- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജീവനക്കാർ ക്രിമിനൽ കേസിൽ പെട്ടാൽ തിരക്കിട്ട് കേസ് എടുക്കരുത്; എഫ്ഐആർ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം; ആരോപണവിധേയന് അയാളുടെ ഭാഗം പറയാൻ അവസരം നൽകണം; സർക്കാർ ജീവനക്കാരുടെ കേസുകൾക്കായി സാധാരണ പൗരന്മാരെ അപേക്ഷിച്ച് പ്രത്യേക വ്യവസ്ഥകൾ രൂപീകരിക്കണം: ഡിജിപിയുടെ പുതിയ സർക്കുലർ വിവാദമാകുന്നു
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ക്രിമിനൽ കേസിൽ പെട്ടാൽ തിരക്കിട്ട് കേസ് എടുക്കേണ്ടെന്ന് ഡി.ജി.പിയുടെ ഉത്തരവ്. പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണവും വിശദമായ അന്വേഷണവും നടത്തിയ ശേഷം മാത്രമേ കെസ് എടുക്കാൻ പാടുള്ളു. ഡി.ജി.പി ജില്ലാപൊലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാക്കും അയച്ച സർക്കുലറിൽ നിർദ്ദേശിച്ചു. സർക്കാർ ജീവനക്കാരുടെ കേസുകൾക്കായി സാധാരണ പൗരന്മാരെ അപേക്ഷിച്ച് പ്രത്യേക വ്യവസ്ഥകൾ രൂപീകരിക്കുന്നതിനെ കുറിച്ചും സർക്കുലറിൽ പറയുന്നുണ്ട്.
ആരോപണങ്ങളുടെ പേരിൽ മാത്രം കേസ് അരുത്
ആരോപണങ്ങളുടെ പേരിൽ മാത്രം സർക്കാർ ജീവനക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പാടില്ല. സർക്കാർ ജീവനക്കാർക്കെതിരെ വസ്തുതാവിരുദ്ധവും വ്യക്തതയില്ലാത്തതും മനഃപൂർവം അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ആരോപണങ്ങൾ ഉയരാൻ സാധ്യതയുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാവൂ എന്നാണ് ഡിജിപി സർക്കുലറിൽ പറയുന്നത്. ആരോപണവിധേയന് അയാളുടെ ഭാഗം പറയാനുള്ള അവസരം കൊടുക്കണം, പുകമറ സൃഷ്ടിക്കുന്ന തരത്തിലുള്ള ആരോപണങ്ങൾ സർക്കാർ ജീവനക്കാരുടെ കരിയറിനെയും യശ്ശസിനെയും പ്രതികൂലമായി ബാധിക്കുമെന്നും അത് ജീവനക്കാർക്ക് ഭരണപരമായ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഡി.ജി.പി ഓർമ്മിപ്പിച്ചു.
സർക്കാർ ജീവനക്കാർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിന്റെ ഭാഗമായി മനഃപൂർവമല്ലാതെയോ വ്യക്തിതാൽപര്യങ്ങളില്ലാതെയോ പ്രവർത്തിച്ചേക്കാം. എന്നാൽ, ഇത് മറ്റുചില വ്യക്തികളെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും സർക്കുലറിൽ പറയുന്നു.
സർക്കുലർ നിലനിൽക്കുമോ?
അതേസമയം, ഡി.ജി.പിയുടെ സർക്കുലർ നിലവിലെ നിയമങ്ങൾക്ക് നിരക്കുന്നതല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതാണെന്നും നിയമവൃത്തങ്ങൾ പറയുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളിലും വൈവാഹികപരമായ കേസുകളിലും പ്രാഥമിക അന്വേഷണം നടത്തണമെന്ന് ലളിതകുമാരി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സർക്കാർ ജീവനക്കാർക്ക് മാത്രമല്ല, എല്ലാ പൗരന്മാർക്കും ബാധകമാണ്. സർക്കാർ ജീവനക്കാർക്ക് സംരക്ഷണം ഉള്ളത് പ്രോസിക്യൂഷൻ ഘട്ടത്തിൽ മാത്രമാണ്. അല്ലാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമ്പോൾ സംരക്ഷണം ലഭിക്കില്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.
സമീപകാലത്ത് പൊലീസ് പുറത്തിറക്കിയ പല സർക്കുലറുകളിലും നിയമപരമായ തെറ്റുകൾ ഉണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പുറമേയാണ് പൊലീസ് ആക്റ്റ് ഭേദഗതി പിൻവലിക്കേണ്ടി വന്നിരുന്നു. നിലവിലുള്ള പൊലീസ് ആക്ടിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഒക്ടോബർ 22ന് ചേർന്ന മന്ത്രിസഭ ശുപാർശ ചെയ്തത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിർമ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് 3 വർഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് വകുപ്പിലുണ്ടായിരുന്നത്. ഓർഡിനൻസ് പുറത്തിറങ്ങിയെങ്കിലും പൊലീസ് ആക്ടിൽ കൂട്ടിച്ചേർത്ത 118 എ വകുപ്പ് ജനാധിപത്യ വിരുദ്ധമാണെന്ന് ആക്ഷേപം ഉയർന്നു. സർക്കാരിനെ വിമർശിക്കുന്നവരെ കുടുക്കാനാണ് പുതിയ നിയമമെന്നും വിമർശനമുണ്ടായി. സിപിഎം കേന്ദ്രനേതൃത്വവും പുതിയ നീക്കത്തെ എതിർത്തു. തുടർന്ന്, നിയമഭേദഗതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭയിൽ ചർച്ച ചെയ്തശേഷം തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. നിയമം നടപ്പിലാക്കരുതെന്ന് ഡിജിപിയും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു
മറുനാടന് മലയാളി ബ്യൂറോ