കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലായ ലെമെറിഡിയനിൽ സാഹസികമായി റെയ്ഡ് നടത്തി മയക്കുമരുന്ന് മാഫിയയെ കുടുക്കിയ ഡിസിപി ഹരിശങ്കറിന്റെ നീക്കം വെറുതെയാകുമോ? ഹോട്ടലിൽ നിന്ന് ഒന്നും കിട്ടിയില്ലെന്നാണ് പൊലീസ് ഇപ്പോൾ നൽകുന്ന സൂചന.

ഡിജെ പാർട്ടിക്കിടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി തെളിയിക്കാൻ കോടതിയിലും പൊലീസ് ശ്രമിച്ചില്ല. ഇതോടെ പിടിയിലായവർക്കെല്ലാം ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയ്ക്ക് രണ്ട് പേരുടെ ആൾ ജാമ്യത്തിലുമാണ് വിട്ടയയ്ക്കുക. അതിനിടെ പൊലീസ് പിടിയിലായ പ്രശസ്ത റഷ്യൻ സംഗീതജ്ഞൻ വാസ്‌ലി മാർക്കലോവിന്റെ അഭിമുഖങ്ങളും പുറത്ത് വന്നു തുടങ്ങി. താൻ മയക്കു മരുന്ന് ഉപയോഗിക്കാറില്ലെന്നാണ് വാസ്ലി മാർക്കലോവിന്റെ വെളിപ്പെടുത്തൽ.

ലെ മെറിഡിനിൽ വച്ച് തന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത അഡ്വഞ്ചർ വൺ എന്ന പൊടി വെറും കോഫി പൊടി മാത്രമാണ്. ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ച് അമേരിക്കയിൽ നിന്നാണ് വാങ്ങിയത്. കാലിഫോർണിയയിൽ 15 ഡോളർ മാത്രമാണ് അതിന്റെ വില. തന്റെ കലാജീവിതത്തിൽ ഇതുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. വിമാനത്താവളത്തിൽ പോലും പിടിച്ചെടുക്കാത്ത വസ്തുവാണ് അഡ്വഞ്ചർ വൺ-എന്നാണ് വിശദീകരണം.

ഇത് ലഹരിമരുന്നുമല്ല. ഒന്നുമറിയാത്ത പൊലീസാണ് പ്രശ്‌നം പെരുപ്പിച്ച് കാട്ടുന്നതെന്നാണ് ആരോപണം. അതിനിടെ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും ലഹരിമരുന്ന് പിടിച്ച കേസിൽ പൊലീസിന് തിരിച്ചടിയാണ് പ്രതികൾക്ക് ലഭിച്ച ജാ്മ്യം. പിടിച്ചെടുത്തവ മുന്തിയ ഇനം ലഹരിമരുന്നാണെന്ന് തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല. കേസിൽ റഷ്യൻ പൗരൻ വാസ് ലോ മെർക്കലാവോ എന്ന സംഗീതഞ്ജൻ ഉൾപ്പെടെ ആറു പ്രതികൾക്കും ജാമ്യം ലഭിച്ചു.

കെറ്റാലിനും റേപ്പ് ഡ്രഗും അടക്കമുള്ള മുന്തിയ മയക്കുമരുന്നുകൾ ലെ മെറിഡിയനിൽ നിന്ന് പിടിച്ചെടുത്തതായി ഡിസിപി ഹരിശങ്കർ അറിയിച്ചിരുന്നു. എന്നാൽ ഉന്നത തല ഇടപെടലിലൂടെ പ്രശ്‌നങ്ങൾ ഒതുക്കി തീർത്തു. ലോക പ്രശസ്ത സംഗീതജ്ഞനെ അപമാനിക്കാതിരിക്കാനാണ് ഇതെന്നാണ് വാദം. എന്നാൽ ലെമെറിഡനും ഡിജെ പാർട്ടിയുമായുള്ള അന്വേഷണം അട്ടിമറിക്കാനാണ് നീക്കമെന്നാണ് വസ്തുത.

ഉന്നത രാഷ്ട്രീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള പ്രവാസി മലയാളി മുഹമ്മദലിയുടെ ഗൾഫാർ ഗ്രൂപ്പിന്റെ പഞ്ചനക്ഷത്ര ഹോട്ടലിൽ അതീവ രഹസ്യമായാണ് ഹരിശങ്കറും സംഘവും റെയ്ഡ് നടന്നത്. എന്നാൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന ഇടപെടലുകൾ ഈ പൊലീസുകാരന്റെ പ്രയത്‌നം നിഷ്ഫലമാക്കി. ഫോറൻസിക് ഫലം വന്നാലും മയക്കുമരുന്ന് ഉണ്ടെന്ന് തെളിയാത്ത വണ്ണമാണ് കാര്യങ്ങൾ നീങ്ങുന്നത്. എന്തോ പൊടി ഡിസിപിയും കൂട്ടരും പിടിച്ചെടുത്തുവെന്ന് വരുത്താനാണ് നീക്കം.