- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറിഡിയം ലോഹം പ്രത്യേക രീതിയിൽ വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യമുണ്ടാകുമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പ്; വലിയ ആണവശേഷിയുണ്ടെന്നും സർക്കാരിന്റെ സഹായത്തോടെ ഇവ ആണവ നിലയങ്ങൾക്കു വിൽക്കാമെന്നും വിശ്വസിപ്പിക്കാനും മാഫിയ; ധർമ്മപുരിയിലെ രണ്ട് മലയാളി കൊലപാതകങ്ങൾക്ക് പിന്നിലും ആ ലോഹം; അന്വേഷണം കേരളത്തിലേക്ക്
കൊച്ചി: തമിഴ്‌നാട്ടിലെ ധർമപുരിയിൽ രണ്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ഇറിഡിയം ഇടപാട്. കൊലപാതകമാണ് ഉണ്ടായതെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ സേലം മേട്ടൂർ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറിഡിയം വിൽപനയുമായി ബന്ധപ്പെട്ട ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നതായി ധർമപുരി ജില്ലാ പൊലീസ് മേധാവി കലൈസെൽവൻ അറിയിച്ചു. എറണാകുളം വരാപ്പുഴ വലിയവീട്ടിൽ ശിവകുമാർ (50), തിരുവനന്തപുരം കുന്നുകുഴി ഷൈൻ വില്ലയിൽ നെവിൽ ജി.ക്രൂസ് (58) എന്നിവരെയാണു 19നു രാവിലെ പെരിയല്ലി വനമേഖലയോടു ചേർന്ന റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇറിഡിയം വിൽക്കാനോ വാങ്ങാനോ എത്തിയ സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട കാറിൽ നിന്നു മൊബൈൽ ഫോണുകൾ കണ്ടെടുത്ത പൊലീസ് ഇതിൽ നിന്നു നീക്കം ചെയ്ത വിവരങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ടു ചെന്നൈയിലും കോയമ്പത്തൂരും സമീപകാലത്ത് അറസ്റ്റിലായവരെ വ്യാഴാഴ്ച ചോദ്യം ചെയ്യും. നെവിലും ശിവകുമാറും കൊല്ലപ്പെടുന്നതിനു 3 മണിക്കൂർ മുൻപു സേലം പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ നിന്ന് ഇറങ്ങി കാറിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു കിട്ടിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് കേരളത്തിലും അന്വേഷണം നടത്തുന്നുണ്ട്.
ഇറിഡിയം നൽകാമെന്നു വിശ്വസിപ്പിച്ചു പണം തട്ടുന്ന സംഘത്തിന്റെ ഇടനിലക്കാർ കേരളത്തിലുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. തൃശൂർ, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു സംഘം അന്വേഷണം തുടങ്ങി. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇറിഡിയം ലോഹം പ്രത്യേക രീതിയിൽ വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യമുണ്ടാകുമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പ്. ലക്ഷക്കണക്കിനു രൂപയാണ് ആവശ്യപ്പെടുന്നത്. ഇറിഡിയത്തിനു വലിയ ആണവശേഷിയുണ്ടെന്നും സർക്കാരിന്റെ സഹായത്തോടെ ഇവ ആണവ നിലയങ്ങൾക്കു വിൽക്കാമെന്നും വിശ്വസിപ്പിച്ചും തട്ടിപ്പു നടക്കുന്നുണ്ട്.
കസ്റ്റഡിയിലെടുത്ത സേലം മേട്ടൂർ സ്വദേശിയിൽ നിന്നു ലഭിച്ച വിവരത്തെത്തുടർന്ന്, കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ വീട്ടിലെത്തി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. തന്നെ ചിലർ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ശിവകുമാർ ഒരു മാസം മുൻപു മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. സേലത്തെ ഹോട്ടലിൽ എത്തി തിരുവനന്തപുരം സ്വദേശികളായ രണ്ടു പേരാണു ഭീഷണിപ്പെടുത്തിയതെന്നു പരാതിയിൽ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയവർ പൊലീസുകാരാണെന്നു പറഞ്ഞെന്നു സൂചനയുണ്ട്. ഇതും നിർണ്ണായകമാകും.
തിരുവനന്തപുരത്തെ ഒരാളിൽനിന്നു വാങ്ങിയ ഒരു കോടിയോളം രൂപ തിരികെ നൽകിയില്ലെങ്കിൽ വരാപ്പുഴയിലെ വീട്ടിൽ വന്നു കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പാസ്‌പോർട്ട് ഇവർ പിടിച്ചുവാങ്ങിയെന്നും പരാതിയിലുണ്ട്. തുടർന്നു വരാപ്പുഴ പൊലീസ് മൊഴിയെടുത്തിരുന്നു. പുരാവസ്തുക്കൾ മലേഷ്യയിലേക്കുൾപ്പെടെ കയറ്റി അയച്ച് ഇരട്ടിലാഭം നേടാമെന്നു പറഞ്ഞു ശിവകുമാർ പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണു സൂചന.
ബിസിനസ് പങ്കാളികളായ ഇരുവരും ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറിൽ സേലത്ത് വന്നതാണ്. സേലം-ബെംഗളൂരു ദേശീയപാതയിൽ ധർമപുരി എത്തുന്നതിനുമുമ്പാണ് നല്ലപ്പള്ളി. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ ഉള്ളിൽ വനമേഖലയിലുള്ള ക്രഷർ യൂണിറ്റിനുസമീപത്തു നിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. രണ്ടിടത്തായാണ് മൃതദേഹം കിടന്നിരുന്നത്. അല്പം മാറി ഇവർ വന്ന കാറുമുണ്ട്. കാറിൽനിന്ന് മൂന്ന് മൊബൈൽ ഫോണും പഴ്‌സും കണ്ടെത്തി.
പൊലീസ് പരിശോധനയിൽ ഇരുവരുടെയും ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്ന് കണ്ടെത്തി. കൊലപ്പെടുത്തിയശേഷം മൃതദേഹം ഇവിടെ കൊണ്ടുവന്നിട്ടതാണെന്നാണ് നിഗമനം.
മറുനാടന് മലയാളി ബ്യൂറോ