തിരുവനന്തപുരം: വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളി വിവാദത്തിൽ സൂപ്രണ്ട് എ.ജി. സുരേഷിന് ഡിജിപിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഏഴ് ദിവസത്തിനകം മറുപടി നൽകണം. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സൂപ്രണ്ടിനെ സംശയത്തിൽ നിർത്തിയുള്ള റിപ്പോർട്ട് ഡിഐജി എം.കെ. വിനോദ്കുമാർ, ജയിൽ മേധാവി ഷേക് ദർവേഷ് സാഹേബിനു കൈമാറിയിരുന്നു. സൂപ്രണ്ടിനെതിരെ വിശദമായ അന്വേഷണത്തിനും റിപ്പോർട്ട് ശുപാർശ ചെയ്തു.

ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടി.പി. കേസ് പ്രതി കൊടി സുനി എന്നിവരിൽനിന്നു പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ആയിരത്തിലേറെ വിളികൾ നടത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പുതല അന്വേഷണം. അന്വേഷണ റിപ്പോർട്ടിൽ സൂപ്രണ്ടിനെതിരെയടക്കമുള്ള കണ്ടെത്തൽ സർക്കാരിനെ അറിയിക്കും.

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ഫോൺ വിളി സജീവമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ജയിൽ ഡിജിപി പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണോ തടവുകാർക്ക് സൗകര്യം ലഭിക്കുന്നതെന്നും ജയിൽ ഡിജിപി പരിശോധിച്ചു. ജയിലിൽ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വ്യാപകമായതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് നേരത്തെ ജയിൽ മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.

നേരത്തെ ടി പി വധക്കേസ് പ്രതിയായ കൊടി സുനിയിൽ നിന്നും ഫോൺ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലിൽ വിളിച്ചെന്നും കണ്ടെത്തിയിരുന്നു. കൊലപാതക കേസിൽ തടവിൽ കഴിയുന്ന റഷീദ് എന്ന തടവുകാരൻ 223 മൊബൈൽ നമ്പറുകളിലേക്ക് 1345 തവണ ഫോൺ വിളിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. ഇതേ ഫോണിൽ നിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ട്. ഒരു വർഷത്തോളം സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായിരുന്നു റഷീദ്.

ജാമറുകൾ ഉൾപ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങൾ ഫലം കാണാത്ത സ്ഥിതിയാണ്. തീവ്രവാദ കേസുകളിൽ അടക്കം പ്രതികളായവർ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ അതീവ ഗൗരവത്തോടെ ആണ് ആഭ്യന്തര വകുപ്പ് വിഷയത്തെ കാണുന്നത്. അതു കൊണ്ടു തന്നെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ശുപാർശ.

സ്വർണക്കടത്ത് കേസ് പ്രതികളായ സന്ദീപും സരിത്തും തൃശൂർ അതീവസുരക്ഷാ ജയിലിലായിരുന്ന കാലം സൂചിപ്പിച്ചുകൊണ്ടാണു സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ സൂപ്രണ്ടിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ആ സമയത്ത് അതീവ സുരക്ഷാ ജയിൽ സൂപ്രണ്ടായിരുന്നു ഇദ്ദേഹം. വിയ്യൂർ സെൻട്രൽ ജയിലിൽ റഷീദ് ഉൾപ്പെടെ ഒരു സംഘം തടവുകാരുടെ സ്വൈരവിഹാരമാണു നടന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ഇവർ യഥേഷ്ടം ഫോൺ ഉപയോഗിക്കുകയും പുറത്തുള്ളവരുമായി തുടർച്ചയായി ബന്ധം പുലർത്തുകയും ചെയ്തു. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഇവർ ഭീഷണിപ്പെടുത്തി.

റഷീദിൽ നിന്നു ഫോൺ പിടികൂടിയ ഉദ്യോഗസ്ഥർക്കു സൂപ്രണ്ടിന്റെ പിന്തുണയ്ക്കു പകരം ശാസനയാണു ലഭിച്ചത്. റെയ്ഡിനു നേതൃത്വം നൽകിയ ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ഗുരുതരമായ അച്ചടക്കലംഘനവും സുരക്ഷാ പാളിച്ചയുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. സൂപ്രണ്ട് നാലു തവണ സസ്‌പെൻഷനു വിധേയനായിട്ടുണ്ടെന്നു പരാമർശിക്കുന്ന റിപ്പോർട്ടിൽ, ഇതിന്റെ ഉത്തരവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മൊഴികൾ അനുബന്ധമായി ചേർത്തിട്ടുണ്ട്.

ജയിലിൽ തന്നെ വകവരുത്താൻ ഉന്നത ജയിൽ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ 2 സഹതടവുകാർക്കു കൊടുവള്ളി സ്വർണക്കടത്ത് സംഘം ക്വട്ടേഷൻ നൽകിയെന്ന കൊടി സുനിയുടെ മൊഴി റിപ്പോർട്ടിലുണ്ട്. ഈ മൊഴി സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. ആരോപണവിധേയനായ ഉദ്യോഗസ്ഥനും തടവുകാരനും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇക്കാര്യം ഉൾപ്പെടുത്താമെന്നാണു ശുപാർശ.