തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാർ ഡി ജി പിമാരായി സ്ഥാനക്കയറ്റം നൽകിയ എ. ഹേമചന്ദ്രനെയും എൻ. ശങ്കർറെഡ്ഡിയേയും തരംതാഴ്‌ത്താനുള്ള നടപടി സർക്കാർ ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സ്ഥാനക്കയറ്റം നൽകിയ ഇവരെ തരംതാഴ്‌ത്തണമെന്ന ഫയൽ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദന് കൈമാറി. മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. തീരുമാനം അംഗീകരിച്ചാൽ ഹേമചന്ദ്രനും ശങ്കർ റെഡ്ഡിക്കും ഒപ്പം മുഹമ്മദ് യാസിനും രാജേഷ് ദിവാനും ഇതോടെ എഡിജിപിമാരായി മാറും.

കേരളത്തിന് നാല് ഡി ജി പി തസ്തികയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. രണ്ട് കേഡർ തസ്തികയും രണ്ട് എക്‌സ് കേഡർ തസ്തികയുമാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയെ കൂടാതെ പൊലീസ് കൺസ്ട്രക്ക്ഷൻ കോർപ്പറേഷൻ ചെയർമാൻ ടി പി സെൻകുമാർ, വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്, എക്‌സ്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് എന്നിവരാണ് മറ്റ് ഡി ജി പിമാർ. ഡി ജി പിമാരുടെ കേഡർ തസ്തിക ആറായി ഉയർത്തണമെന്ന് കേരളം കഴിഞ്ഞ കേഡർ റിവ്യൂ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുവദിച്ചില്ല. ഇതിനിടെ പ്രമോഷൻ നൽകിയവരെ പൊലീസ് ഡയറക്ടർമാർ എന്ന തസ്തികയിൽ നിയമിക്കാനും ശ്രമിച്ചു. ഇതും കേന്ദ്രം അംഗീകരിച്ചില്ല. ഇതോടെയാണ് ഇവരെ എഡിജിപിമാരായി നിയമിക്കേണ്ട സാഹചര്യം ഉണ്ടായത്.

എ.ഡി.ജി.പിമാരായിരുന്ന എൻ. ശങ്കർ റെഡ്ഡി (മുൻ വിജിലൻസ് ഡയറക്ടർ), എ. ഹേമചന്ദ്രൻ (മുൻ ഇന്റലിജൻസ് മേധാവി), മുഹമ്മദ് യാസിൻ (തീരസുരക്ഷാ പൊലീസ് മേധാവി), രാജേഷ് ദിവാൻ (പരിശീലനവിഭാഗം മേധാവി) എന്നിവരെയാണു വിവാദതീരുമാനത്തിലൂടെ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ ഡി.ജി.പിമാരാക്കിയത്. എന്നാൽ, പിണറായി സർക്കാർ സ്ഥാനമേറ്റതോടെ പൊലീസ് തലപ്പത്ത് അടിമുടി അഴിച്ചുപണി നടത്തിയതിന്റെ ഭാഗമായി ഇവരിൽ മൂന്നുപേർക്കു സ്ഥാനചലനം ഉണ്ടായി. ശങ്കർ റെഡ്ഡിയെ ഫയർഫോഴ്‌സിലും ഹേമചന്ദ്രനെ സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലും രാജേഷ് ദിവാനെ പൊലീസ് ആസ്ഥാനത്തും മാറ്റിനിയമിക്കാൻ തീരുമാനിച്ചു. എന്നാൽ നാലും പേരും എതിർപ്പുമായെത്തി.

