- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധർമപുരി കൊലപാതകത്തിൽ തുമ്പായി നിർണായക ദൃശ്യങ്ങൾ; സേലത്തെ ഹോട്ടലിന് മുന്നിൽ വെച്ച് കൊല്ലപ്പെട്ടവരുമായി തർക്കിക്കുന്നവരുടെ സിസിടിവി ദൃശ്യം ലഭിച്ചു; ശിവകുമാറും നെവിലും സഞ്ചരിച്ച കാറിനെ ഇവർ പിന്തുടരുന്നു; നാല് പേർ കീഴടങ്ങി; കൊലപാതകത്തിലേക്ക് എത്തിയത് ഇറിഡിയം വിൽപനയുമായി ബന്ധപ്പെട്ട ഇടപാടുകൾ
സേലം: ധർമപുരിയിൽ രണ്ടു മലയാളികൾ വെട്ടേറ്റു മരിച്ച കേസിൽ 4 പ്രതികൾ തെങ്കാശിയിലെ സെങ്കോട്ടൈ ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങി. സേലം സ്വദേശികളായ ജോസഫ് വിൻസന്റ്, വിഷ്ണുവർധൻ, സുരൻ ബാബു, ഈറോഡ് ഗോവിന്ദചെട്ടിപ്പാളയം സ്വദേശി ആർ.രഘു എന്നിവരാണു കീഴടങ്ങിയത്. കോടതി 4 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇറിഡിയവുമായി ബന്ധപ്പെട്ട തർക്ങ്ങളാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് ഇവരെന്നു പൊലീസ് സംശയിക്കുന്നു. കസ്റ്റഡിയിൽ ലഭിക്കുന്നതിനു പൊലീസ് അപേക്ഷ നൽകി. കൊല്ലപ്പെട്ട മലയാളികളായ ശിവകുമാർ, നെവിൽ ജി.ക്രൂസ് എന്നിവരുമായി ഇവർ സേലത്തെ ഒരു ഹോട്ടലിനു മുന്നിൽ വച്ചു തർക്കിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ശിവകുമാറും നെവിലും സഞ്ചരിച്ച കാറിനെ ഇവർ പിന്തുടരുന്നതായും ദൃശ്യങ്ങളിലുണ്ട്.
കൊലപാതകികൾ സഞ്ചരിച്ചതായി കരുതുന്ന കേരള റജിസ്‌ട്രേഷനിലുള്ള കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി. മൃതദേഹങ്ങൾ കണ്ടെത്തിയ പെരിയല്ലി വനമേഖലയിൽനിന്നു 10 കിലോമീറ്റർ അകലെ പാറമടയ്ക്കു സമീപത്തു നിന്നാണു കണ്ടെത്തിയത്. കാർ ഇവിടെ ഉപേക്ഷിച്ചു മറ്റൊരു വാഹനത്തിൽ പ്രതികൾ കടന്നതായാണു സംശയം.
കൊലപാതകം ആസൂത്രണം ചെയ്തതു കേരളത്തിലാണെന്ന് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. കേസിൽ നേരത്തെ കസ്റ്റഡിയിലെടുത്ത സേലം സ്വദേശിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇയാളിൽനിന്നു കിട്ടിയ വിവരങ്ങളാണു പൊലീസ് അന്വേഷണം കേരളത്തിലേക്ക് എത്തിച്ചത്. ഇറിഡിയം വിൽപനയുമായി ബന്ധപ്പെട്ട ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചത്. കൊല്ലപ്പെട്ട ശിവകുമാർ ഇറിഡിയം നൽകാമെന്ന പേരിൽ പലരിൽ നിന്നായി പണം വാങ്ങിയിട്ടുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം.
ഇറിഡിയം നൽകാമെന്നു വിശ്വസിപ്പിച്ചു പണം തട്ടുന്ന സംഘത്തിന്റെ ഇടനിലക്കാർ കേരളത്തിലുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. തൃശൂർ, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു സംഘം അന്വേഷണം തുടങ്ങി. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇറിഡിയം ലോഹം പ്രത്യേക രീതിയിൽ വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യമുണ്ടാകുമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പ്. ലക്ഷക്കണക്കിനു രൂപയാണ് ആവശ്യപ്പെടുന്നത്. ഇറിഡിയത്തിനു വലിയ ആണവശേഷിയുണ്ടെന്നും സർക്കാരിന്റെ സഹായത്തോടെ ഇവ ആണവ നിലയങ്ങൾക്കു വിൽക്കാമെന്നും വിശ്വസിപ്പിച്ചും തട്ടിപ്പു നടക്കുന്നുണ്ട്.
കസ്റ്റഡിയിലെടുത്ത സേലം മേട്ടൂർ സ്വദേശിയിൽ നിന്നു ലഭിച്ച വിവരത്തെത്തുടർന്ന്, കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ വീട്ടിലെത്തി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. തന്നെ ചിലർ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ശിവകുമാർ ഒരു മാസം മുൻപു മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. സേലത്തെ ഹോട്ടലിൽ എത്തി തിരുവനന്തപുരം സ്വദേശികളായ രണ്ടു പേരാണു ഭീഷണിപ്പെടുത്തിയതെന്നു പരാതിയിൽ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയവർ പൊലീസുകാരാണെന്നു പറഞ്ഞെന്നു സൂചനയുണ്ട്. ഇതും നിർണ്ണായകമാകും.
തിരുവനന്തപുരത്തെ ഒരാളിൽനിന്നു വാങ്ങിയ ഒരു കോടിയോളം രൂപ തിരികെ നൽകിയില്ലെങ്കിൽ വരാപ്പുഴയിലെ വീട്ടിൽ വന്നു കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പാസ്പോർട്ട് ഇവർ പിടിച്ചുവാങ്ങിയെന്നും പരാതിയിലുണ്ട്. തുടർന്നു വരാപ്പുഴ പൊലീസ് മൊഴിയെടുത്തിരുന്നു. പുരാവസ്തുക്കൾ മലേഷ്യയിലേക്കുൾപ്പെടെ കയറ്റി അയച്ച് ഇരട്ടിലാഭം നേടാമെന്നു പറഞ്ഞു ശിവകുമാർ പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണു സൂചന.
ബിസിനസ് പങ്കാളികളായ ഇരുവരും ഞായറാഴ്ച രാവിലെ എറണാകുളത്തുനിന്നു സുഹൃത്തിന്റെ കാറിൽ സേലത്ത് വന്നതാണ്. സേലം-ബെംഗളൂരു ദേശീയപാതയിൽ ധർമപുരി എത്തുന്നതിനുമുമ്പാണ് നല്ലപ്പള്ളി. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ ഉള്ളിൽ വനമേഖലയിലുള്ള ക്രഷർ യൂണിറ്റിനുസമീപത്തു നിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. രണ്ടിടത്തായാണ് മൃതദേഹം കിടന്നിരുന്നത്. അല്പം മാറി ഇവർ വന്ന കാറുമുണ്ട്. കാറിൽനിന്ന് മൂന്ന് മൊബൈൽ ഫോണും പഴ്സും കണ്ടെത്തി.
മറുനാടന് മലയാളി ബ്യൂറോ