കൊച്ചി: ലെമെറിഡിയൻ ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയുടെ മുഖ്യ ലക്ഷ്യം മയക്കുമരുന്ന് കച്ചവടം തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. ആയിരം രൂപ രജിസ്‌ട്രേഷൻ ഫീസ് കൊണ്ട് നേട്ടമുണ്ടാക്കാവുന്ന പാർട്ടിയായിരുന്നില്ല ലെമെറിഡിയനിൽ നടന്നത്. വിദേശ വനിതകൾ ഉൾപ്പെടെ ഏതാണ്ട് 200 പേർ മാത്രമാണ് പാർട്ടിയിൽ പങ്കെടുത്തത്. അതായത് ആയിരം രൂപ വച്ച് ഇരുന്നൂറ് പേരിൽ നിന്ന് രണ്ട് ലക്ഷം രൂപ പരിഞ്ഞുകിട്ടി. റജിസ്‌ട്രേഷൻ ഫീസിൽ നിന്നുള്ള വരുമാനമല്ല, സംഘാടകർ പ്രതീക്ഷിച്ചതെന്നു ഇതിൽ നിന്ന് വ്യക്തമാണെന്നു പൊലീസ് പറയുന്നു.

പ്രശസ്തനായ സംഗീതജ്ഞനെ വരുത്തി പരിപാടി നടത്താൻ ഈ തുക മതിയാവില്ല. സംഘാടകരുടെ അറിവോടെയാണ് ലഹരി മരുന്നു വിൽപന നടന്നതെന്നു സംശയമുണ്ടെങ്കിലും ഇതിനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ നിരോധിത ലഹരി മരുന്നുമായി പിടിയിലായ പ്രശസ്ത റഷ്യൻ സംഗീതജ്ഞൻ വാസ്‌ലി മാർക്കലോവാണ്. സൈക്കോവ്‌സ്‌കി എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെടുന്ന മാർക്കലോവ്, സൈക്കഡലിക് ട്രാൻസ് എന്ന ഇലക്ട്രോണിക് ഡാൻസ് സംഗീതത്തിന്റെ പ്രചാരകനാണ്. ഇയാളുടെ ഒരു പരിപാടിക്ക് തന്നെ ലക്ഷങ്ങളുടെ ചെലവുണ്ട്.

ബംഗളൂരു കേന്ദ്രമാക്കി ഡിജെ പാർട്ടികൾ അവതരിപ്പിച്ചിട്ടുള്ള ഇയാൾ മുമ്പും കേരളത്തിൽ വന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ വർഷം കേരളത്തിലെത്തിയ ഇയാൾ കണ്ണൂരിൽ ഒരു ആഡംബര ഹോട്ടലിൽ ഡിജെ പാർട്ടി നടത്തിയിരുന്നു. ഇത്തവണ ഡിജെ പരിപാടികൾക്കായി അഞ്ചിനാണ് സൈക്കോവ്‌സ്‌കി ഇന്ത്യയിലെത്തിയത്. ബംഗുളൂരുവിൽ മാർക്കലോവിന്റെ ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്ന മലയാളികളായ ഇവന്റ്മാനേജ്‌മെന്റ് സംഘമാണ് ഇയാളെ കൊച്ചിയിൽ കൊണ്ടുവന്നത്. പാർട്ടിക്കിടെ പിടിച്ചെടുത്ത മയക്കുമരുന്നുകളെല്ലാം റഷ്യൻ നിർമ്മിതമാണെന്ന് പൊലീസ് പറഞ്ഞു. ഇവയെല്ലാം മാർക്കലോവോ തന്നെയാണ് എത്തിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇയാൾ ഇന്ത്യയിൽ നടത്തിയ മറ്റ് ഡിജെ പാർട്ടികളും അന്വേഷണ വിധേയമാക്കും.

അതിനിടെ കേസ് ഒതുക്കി തീർക്കാൻ വൻ സമ്മർദ്ദം അന്വേഷണ ഉദ്യോഗസ്ഥന്മാർക്കുണ്ട്. കൊച്ചി ഡിസിപി ഹരിശങ്കറിന്റെ നടപടികൾ ഏകപക്ഷീയമാണെന്ന ആക്ഷേപവും സജീവം. നേരത്തെ ലോറി ഡ്രൈവറുടെ വേഷത്തിലെത്തി കൈക്കൂലി വാങ്ങിയ പൊലീസുകാരെ ഹരിശങ്കർ കുടുക്കിയിരുന്നു. ഇങ്ങനെ ഋഷിരാജ് സിങ് മോഡലിൽ തിളങ്ങാൻ ആഗ്രഹിക്കുന്ന ഡിസിപി കൊച്ചിക്ക ്‌വേണ്ടെന്ന നിലപാടിൽ ഉന്നത കേന്ദ്രങ്ങൾ എത്തിക്കഴിഞ്ഞു. എന്നാൽ ഇപ്പോൾ ഹരിശങ്കറിനെ മാറ്റാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തയ്യാറല്ല. തന്റെ ഇമേജിനെ അത് ബാധിക്കുമെന്നാണ് പക്ഷം. എങ്കിലും ലെ മെറിഡിയൻ ഹോട്ടലിനെ പ്രതിക്കൂട്ടിലാക്കും വിധം പേര് പുറത്ത് പറഞ്ഞ ഡിസിപിയുടെ നടപടി പലർക്കും പിടിച്ചിട്ടില്ല.

