തിരുവനനന്തപുരം: സംസ്ഥാനത്തിന്റെ ഭരണ ചരിത്രത്തിൽ ആദ്യമായാണ് കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കേ ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡിജിപിയെ തൽസ്ഥാനത്തു നിന്നും മാറ്റുന്നത്. കഴിഞ്ഞ സർക്കാറിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായി ഡിജിപി സ്ഥാനത്തേക്ക് നിയമിതനായ ടി പി സെൻകുമാർ ഇടതു മുന്നണിക്ക് അനഭിമതനാണെന്ന് വ്യക്തമാകുന്ന തീരുമാനമാണ് അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നും മാറ്റിതിലൂടെ ഉണ്ടായിരിക്കുന്നത്. യാതൊരു പ്രാധാന്യവുമില്ലാത്ത പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ മേധാവിയാക്കിയതിലൂടെ സെൻകുമാരിനെ മൂലയ്ക്കിരുത്തുകയാണ് പിണറായി ചെയ്തിരിക്കുന്നത്. ഇതിലുള്ള അതൃപ്തി സെൻകുമാർ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പിണറായി വിജയൻ അധികാരമേറ്റപ്പോൾ തന്നെ പൊലീസ് തലപ്പത്ത് അഴിച്ചുപണിയുണ്ടാകുമെന്ന കാര്യം ഉറപ്പായിരുന്നു. എന്നാൽ, ഡിജിപി സെൻകുമാറിനെ മാറ്റുമെന്ന് ആരും കരുതിയിരുന്നില്ല. മുൻകാലങ്ങളിൽ ഭരണാധികാരികൾ സ്വീകരിച്ച കീഴ് വഴക്കം തന്നെയായിരുന്നു. ഈ വിശ്വാസത്തിന്റെ ആധാരവും. കഴിഞ്ഞ എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ പൊലീസ് മേധാവിയായി ജേക്കബ് പുന്നൂസ് ആയിരുന്നു ഉണ്ടായിരുന്നത്. ഉമ്മൻ ചാണ്ടി അധികാരമേറ്റപ്പോൾ അദ്ദേഹത്തെ മാറ്റാതെ തന്നെ അധികാരത്തിൽ തുടരാൻ അനുവദിച്ചു. സർവീസിൽ നിന്നും റിട്ടയർ ചെയ്യുന്നത് വരെ അദ്ദേഹം തൽസ്ഥാനത്ത് തുടരുകയും ചെയ്തു. അതിന് ശേഷവും ജേക്കബ് പുന്നൂസിന് വേണ്ട പരിഗണന നൽകാൻ ഉമ്മൻ ചാണ്ടി സർക്കാർ തയ്യാറായി. അദ്ദേഹത്തെ ദേശീയ ഗെയിംസിന്റെ ചുമതലയാക്കാരനായി നിയമിക്കുകയും ചെയ്തു.

എന്നാൽ, ഉമ്മൻ ചാണ്ടിയുടെ പാത തുടരാൻ തയ്യാറാതെ സെൻകുമാറിനെ മാറ്റാൻ പിണറായി വിജയൻ എന്തുകൊണ്ട് തീരുമാനം എടുത്തു എന്ന ചോദ്യം എല്ലായിടത്തു നിന്നും ഉയർന്നിട്ടുണ്ട്. വ്യക്താമായ കാരണം ഇതിന് സിപിഐ(എം) കണ്ടെത്തേണ്ടി വരും. ഡിജിപി, ചീഫ് സെക്രട്ടറി സ്ഥാനങ്ങളിൽ ഇഷ്ടക്കാരെ നിയമിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിരം പരിപാടിയാണ്. ഇതൊരു ഉത്തരേന്ത്യൻ മോഡലാണ് താനും. എന്നാൽ, കേരളത്തിൽ ഇത്തരമൊരു ശീലം ഇല്ല. ഉദ്യോഗസ്ഥരുടെ സീനിയോരിറ്റി പരിഗണിച്ചാണ് തസ്തികകൾ തീരുമാനിച്ചിരുന്നത്. എന്നാൽ, ഈ കീഴ്‌വഴക്കം തെറ്റിച്ചിരിക്കയാണ് സെൻകുമാറിന്റെ കാര്യത്തിൽ. ഇത് ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ എതിർപ്പിനും ഇടയാക്കുമെന്നത് ഉറപ്പാണ്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതയായ നളിനി നെറ്റോയുടെ ഇടപെടലിനെ പോലും ഈ നടപടിക്ക് പിന്നിലുണ്ടെന്ന സംശയം ഉയരുന്നുണ്ട്. പരവൂർ പുറ്റിങ്ങൽ ദുരന്തത്തിൽ ഡിജിപി സെൻകുമാറും അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും തമ്മിൽ കോർത്തിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന കാര്യത്തിലായിരുന്നു ഇരുവരും തമ്മിൽ കോർത്തത്. ആഭ്യന്തര സെക്രട്ടറിയെ മറികടന്ന് ഡിജിപിയോട് ദുരന്തത്തിന്റെ റിപ്പോർട്ട് ചോദിച്ചതായിരുന്നു നളിനി നെറ്റോയെ ചൊടിപ്പിച്ചത്.

സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നായിരുന്നു നളിനി നെറ്റോ റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ, ഇതിൽ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് വിശദീകരണം തേടുകയായിരുന്നു. തന്റെ റിപ്പോർട്ട് സർക്കാർ ഡിജിപിക്ക് അയച്ചത് ശരിയായില്ല. ഡിജിപിയുടെ റിപ്പോർട്ടും കൂടെ പരിഗണിച്ചാണ് താൻ റിപ്പോർട്ട് നൽകിയിരുന്നത്. ക്ഷേത്രത്തിൽ നടക്കാൻ പോകുന്നത് മത്സരകമ്പമെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് പൊലീസ് അവഗണിച്ചെന്നും അതിനാൽ നടപടി വേണമെന്നുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി പ്രകാശ്, ചാത്തന്നൂർ എസിപി, പരവൂർ സിഐ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും നളിനി നെറ്റോ ശുപാർശ ചെയ്തിരുന്നു.

എന്നാൽ ഇത് പൊലീസിനും ആഭ്യന്തര വകുപ്പിനും നാണക്കേടുണ്ടാക്കുമെന്നതിനാലാണ് ആഭ്യന്തരസെക്രട്ടറിയെ മറികടന്ന് സർക്കാർ ഡിജിപിയിൽ നിന്ന് നേരിട്ട് റിപ്പോർട്ട് തേടിയത്. പരവൂർ അപകടത്തിന് കാരണം ജില്ലാ 'ഭരണകൂടത്തിന്റെ വീഴ്ചയാണെന്നാണ് ഡിജിപിയുടെ വാദം. ഈ വിഷയത്തിൽ കൊമ്പുകോർത്ത നളിനി നെറ്റോ മുഖ്യമന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിയുടെ സ്ഥാനത്ത് എത്തിയപ്പോൾ സെൻകുമാറിനെ മാറ്റുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും വിലയിരുത്തലുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് വേളയിൽ വെള്ളാപ്പള്ളി നടേശന്റെ മൈക്രോ ഫിനാൻസ് തട്ടിപ്പ് എൽഡിഎഫ് തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമായി കൊണ്ടുവന്നിരുന്നു. എന്നാൽ, അന്ന് വെള്ളാപ്പള്ളിക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാൻ സെൻകുമാർ ഇടപെട്ടു എന്ന ആരോപണങ്ങളും ശക്തമായി ഉയർന്നിരുന്നു. ഈ ആരോപണങ്ങളും സെൻകുമാറിന് സ്ഥനചലനം ഉണ്ടാകാൻ ഇടയാക്കിയെന്നാണ് കരുതുന്നത്. ജിഷ വധക്കേസിൽ സർക്കാറിനെ പ്രതിരോധിക്കുന്ന നിലപാടാണ് സെൻകുമാർ സ്വീകരിച്ചത്. ഇത് പിണറായി വിജയന്റെ അനിഷ്ടത്തിന് കാരണമായി. മൈക്രോ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുമെന്നാണ് അറിയുന്നത്. അതുകൊണ്ട് കൂടിയാണ് അദ്ദേഹത്തെ മാറ്റിയതെന്നുമാണ് അറിയുന്നത്.

