ന്യൂഡൽഹി: ഇന്ത്യൻ ട്വന്റി 20 ടീമിൽ നിന്ന് കരിയറിലാദ്യമായി മുൻ നായകൻ എം.എസ്. ധോണി പുറത്ത്. വിൻഡീസിനും ഓസ്‌ട്രേലിയക്കും എതിരായ പരമ്പരയിൽ വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാനായി ഋഷഭ് പന്തിനെഉൾപ്പെടുത്തിയതോടെയാണ് വിശ്വ വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച താരം പുറത്തായത്.ആരാണ് ധോണി? ഏറ്റവും മികച്ച ക്യാപ്റ്റൻ? വിക്കറ്റ് കീപ്പർ? ബാറ്റ്‌സ്മാൻ? ഫിനിഷർ? ആരാണയാൾ. കൂറ്റനടികൾ കൊണ്ട്, ബോളർമാരെ തച്ചുടച്ച് ക്രീസിൽ നിറഞ്ഞാടിയ ധോണി കളി അവസാനിപ്പിക്കുകയാണോ? അടുത്ത ലോകകപ്പ് വരെ അദ്ദേഹമുണ്ടാവില്ലേ? എന്ന ചോദ്യങ്ങളാണ് ഇതോടെ വീണ്ടും പ്രസക്തമാകുന്നത്.

വരുന്ന വിൻഡീസ്, ഓസ്ട്രേലിയ ടിട്വന്റി പരമ്പരകൾക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ധോണി ആരാധകർക്കൊപ്പം ഇന്ത്യൻ ആരാധകരും ഒന്നടങ്കം ഞെട്ടിയിരിക്കണം. കാരണം ടീം ഇന്ത്യയിൽ നിത്യ സാന്നിധ്യമായിരുന്ന ധോനി ഒടുവിൽ ടീമിന് പുറത്തായിരിക്കുകയാണ്.

ഇന്ത്യയെ നിരവധി കിരീട വിജയങ്ങളിലേക്ക് നയിച്ച മുപ്പത്തേഴുകാരൻ ഇതാദ്യമായാണ് ടീമിന് പുറത്താകുന്നത്. സമീപകാലത്ത് ഫോം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന ധോനിയുടെ കരിയർ അവസാനിക്കുന്നതിന്റെ മുന്നറിയിപ്പാണോ ഈ പുറത്താകൽ എന്നു സംശയിക്കുന്നവരുമുണ്ട്.

പ്രായം ഫോമിനെ ബാധിക്കുന്നുവെന്ന ആരോപണ ശരങ്ങൾ ഉയർന്നപ്പോഴെല്ലാം താരത്തെ പ്രതിരോധിച്ച സെലക്ടർമാരും കടുത്ത മത്സരങ്ങൾ മുന്നിൽ കണ്ടതോടെ തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു. എന്നാൽ ധോനിയുടെ ടിട്വന്റി കരിയർ അവസാനിച്ചു എന്നല്ല ഇത് സൂചിപ്പിക്കുന്നതെന്നാണ് ചീഫ് സിലക്ടർ എം.എസ്.കെ പ്രസാദിന്റെ വാക്കുകൾ. മറിച്ച് വിക്കറ്റിനു പിന്നിൽ ധോനിയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.

ധോണി അഭ്യർത്ഥിച്ചിട്ടല്ല അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്. അദ്ദേഹത്തിന്റെ മോശം ബാറ്റിങ് പ്രകടനവുമല്ല. മറ്റെന്താണ് അതിന് കാരണം? ''ഭാവി മുന്നിൽ കണ്ട് എടുത്ത തീരുമാനം,'' എന്ന് മാത്രമാണ് സെലക്ടർ എംഎസ്‌കെ പ്രസാദ് ഇതിന് നൽകിയ മറുപടി.37 വയസുണ്ട് ധോണിക്ക്. എന്നാൽ വിക്കറ്റിന് പിന്നിൽ അദ്ദേഹത്തേക്കാൾ മികച്ചൊരു കീപ്പർ ഇന്നോളം ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടായിട്ടില്ല. ഋഷഭ് പന്തിനെ ഈ നിലയിലേക്ക് വളർത്തിയെടുക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത

ധോനിക്കു പകരം റിഷഭ് പന്തിനെയും ദിനേഷ് കാർത്തിക്കിനേയും ടീമിലെടുത്തിട്ടുണ്ട്. ട്വന്റി 20 പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം നൽകിയ സെലക്ടർമാർ പകരം രോഹിത് ശർമ്മയെ നായകനായി പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയൻ പരമ്പരയിൽ വിരാട് കോലി തിരിച്ചെത്തും. പരിക്കേറ്റ ഹാർദിക് പണ്ഡ്യക്ക് വിശ്രമം നൽകിയപ്പോൾ ശ്രേയസ് അയ്യരെ ടീമിൽ ഉൾപ്പെടുത്തി. ഇതോടെ ഏകദിന ടീമിലും ധോണിയുടെ ഭാവി അനിശ്ചിതത്വത്തിലായി.