എ.ഡി.ജി.പി. റാങ്കുള്ള പദവികൾ സ്വീകരിക്കാൻ ഇവർ വിസമ്മതിച്ചു. അല്ലാത്തപക്ഷം, ഈ പദവികൾ ഡി.ജി.പി. റാങ്കിലേക്ക് ഉയർത്തണമെന്ന നിബന്ധന സർക്കാരിനു മുന്നിൽവച്ചു. ഇവരുടെ സ്ഥാനക്കയറ്റംതന്നെ നിയമവിരുദ്ധമാണെന്നിരിക്കേ എ.ഡി.ജി.പി. തസ്തികയിലുള്ള ശമ്പളമേ നൽകാൻ പറ്റൂവെന്ന് അക്കൗണ്ടന്റ് ജനറൽ നിലപാടെടുത്തു. ഇക്കാര്യം ചീഫ് സെക്രട്ടറിയേയും ആഭ്യന്തര സെക്രട്ടറിയേയും എ.ജി. അറിയിച്ചു. ഇതോടെ ഉമ്മൻ ചാണ്ടിയുടെ കാലത്തെ അനധികൃത പ്രമോഷന് പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രി തീരുമാനിച്ചു. ഇതു പ്രകാരം കേന്ദ്രനിയമം മറികടക്കാൻ എ.ഡി.ജി.പിക്കും ഡി.ജി.പിക്കും മധ്യേ പുതിയൊരു തസ്തികതന്നെ സർക്കാർ സൃഷ്ടിച്ചു. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എന്നതിന് താഴെ ഡയറക്ടർ ഓഫ് പൊലീസ് എന്ന തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. എന്നാൽ ഇതിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എതിർത്തു. ഇതോടെ ഈ നീക്കം പാളുകയായിരുന്നു.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡി.ജി.പിമാരായ ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിങ്, ജേക്കബ് തോമസ് എന്നിവരെ മറികടന്ന് എ.ഡി.ജി.പി: ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി നാലുപേർക്കും ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു. ജേക്കബ് തോമസിനെ ഡി.ജി.പിയായി ഉയർത്തിയതിനൊപ്പം പാറ്റൂർ ഭൂമിയിടപാട് കേസിന്റെ അന്വേഷണത്തിൽനിന്നു മാറ്റി പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷനിൽ നിയമിച്ച് ഒതുക്കുകയും ചെയ്തു. ഋഷിരാജിനും ബെഹ്‌റയ്ക്കും അർഹമായ ശമ്പളംതന്നെ നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടായി. ഭരണത്തുടർച്ചയുണ്ടായാൽ ടി.പി. സെൻകുമാറിന്റെ പിൻഗാമിയായി ഹേമചന്ദ്രനെ സംസ്ഥാന പൊലീസ് മേധാവിയാക്കാനുമായിരുന്നു നീക്കം. എന്നാൽ, എൽ.ഡി.എഫ്. അധികാരത്തിലെത്തിയതോടെ ഇതെല്ലാം പാളുകയായിരുന്നു.

1986 ബാച്ചുകാരായ ഹേമചന്ദ്രനെയും എൻ ശങ്കർറെഡിയേയും കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ അവസാന കാലത്താണ് ഡി ജി പിമാരാക്കിയത്. ഇരുവരുടെയും സ്ഥാനക്കയറ്റത്തെ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും എതിർത്തിരുന്നു. ഇന്റലിജന്റ്‌സ് എ ഡി ജി പിയായിരുന്ന ഹേമചന്ദ്രനെ ഡി ജി പി ഇന്റലിജന്റ്‌സായും വിജിലൻസ് എ ഡി ജി പിയായിരുന്ന ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറായുമാണ് മുൻ സർക്കാർ നിയമിച്ചത്. എൽ ഡി എഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ശങ്കർറെഡിയെ മാറ്റി. പകരം ജേക്കബ് തോമസിനെ നിയമിച്ചു. ശങ്കർറെഡിക്ക് പകരം നിയമനം നൽകിയതുമില്ല. ഹേമചന്ദ്രനെ ഇന്റലിജന്റസിൽ നിന്നും മാറ്റിയില്ലെങ്കിലും അദ്ദേഹത്തിന് കീഴിൽ എ ഡി ജി പി ആർ. ശ്രിലേഖയെ നിയമിച്ചു. േ

ഹമചന്ദ്രനും ശങ്കർറെഡ്ഡിക്കും എ ഡി ജി പിയായി തരംതാഴ്‌ത്തിയ ശേഷമായിരിക്കും പുതിയ നിയമനം നൽകുക. ലോക്‌നാഥ് ബെഹ്‌റ വഹിച്ചിരുന്ന ഫയർ ഫോഴ്‌സ് മേധാവി സ്ഥാനമായിരിക്കും ഹേമചന്ദ്രന് നൽകുക. ശങ്കർറെഡിക്ക് നൽകുന്ന ചുമതലയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 2017 ജൂണിൽ സെൻകുമാർ വിരമിച്ച ശേഷമേ 1986 ബാച്ചിൽ സീനിയറായ ഹേമചന്ദ്രന് ഡി ജി പി തസ്തിക ലഭിക്കു. 2020 മെയിലാണ് ഹേമചന്ദ്രന് വിരമിക്കുക.