പുതിയ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ജിഷ വധക്കേസിലെ അന്വേഷണ സംഘത്തെ മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ, തുടക്കം മുതൽ കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റുന്നത് നല്ലതല്ലെന്ന നിലപാടാണ് സെൻകുമാർ സ്വീകരിച്ചത്. എന്നാൽ, ഈ നിലപാട് പിണറായി വജയനെ ശുണ്ഠി പിടിപ്പിക്കാൻ ഇടയാകുകയും ചെയ്തു. സർവേപരിയായി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ എന്ന ഇമേജാണ് സെൻകുമാറിനെ മാറ്റാനുള്ള മറ്റൊരു തീരുമാനത്തിന് പിന്നിൽ. തന്റെ സ്ഥാനം മാറ്റിയതിലുള്ള അതൃപ്തി സെൻകുമാർ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 35 വർഷത്തെ സേവനത്തിനിടയിൽ സ്ഥാനമാനങ്ങൾക്കായി ആരുടെയും പുറകെ പോയിട്ടില്ലെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു കഴിഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയെന്ന നിലയിൽ ഇത് തന്റെ അവസാന ഫേസ്‌ബുക് പോസ്റ്റാണെന്ന് വ്യക്തമാക്കിയാണ് സെൻകുമാർ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഐപിഎസിൽ ചേരുന്നതിന് മുമ്പ് 1981ൽ ഐഇഎസ് ഓഫീസറായാണ് താൻ ജോലി ആരംഭിച്ചത്. ഇത്രയും വർഷത്തെ സേവനത്തിനിടയിൽ സത്യസന്ധതയോടെയും ആത്മാർഥതയോടെയും നീതിപൂർവകുമായാണ് പക്ഷപാതരഹിതവുമായാണ് പ്രവർത്തിച്ചത്. ഏതെങ്കിലും സ്ഥാനത്തിനായി ആരുടെയും പുറകെ പോയിട്ടില്ല.

അതുകൊണ്ടുതന്നെ സംതൃപ്തിയോടെയാണ് വിടവാങ്ങുന്നത്. കരിയറിൽ ഒരിക്കൽപോലും സഹപ്രവർത്തകരോട് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല. തെളിവുകൾ നശിപ്പിക്കാനോ നിഷ്‌കളങ്കരായ ആളുകളെ കേസിൽ കുടുക്കാനോ ശ്രമിച്ചിട്ടില്ല. ഒരു പൊലീസ് ഓഫീസറെന്ന നിലയിൽ ഏറ്റവും വലിയ സംതൃപ്തി ഇതാണെന്നും സെൻകുമാർ ഫേസ്‌ബുക്കിലൂടെ പറയുന്നു.

കെ എസ് ബാലസുബ്രഹ്മണ്യന് പകരമാണ ജയിൽ മേധാവിയായിരുന്ന സെൻകുമാർ ക്രമസമാധാനച്ചുമതലയുള്ള ഡിജി.പി.യാകുന്നത്. സെൻകുമാറിന് 2017 ജൂൺ വരെ അദ്ദേഹത്തിന് സർവീസ് ഉണ്ട്. തൃശൂർ സ്വദേശിയാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള സെൻകുമാർ ഇന്ത്യൻ ഇക്കണോമിക് സർവീസിൽ നിന്നാണ് പൊലീസ് സേനയിലെത്തിയത്. 2008ൽ കെ.എസ്. ആർ.ടി.സി. മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചു. 2010ൽ ട്രാൻസ്പോർട്ട് കമ്മീഷണറായി. പിന്നീട് ഇന്റലിജൻസ് മേധാവിയായും സേവനം അനുഷ്ഠിച്ചു. 2013നാണ് അലക്സാണ്ടർ ജേക്കബിന് പകരം ജയിൽ ഡിജിപിയുടെ അധികചുമതല എത്തിയത്. അവിടെ നിന്നുമാണ് സെൻകുമാർ ഡിജിപിയാകുന്നതും ഇപ്പോൾ പിണറായിയുടെ അനിഷ്ഠത്തിന് ഇടയായി സ്ഥാനം തെറിക്കുന്നത്.