കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഉപയോഗിക്കാത്ത സ്വർണം ബോണ്ടാക്കി മാറ്റാനുള്ള ശ്രമം പാതിവഴി നിലക്കുമ്പോൾ അതിന് കാരണം ബോർഡ് അനാസ്ഥയെന്ന വാദം ശക്തം. സ്വർണം ഉരുക്കി റിസർവ് ബാങ്കിൽ നിക്ഷേപിച്ച് പലിശ നേടാനുള്ളതായിരുന്നു പദ്ധതി. കഴിഞ്ഞ ബോർഡാണ് ഇതിന് തുടക്കമിട്ടത്. എന്നാൽ പുതിയബോർഡ് ഇത് പരിഗണിച്ചില്ല. ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ

മുൻ പ്രസിഡന്റ് വാസുവിന്റെ ആശയമായിരുന്നു ഇത്. കോവിഡു കാലത്തെ പ്രതിസന്ധിയെ മറികടക്കാൻ മറ്റൊരു വരുമാന മാർഗ്ഗം പലിശയിലൂടെ കണ്ടെത്താനുള്ള നീക്കം. നിലവിളക്ക് ഉരുക്കി കാശാക്കേുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാൽ വിളക്ക് വിറ്റ് കാശുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന വിവാദത്തോടെ അത് വേണ്ടെന്ന് വച്ചു. അപ്പോഴും സ്വർണ്ണവുമായി മുമ്പോട്ട് പോയി. ഹൈക്കോടതിയും കൈയടിച്ച പദ്ധതിയാണ് ഇത്. ഇതാണ് അനിശ്ചിതത്വത്തിലാകുന്നത്.

ഒരുവർഷം നീണ്ട ഭണ്ഡാരം പരിശോധനയിലൂടെ 500 കിലോ സ്വർണ ശേഖരമാണ് ഇതിനായി വേർതിരിച്ച് വെച്ചത്. ക്ഷേത്രങ്ങളിൽ നിത്യോപയോഗത്തിനും വിശേഷാൽ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് ഒഴികെയുള്ള സ്വർണാഭരണങ്ങളാണ് ഈവിധം മാറ്റിവെച്ചത്. അതായത് പൂജയ്ക്കും മറ്റും വേണ്ട സ്വർണം ഒഴികെയുള്ളവയെ റിസർവ്വ് ബാങ്കിൽ പണയം വയ്ക്കുന്നതായിരുന്നു പദ്ധതി. ഇവിടെ പണയം വയ്ക്കലിന് പണം ഇങ്ങോട്ട് കിട്ടുമെന്ന് മാത്രം. സ്‌ട്രോങ് റൂമുകളിൽ നിന്നുള്ള സ്വർണ്ണ കവർച്ചയും ഒഴിവാകുമായിരുന്നു.

വർഷങ്ങളായി സുരക്ഷാമുറികളിൽ ഇരിക്കുന്ന ശേഖരങ്ങൾ ഏറെ പരിശ്രമിച്ചാണ് തരംതിരിച്ചത്. ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് നടത്തിയത്. 2021 ഓഗസ്റ്റിൽ പ്രവൃത്തി പൂർത്തിയാക്കി കമ്മിണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടിതിയുടെ നിരീക്ഷകനും ഇതിൽ പങ്കെടുത്തു. കണക്ക് കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പിക്കാനായിരുന്നു ഇത്. ഇങ്ങനെ ജോലി എല്ലാം പൂർത്തിയാക്കിയിട്ടും സ്വർണ്ണമാത്രം ബോണ്ടാകുന്നില്ല.

തുടർച്ചയായ രണ്ട് ലോക് ഡൗണുകളിൽ ബോർഡ് സാമ്പത്തിക പ്രയാസത്തിലായതോടെയാണ് അധികവരുമാനം തേടിയത്. റിസർവ് ബാങ്ക് ബോണ്ടിന് രണ്ടര ശതമാനം പലിശ നൽകും. ഇതുവഴി വർഷം അഞ്ചുകോടി രൂപയെങ്കിലും ബോർഡിന് ലഭിക്കുമെന്നാണ് കണക്കാക്കിയത്. ഗുരുവായൂർ ദേവസ്വത്തിന് സമാനമായ വരുമാനം കിട്ടുന്നുണ്ട്. ആ മാതൃകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിച്ചത്. സ്വർണം തരംതിരിവിന് ഹൈക്കോടതിയുടെ അനുമതിയും വാങ്ങി വിവാദങ്ങളും ഒഴിവാക്കി.

പല കാരറ്റ് സ്വർണ്ണമാണ് ദേവസ്വം ബോർഡിനുള്ളത്. ഭക്തർ കാണിക്കായായി സമർപ്പിക്കുന്ന സ്വർണ്ണത്തിലെ കാരറ്റ് വ്യത്യാസമാണ് ഇതിന് കാരണം. എന്നാൽ സ്വർണം ഉരുക്കി ബാറാക്കുന്നതോടെ ഈ പ്രശ്‌നം മാറും. എല്ലാം നല്ല സ്വർണ്ണമായി പരിഗണിച്ച് തന്നെ ആർ ബി ഐ ബോണ്ടായി എടുക്കുകയും ചെയ്യും. ഇതും ബോർഡിന് ഗുണകരമാകുമായിരുന്നു. ഇതിനൊപ്പം സ്‌ട്രോങ് റൂമിലെ കാവൽക്കാരുടെ എണ്ണം പോലും കുറയ്ക്കാൻ കഴിയുന്ന തരത്തിലേക്ക് അത് മാറുമായിരുന്നു.

ബോണ്ടായി വാങ്ങുന്ന സ്വർണം കരുതലായി കാട്ടി ആർബിഐ കൂടുതൽ കറൻസിയും അച്ചടിക്കും. അങ്ങനെ അത് രാജ്യത്തെ സാമ്പത്തിക മേഖലയ്ക്കും കരുത്താകും. ഇത്തരമൊരു പദ്ധതിയിൽ നിന്നാണ് ദേവസ്വം ബോർഡ് മൗനം പിന്മാറ്റത്തിന്റെ സൂചന നൽകുന്നത്.