കണ്ണൂർ: കൗമാരക്കാരൻ മെനഞ്ഞ കെട്ടു കഥയിൽ നാട്ടുകാരും പൊലീസും മണിക്കൂറുകളോളം മുൾമനയിലായി. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളക്ക് പിതാവിനൊപ്പമെത്തിയ 15 കാരനാണ് മെനഞ്ഞുണ്ടാക്കിയ കഥയിൽ നാട്ടുകാരേയും പൊലീസിനേയും മുൾമുനയിലാക്കിയത്. ഗാനമേളക്കിടയിൽ രാത്രി എട്ടരയോടെ പിതാവ് വീട്ടിലേക്ക് പോയപ്പോൾ പറശ്ശിനിക്കടവ് ബസ്സ്സ്റ്റാൻഡിന് സമീപം വെള്ളം കുടിക്കാൻ പോയ തന്നെ തട്ടിക്കൊണ്ടു പോയന്നാണ് 15 കാരൻ കഥമെനഞ്ഞത്.

സ്വർണ്ണ നിറത്തിലുള്ള കാറിലെത്തിയവർ തന്നെ അവരുടെ അടുക്കലേക്ക് വിളിച്ചെന്നും അടുത്തെത്തിയപ്പോൾ കാറിൽ പിടിച്ചു കയറ്റിയെന്നുമാണ് കുട്ടി പറഞ്ഞത്. കാറിന് പിറകിലെ സീറ്റിൽ രണ്ടു പേരുടെ ഇടയിലിരുത്തിയശേഷം കാർ ധർമ്മശാലയിലേക്ക് ഓടിച്ചു പോയി. അവിടെ വച്ച് താൻ കാറിന്റെ വാതിൽ ബലമായി തുറന്ന് പുറത്ത് ചാടിയെന്നും വിരുതൻ പറഞ്ഞു.

പിന്നീട് ധർമ്മശാലയിലെ ഒരു കടയിൽ ഈ വിവരം പറയുകയും കുട്ടി പറഞ്ഞതിനനുസരിച്ച് കുട്ടിയുടെ പിതാവിനെ വിവരമറിയിക്കുകയും ചെയ്തു. ഇക്കാര്യം കാട്ടു തീ പോലെ പടർന്നു പിടിച്ചപ്പോൾ ക്ഷേത്രത്തിൽ പോകുന്നവരും വരുന്നവരുമൊക്കെ ഓടിക്കൂടി. ജനക്കൂട്ടത്തെ കണ്ട് അതു വഴി പോവുകയായിരുന്ന ആലക്കോട് സിഐ. സുരേഷും അവിടെ ഇറങ്ങി. കുട്ടിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ആരാഞ്ഞു.

അതിനിടയിൽ സ്ഥലത്ത് കുതിച്ചെത്തിയ ഹൈവേ പൊലീസ് സ്വർണ്ണ നിറമുള്ള കാറിനു വേണ്ടി ജില്ലയിലെ മുഴുവൻ പൊലീസ് സ്‌റ്റേഷനിലും വിവരങ്ങൾ കൈമാറുകയും ചെയ്തു. കുട്ടിയെ തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു വന്ന് ചോദ്യം ചെയ്തപ്പോഴും സ്വർണ്ണ നിറമുള്ള കാറും തട്ടിക്കൊണ്ടു പോകലും ആവർത്തിക്കപ്പെട്ടു. പൊലീസ് അതോടെ കൂടുതൽ ഗൗരവത്തിലായി. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കാര്യങ്ങളുടെ ഉള്ളുകള്ളി പുറത്ത് വന്നത്.

ഒരു സ്‌ക്കൂട്ടറിന് താൻ കൈ കാണിച്ചതാണെന്നും നിർത്തിയപ്പോൾ അതിൽ കയറി ധർമ്മശാലയിലെത്തിയെന്നും കുട്ടി സമ്മതിച്ചു. കുട്ടിക്ക് ഇരു ചക്രവാഹനങ്ങളിൽ കയറിപ്പോകുന്ന ശീലമുണ്ടെന്ന് പിതാവും പൊലീസിനെ അറിയിച്ചതോടെയാണ് പൊലീസിനും നാട്ടുകാർക്കും ആശ്വാസമായത്.

ഇതിനിടയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കുട്ടി പറഞ്ഞ സ്വർണ്ണ നിറമുള്ള കാറിനുവേണ്ടി പൊലീസ് തകൃതിയായി തിരച്ചിൽ തുടങ്ങിയിരുന്നു. പിന്നീട് ഇക്കാര്യം വ്യക്തമാക്കി പൊലീസ് സ്‌റ്റേഷനുകളിൽ വിവരമറിയിച്ചതോടെയാണ് കഥയുടെ പര്യവസാനം കുറിച്ചത്.