ് പ്രസിഡന്റ് നേരിട്ടത്. മുഖ്യമന്ത്രിയുമായി ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും ഇന്ന് കൂടിക്കാഴ്ച നടത്തും. സർക്കാർ നിലപാടിനെതിരായ എതിർപ്പ് കടുപ്പിക്കാൻ ഇന്ന് സംഘപരിവാർസംഘടനകളും യു.ഡി.എഫും കൊച്ചിയിലും തലസ്ഥാനത്തുമായി യോഗം ചേർന്നിരുന്നു.

അതേസമയം ശബരിമല സ്ത്രീപ്രവേശനത്തിൽ പുനഃപരിശോധന ഹർജിനൽകില്ലെന്ന ദേവസ്വം കമ്മീഷണണരുടെ പ്രസ്താവനയ്‌ക്കെതെിരെ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ദേവസ്വം പ്രസിഡന്റ് മന്ത്രിക്ക് പരാതി നൽകി. എന്നാൽ പ്രസിഡന്റ് എ.പത്മകുമാറിന് അതൃപ്തി ഇല്ലെന്നും പതിവ് കൂടിക്കാഴ്‌ച്ച എന്നുമാണ് കമ്മീഷണർ എൻ.വാസു പറഞ്ഞത്. സംഭവത്തിൽ മന്ത്രി കമ്മീഷണറെ വിളിപ്പിച്ചു. അനാവശ്യ വിവാദം വേണ്ടെന്നും മന്ത്രി നിർദ്ദേശം നൽകി.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുനഃപരിശോധന ഹർജി നൽകില്ല. ശബരിമലയിൽ എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് നാളെ ഡിജിപിയുമായി ചർച്ച നടത്തും. പുനപരിശോധന ഹർജി നൽകിയാലും അതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ശബരിമലയിൽ സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങൾ ഒരുക്കുമെന്നുമാണ് ദേവസ്വം കമ്മീഷണർ എൻ.വാസു പറഞ്ഞത്.ദേവസ്വം കമ്മീഷണർ മാധ്യമങ്ങളെ കണ്ടതിൽ പ്രസിഡന്റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷണർക്കെതിരെ ദേവസ്വം മന്ത്രിക്ക് പരാതി നൽകിയത്.

ശബരിമല സ്ത്രീ പ്രവേശന വിഷയം കേരളത്തെ വിവാദത്തിലേക്ക് നയിക്കുമ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ രാജിക്കൊരുങ്ങുന്നതായി സൂചനകൾ ലഭിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുന്നതോടൊപ്പം തന്റെ രാജി സന്നദ്ധതയും അറിയിക്കുമെന്നാണ് വിവരം.

സ്ത്രീ പ്രവേശനത്തിൽ ശക്തമായ നിലപാടുകളുമായി ദേവസ്വം ബോർഡ് ആദ്യം രംഗത്ത് വന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. അയ്യപ്പഭക്തരായ തന്റെ കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദമാണ് പത്മകുമാറിന്റെ രാജിസന്നദ്ധതയ്ക്ക് പിന്നിലെന്നാണ് സൂചന. എന്നാൽ പാർട്ടി അനുഭാവിയായ പത്മകുമാറിന് സപിഎമ്മിലെ വിശ്വാസി സമൂഹത്തിന്റെ ഭാഗത്ത് നിന്ന് രാജിവച്ച് പ്രതിഷേധം അറിയിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെന്നും അറിയുന്നു.

അതേസമയം എൻഎസ്എസ് ആസ്ഥാനത്തു പ്രവേശന അനുമതി നിഷേധിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പ്രസിഡന്റ് എ.പത്മകുമാർ. എൻഎസ്എസ് ആസ്ഥാനത്തു പോകാൻ ആരോടും അനുമതി ചോദിച്ചിട്ടില്ല. അനുമതി ചോദിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.മുൻപു പലതവണ എൻഎസ്എസ് ആസ്ഥാനത്തു പോയിട്ടുണ്ട്. അനുമതി ചോദിച്ചിട്ടല്ല പോയത്. എൻഎസ്എസ് ആസ്ഥാനത്ത് പോകാൻ തനിക്ക് അനുമതിയുടെ ആവശ്യമില്ല. തൊട്ടടുത്തുള്ള കോളജിലാണ് പഠിച്ചത്. പല തവണ പോയിട്ടുള്ള ഇടമാണ്. ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.