തന്റെ കരിയറിൽ ആദ്യമായാണ് താരം ടീമിൽ നിന്ന് പുറത്താകുന്നത്. അതുകൊണ്ട് തന്നെ വിരമിക്കൽ എന്ന് ചോദ്യം ധോണിക്ക് മുന്നിൽ ചോദിക്കാതെ ചോദിച്ചിരിക്കുകയാണ് സെലക്ടർമാർ എന്ന് ക്രിക്കറ്റ് പണ്ഡിതന്മാർ നിരീക്ഷിക്കുന്നു.2006-ൽ അരങ്ങേറിയ ശേഷം ഇന്ത്യ കളിച്ച 104 ടിട്വന്റി മത്സരങ്ങളിൽ 93-ലും ധോനി ടീമിലുണ്ടായിരുന്നു. അതേസമയം ഇംഗ്ലണ്ടിൽ നടന്ന മൂന്നു മത്സര ടിട്വന്റി പരമ്പരയിൽ ഒന്നിൽ മാത്രമാണ് ധോനിക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്.സമീപകാലത്ത് ബാറ്റിങ്ങിലെ മെല്ലേപ്പോക്കിന്റെ പേരിൽ ഏറെ പഴികേട്ട താരമാണ് ധോനി. പലപ്പോഴും ധോനിയുടെ ഈ മെല്ലേപ്പോക്ക് ടീമിന്റെ സ്‌കോറിങ്ങിനെ ബാധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ടീമിന് പുറത്തേക്കും.


മിന്നുന്ന കരിയർ

2007ൽ അരങ്ങേറിയ പ്രഥമ ട്വന്റി 20 ലോകകകപ്പിൽ ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് നയിച്ചാണ് നേതൃസ്ഥാനത്തെ ധോണിയുടെ ആധിപത്യത്തിന് തുടക്കമാകുന്നത്. അതിന് മുൻപ് 2006 ഡിസംബറിൽ ഇന്ത്യക്കായി ട്വന്റി 20യിൽ ജഴ്‌സിയണിഞ്ഞ ധോണി ഇതുവരെ 93 കളികൾ പൂർത്തിയാക്കി.

ഇന്ത്യ ആകെ കളിച്ച 104 ട്വന്റി മത്സരങ്ങളിൽ 93 എണ്ണത്തിലും ടീമിന്റെ നെടുംതൂണായി ധോണി ഉണ്ടായിരുന്നു എന്ന് പറയുമ്പോഴാണ് ഈ പുറത്താകലിന് പ്രാധാന്യം കൂടുന്നത്. വിക്കറ്റ് പിന്നിൽ എന്നും അത്ഭുതങ്ങൾ കാണിച്ച താരം ട്വന്റി 20യിൽ 54 ക്യാച്ചുകളും 33 സ്റ്റംമ്പിംങ്ങുകളും പേരിലാക്കി. 80 ഇന്നിങ്‌സുകളിൽ ബാറ്റ് വീശിയിട്ടുണ്ട്.

56 റൺസാണ് ഉയർന്ന സ്‌കോർ. 40 ഇന്നിങ്‌സിലും അദ്ദേഹത്തെ പുറത്താക്കാൻ ബോളർമാർക്ക് സാധിച്ചില്ല. 1487 റൺസാണ് ടി20 യിലെ സമ്പാദ്യം. പക്ഷെ ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും തന്ത്രങ്ങൾ കൊണ്ട് ധോണി ഇന്ത്യൻ ടീമിന് നേടിക്കൊടുത്തത് വിലമതിക്കാനാവാത്ത വിജയങ്ങളാണ്. പകരക്കാരനില്ലാത്ത ഒഴിവാണ് ടി20 ടീമിലും ധോണി ബാക്കിയാക്കുന്നത്.

ഇംഗ്ലണ്ടിൽ ഇന്ത്യ വിജയം നേടിയ ട്വന്റി 20 പരമ്പരയിൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് താരത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത്. ഫോമിലല്ലെങ്കിൽ പോലും കളത്തിൽ നായകൻ വിരാട് കോലിക്ക് മേലെ ഒരു സൂപ്പർ പവർ എന്ന വിശേഷണം ലഭിച്ച ധോണിയെ ഒഴിവാക്കിയത് അപ്രതീക്ഷിതമായ തീരുമാനമാണ്.

ഫോം വെല്ലുവിളിയായി

അവസാന പത്ത് ട്വന്റി 20 മത്സരങ്ങളിൽ 206 റൺസ് മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്. പ്രായം ഇന്നും ഒരു ചെറിയ പോറൽ പോലും ഏൽപ്പിക്കാത്ത കായികക്ഷമതയുള്ള ധോണിക്ക് മുന്നിൽ ഫോമാണ് വില്ലനായി മാറിയത്.

ലോകത്തെ ഏറ്റവും മികച്ച ഫിനിഷർ എന്ന വാഴ്‌ത്തപ്പെട്ട താരത്തിന് അടുത്ത കാലത്തായി ബാറ്റിംഗിൽ തൊടുന്നത് എല്ലാം പിഴയ്ക്കുന്ന കാഴ്ചയായിരുന്നു. ട്വന്റി 20യിൽ നിന്ന് താരത്തിന്റെ പുറത്താകലിന് വഴിവെച്ച വലിയ കാരണവും മറ്റൊന്നല്ല.

ടെസ്റ്റിൽ നിന്ന് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ച താരം ഏകദിനത്തിലും മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ഇതേ അവസ്ഥ വരുമെന്ന ഒരു മുന്നറിയിപ്പ് കൂടി ഈ പ്രഖ്യാപനത്തിലുണ്ട്. ലോകകപ്പ് അടുത്തിരിക്കെ ധോണിക്ക് പകരം മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടു വരുവാൻ സാധ്യതയില്ല. എങ്കിലും ഏറെ കാലമായി ഇന്ത്യൻ ക്രിക്കറ്റിനെ അടക്കി ഭരിച്ച ധോണി യുഗത്തിന്റെ പ്രഭ മങ്ങുകയാണ്.