- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുധാകരന്റെ പരാമർശങ്ങൾ ഞങ്ങൾക്ക് തീരാവേദനയുണ്ടാക്കി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുധാകരന് വോട്ടുചെയ്തവരാണ് ഞങ്ങൾ; മകനെ കൊന്നുതള്ളിയ കോൺഗ്രസുകാർ വീണ്ടും തുടരുന്ന അപമാനത്തിൽ ഇനി ഞങ്ങളെന്താണ് ചെയ്യേണ്ടതെന്ന് പറയണം; പൊട്ടിക്കരഞ്ഞ് ധീരജിന്റെ മാതാപിതാക്കൾ
കണ്ണൂർ: തങ്ങളെ ഇനിയും വേട്ടയാടരുതെന്ന് ആവശ്യപ്പെട്ട് രക്തസാക്ഷി ധീരജിന്റെ മാതാപിതാക്കൾ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ട് ആവശ്യപ്പെട്ടു. കെ.പി.സി സി അധ്യക്ഷൻ കെ.സുധാകരൻ ധീരജ് ഇരന്നുവാങ്ങിയ മരണമാണെന്ന് വീണ്ടും ആവർത്തിച്ചത് തങ്ങൾക്ക് തീരാ വേദനയാണുണ്ടാക്കിയത്. മകന്റെ മരണത്തിൽ മനം നൊന്ത് മരിച്ചു ജീവിക്കുന്നവരാണ് തങ്ങളുടെ കുടുംബമെന്ന് ധീരജിന്റെ പിതാവ് രാജേന്ദ്രൻ പറഞ്ഞു.
എസ്.എഫ്.ഐ പ്രവർത്തകനായതു കൊണ്ടു മാത്രമാണ് ധീരജ് കൊല്ലപ്പെട്ടത്. ഇടുക്കി ഡി.സി സി പ്രസിഡന്റ് സി.പി മാത്യു മുരികശേരിയിൽ വെച്ചു നടത്തിയ പ്രസംഗത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്ക് ധീരജിന്റെ അനുഭവമുണ്ടാകുമെന്നാണ് അപ്പോൾ ധീരജിന്റെ കൊല ചെയ്യുന്നതിനായി ഉന്നതതല ഗൂഢാലോചന നടന്നുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുധാകരന് വോട്ടുചെയ്തവരാണ് ഞങ്ങൾ. എന്നാൽ ഞങ്ങളുടെ കുഞ്ഞിന്റെ മരണത്തിൽ അനുശോചിക്കുകയോ സാന്ത്വനിപ്പിക്കുകയോ സുധാകരൻ ചെയ്തിട്ടില്ല.
ഞങ്ങളുടെ മകൻ ധീരജിന്റെ അരുംകൊല ചെയ്തതിന്റെ ഞെട്ടലിൽ നിന്നും ഇനിയും ഞങ്ങൾ വിട്ടു മാറിയിട്ടില്ല. സാധാരണ ജീവിതത്തിലേക്ക് ഇതുവരെ തിരിച്ചുവരാൻ കഴിയാത്ത ഒരു കുടുംബമാണ് ഞങ്ങളുടെത്. ധീരജിനെ അതിക്രൂരമായി കൊല ചെയ്തിട്ടും കലി തീരാതെ വീണ്ടും ഇപ്പോൾ അപവാദ പ്രചരണത്തിലൂടെ കൊന്നു കൊണ്ടിരിക്കുകയാണ്. അക്രമം നടത്തിയ ക്രിമിനലുകളെ ഇനിയും തള്ളി പറയാൻ സുധാകരനോ കോൺഗ്രസോ ഇനിയും തയ്യാറായിട്ടില്ല.
സുധാകരന്റെയും ഡി.സി സി പ്രസിഡന്റിന്റെയും കലി തീർന്നിട്ടില്ലെങ്കിൽ ഞങ്ങളെയും കൂടി കൊല്ലട്ടെ. അവർ ഇപ്പോൾ പറയുന്നത് കള്ളും കഞ്ചാവു മടിച്ച് നടക്കുന്ന സംഘത്തിൽ പെട്ടയാളാണ് ധീരജെന്നാണ്. മകനെ കൊന്നുതള്ളിയ കോൺഗ്രസുകാർ വീണ്ടും തുടരുന്ന അപമാനത്തിൽ ഇനി ഞങ്ങളെന്താണ് ചെയ്യേണ്ടെന്ന് പറയണം. കെപിസിസി പ്രസിഡന്റും ഡി.സി.സി പ്രസിഡന്റും ഉൾപ്പെടെയുള്ളവരാണ് ഞങ്ങളെ വേട്ടയാടുന്നത്. ഞങ്ങൾ വിഷുവിനും മറ്റും കൈ നീട്ടം കൊടുക്കുന്ന ചില്ലറ പൈസ മാത്രമേ ധീരജിന്റെ കൈയിലുള്ളു. അവൻ ലഹരി ഉപയോഗിക്കുന്നയാളാണെങ്കിൽ അങ്ങനെയുണ്ടാവില്ല.
ജീവിതത്തിൽ ഒരിക്കൽ പോലും മദ്യമോ ലഹരിയോ ഉപയോഗിക്കാത്തയാളാണ് ഞങ്ങളുടെ മകനെന്ന് ധീരജിന്റെ അമ്മ പുഷ്പ കല പറഞ്ഞു. കോൺഗ്രസ് നേതാക്കൾ നിരന്തരം ലഹരിക്കെതിരെ പോരാടിയ ധീരജിനെ അപമാനിക്കാനും അപകീർത്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇതു നിരന്തരം ദൃശ്യ മാധ്യമങ്ങളിൽ അവർ പ്രചരിക്കുകയാണ്. ധീരജിനെ കുത്തിയ നിഖിൽ പൈലിക്ക് പരുകേറ്റുവെന്നാണ് അവർ പറയുന്നത്. എന്നാൽ നിഖിൽ പൈലി ഏതു ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് പറയണമെന്നും അമ്മ പുഷ്പകല ചോദിച്ചു.
ഇനിയും അപവാദ പ്രചരണം തുടർന്നാൽ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കും. ഞങ്ങളെ അറിയുന്നവർ സുധാകരന്റെ വാക്കുകേട്ട് നിങ്ങൾ അവനെ അങ്ങനെയാണോ വളർത്തിയതെന്ന് ഫോണിൽ വിളിച്ചു ചോദിക്കുന്നു. ഇനിയും ഈ അപമാനം താങ്ങാൻ കഴിയില്ല കോൺഗ്രസ് നേതാക്കൾ ഇനിയെങ്കിലും തെറ്റായ പ്രചരണം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് ധീരജിന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ധീരജിന്റെ ബന്ധുക്കളായ പി.എഫ് വേണുഗോപാൽ .പി ആർ സുഭാഷ്.ജി.രാജൻ, എന്നിവരും പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