കാസർഗോഡ്: കാട്ടിയടുക്കത്ത് തനിച്ചു താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തിയത് ബന്ധുവിന്റെ അവിഹിത ബന്ധം വെളിപ്പെടുത്തുമെന്ന ഭയത്തിലാണെന്ന് വ്യക്തമായി.

ദേവകിയുടെ ബന്ധുവായ യുവതിയുമായി പേരിയ കാർ ഷോറൂമിലെ ക്ലീനിങ് സൂപ്പർവൈസറായ ഒരു യുവാവിനുള്ള വഴിവിട്ട ബന്ധമാണ് ഈ ധാരുണ കൊലക്ക് കാരണമായത്. ഇവർ തമ്മിലുള്ള അവിഹിതബന്ധം കാണാനിടയായ ദേവകി യുവതിയുടെ വീട്ടിൽ പോയി ബഹളം വെക്കുകയും അതേ വീട്ടിൽനിന്നും ശബരിമല ദർശനത്തിന് പോയവർ തിരിച്ചു വന്നാൽ എല്ലാം അറിയിക്കുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഈ വിവരം യഥാസമയം ആരോപണവിധേയയായ യുവതി ക്ലീനിങ് സൂപ്പർവൈസറെ അറിയിച്ചിരുന്നു. അയാൾ അന്നു രാത്രി തന്നെ ദേവകിയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

ജനുവരി 12 നാണ് ദേവകി ബന്ധുവിന്റെ അവിഹിതകഥ വെളിപ്പെടുത്തുമെന്ന് പറഞ്ഞത്. പിറ്റേന്ന് നേരം പുലരും മുമ്പ് തന്നെ ദേവകി കൊല്ലപ്പെടുകയും ചെയ്തു. ദേവകിയുടെ മൂത്ത മകനും ചെങ്കൽ ക്വാറി തൊഴിലാളിയുമായ ശ്രീധരനു നേരെയായിരുന്നു ഈ കേസിലെ അന്വേഷണം എത്തി നിന്നത്. സാക്ഷികൾക്കൊപ്പം നിർത്തി ശ്രീധരനെ ചോദ്യം ചെയ്യുകയും ഹിപ്നോട്ടിസത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. ദേവകിയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച മുടി ശ്രീധരന്റേതല്ലെന്ന് തെളിഞ്ഞതോടെയാണ് അയാൾക്ക് ഇതിൽ പങ്കില്ലെന്ന് സൂചന ലഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ഏറെ കുഴങ്ങിയ കേസായിരുന്നു ഇത്. ഒടുവിൽ അവിഹിത കഥ പുറത്തു വന്നതോടെയാണ് പ്രതിസ്ഥാനത്ത് 32 കാരനായ ക്ലീനിങ് സൂപ്പർവൈസർ ആണെന്ന നിഗമനത്തിലെത്തിയത്.

യുവാവായ ക്ലീനിങ് സൂപ്പർവൈസർക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. അവിഹിത കഥ പുറത്ത് വരും മുമ്പ് ദേവകിയെ കൊലപ്പെടുത്താൻ അയാൾ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ആദ്യം സ്വന്തം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. രാത്രിയിൽ ബൈക്കുമായി പേരിയയിൽ നിന്നും ദേവകി താമസിക്കുന്ന കാട്ടിയടുക്കത്തെ വീടിനു സമീപമെത്തി. മുൻവാതിൽ വഴി വീട്ടിനകത്തേക്കു കടക്കുകയാണു ചെയ്തതെന്ന് പൊലീസ് കരുതുന്നു. ദേവകിയുടെ വീടും പ്രതിയെന്നു കരുതുന്നയാളുടെ വീടും തമ്മിൽ ഏഴു കിലോമീറ്റർ ദൂരം വരും. പത്ത് മിനുട്ട് ബൈക്കിൽ സഞ്ചരിച്ചാൽ ഇവിടെയെത്താം. ദേവകിയുടെ അയൽവാസികൾ ഉറങ്ങിയെന്ന് ബോധ്യപ്പെട്ടതോടെ അകത്തു കടന്ന യുവാവ് അവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിസ്ഥാനത്തുള്ള യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതാണ് പൊലീസിന് ഈ കേസിൽ തുമ്പു ലഭിക്കാൻ കാരണമായത്.

ദേവകിയുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച മുടിയുടെ പരിശോധനയിലാണ് ക്ലീനിങ് സൂപ്പർവൈസർക്ക് കൊലയിൽ പങ്കുണ്ടെന്ന് തെളിഞ്ഞത്. തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ പരിശോധനാ റിപ്പോർട്ടിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. അതിന്റെ അടിസ്ഥാനത്തിൽ ഇന്നു തന്നെ പ്രതിയെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന. ദേവകിയുടെ മരണം ഉറപ്പു വരുത്താൻ പ്രതി പാവാട കൊണ്ട് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് ഈ ക്രൂരകൃത്യം ചെയ്തത്. സ്ഥിരമായി ഫോൺ ഉപയോഗിച്ചു വരുന്ന യുവാവ് കൊല നടന്ന തലേന്നു രാത്രി മൊബൈൽ ഫോൺ ഓഫ് ചെയ്യത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇയാളുടെ ഫോണിൽ നിന്നും അവിഹിത ബന്ധമുള്ള യുവതിയെ പതിവായി വിളിച്ചതായും അറിവായിട്ടുണ്ട്.

വീട്ടിൽ നിന്നും അന്നേ ദിവസം രാത്രി പുറത്തു പോയിട്ടുണ്ടോ എന്ന് ബന്ധുക്കളോട് ആരാഞ്ഞപ്പോൾ വ്യക്തതയില്ലാത്ത ഉത്തരമായിരുന്നു അവരിൽ നിന്ന് പൊലീസിന് ലഭിച്ചത്. ഇതെല്ലാം പ്രതിയെന്നയാളെ കുടുക്കാൻ പൊലീസിന് സഹായകരമായി. ബേക്കൽ സിഐ വിശ്വംഭരൻ നയിക്കുന്ന പത്തംഗ പൊലീസുകാരാണ് ദേവകി കൊലക്കേസ് അന്വേഷണം നടത്തിയത്.