മെ മെറിഡിയൻ ഹോട്ടലിലെ ഹാൾ ബുക്ക് ചെയ്തത് കോക്കാച്ചി എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചി സ്വദേശി മിഥുൻ എന്ന ഡിജെയുടെ പേരിലാണ്. ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങൾ വഴിയാണ് പാർട്ടിക്ക് റജിസ്‌ട്രേഷൻ നടത്തിയത്. ആയിരം രൂപയായിരുന്നു ഫീസ്. 200 രൂപ ഹോട്ടലിന്, 200 രൂപ സംഘാടകർക്ക്, 600 രൂപ ഡിജെ ടീമിന് എന്നതായിരുന്നു കരാർ. ഇവിടെ നിന്ന് ലഹരിമരുന്ന് നിറച്ച ഏതാനും സിഗരറ്റുകളും പൊലീസ് കണ്ടെടുത്തു. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹോട്ടലിൽ പരിശോധന നടത്തിയത്. ഡിജെ പാർട്ടിയിൽ ലഹരി മരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു നടപടി.

വൈകീട്ട് മുതൽ ഹോട്ടലിനകത്തും പുറത്തും ഷാഡോ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. 11 മണിയോടെ ഡിസിപിയും സംഘവും റെയ്ഡ് തുടങ്ങി. പൊലീസ് പരിശോധനയ്‌ക്കെത്തുമ്പോൾ വിദേശ വനിതകളടക്കം ഇരുനൂറോളം പേരാണ് പാർട്ടിയിലുണ്ടായിരുന്നത്. പുലർച്ചെ നാല് വരെ നീണ്ട റെയ്ഡിൽ ഹിൽപ്പാലസ് സിഐ ബൈജു പൗലോസ്, ഷാഡോ എസ്.ഐ. എ. അനന്തലാൽ, എറണാകുളം സൗത്ത് എസ്.ഐ. വി. ഗോപകുമാർ എന്നിവരും പങ്കെടുത്തു.

അഡ്വഞ്ചർ വൺ എന്ന കമ്പനിയുടെ പേരെഴുതിയ കവറിലായിരുന്നു ഹാഷിഷ് കലർന്ന ലഹരിമരുന്നുണ്ടായിരുന്നത്. റഷ്യൻ സീക്രട്ട് എന്ന പേരിലാണ് ഇതറിയപ്പെടുന്നതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഈ വസ്തു ലയിപ്പിച്ച വെള്ളത്തിന്റെ കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. എന്തെല്ലാം ഘടകങ്ങളാണ് ഈ മിശ്രിതത്തിൽ അടങ്ങിയിട്ടുള്ളതെന്നു വിശദ പരിശോധനയ്ക്കു ശേഷമേ അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു. ഉന്മേഷം ലഭിക്കുന്നതിനുള്ള പദാർഥമാണ് കവറിലുള്ളതെന്നും ഇതു ലഹരിമരുന്നല്ലെന്നുമാണ് മാർക്കലോവ് വിശദീകരിച്ചത്. വീസ നിയമം ലംഘിച്ചതിനും മാർക്കലോവിനെതിരെ കേസെടുത്തിട്ടുണ്ട്.

മാർക്കലോവിനു പുറമേ, ആറു യുവാക്കൾ കൂടി പിടിയിലായി. ഇവരിൽനിന്ന് മൂന്നു ഗ്രാം കെറ്റമീൻ, ഹാഷിഷ് കലർന്ന 51 ഗ്രാം ലഹരിവസ്തു, എട്ടു പൊതി കഞ്ചാവ് എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. നിരോധിത ലഹരിമരുന്ന് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്തതിനു വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.

തൃശൂർ പന്നിയൂർ പറയമ്പറമ്പിൽ സഫ്വാൽ സലാം (25), വൈറ്റില തട്ടാശ്ശേരി സെബാസ്റ്റ്യൻ ഫ്രാൻസിസ് (24), മരട് കമ്പളിത്തുണ്ടിപ്പറമ്പിൽ ബിനു ഗോപാലൻ (24), തൃശൂർ കുട്ടനെല്ലൂർ ചാരുതയിൽ ഗൗതം ഉണ്ണിക്കൃഷ്ണൻ (25), കോട്ടയം കൂരപ്പട ഐശ്വര്യ ഹൗസിൽ രാഹുൽ പ്രതാപ് (25), കോട്ടയം സെഞ്ചുറി ടവറിൽ സുമിത് സുരേഷ് എന്നിവരാണ് മറ്റുള്ളവർ. ഞായറാഴ്ച രാത്രിയോടെ മജിസ്‌ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്തു. മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.