ലോകത്തെ ഏറ്റവും വിലയേറിയ ഗർത്തമാണിത്. വിലമതിക്കാനാകാത്തത്ര വജ്രശേഖരം അടങ്ങിയിരിക്കുന്ന, വജ്രനഗരമെന്ന് വിളിപ്പേരുള്ള ഈ ഖനി സ്ഥിതി ചെയ്യുന്നത് കിഴക്കൻ സൈബീരിയയിലാണ്. മിർ ഖനിക്ക് മുകളിലൂടെ ഹെലിക്കോപ്റ്റർ പോലും പറക്കാൻ അനുവദിക്കാതെ കനത്ത സുരക്ഷയാണ് റഷ്യ ഏര്പ്പാടാക്കിയിട്ടുള്ളത്.

1,12,000 കോടി രൂപയുടെ വജ്രം മിർ ഖനിയിലുണ്ടെന്നാണ് ഏകദേശം കണക്കാക്കിയിട്ടുള്ളത്. 1772 അടി താഴ്ചയുള്ള ഖനിക്ക് 1.6 കിലോമീറ്റർ വ്യാസമുണ്ട്. സമീപത്തെ മിർനി പട്ടണക്കിൽ വലിയൊരു ഉൽക്ക പതിച്ചതുപോലാണ് ഈ ഖനിയുടെ ആകാശ ദൃശ്യം.

സോവിയറ്റ് യൂണിയനെ രണ്ടാം ലോകയുദ്ധത്തിനുശേഷം സമ്പന്നതയിലേക്ക് നയിച്ച ഖനികളിലൊന്നാണിത്. 2004-ൽ ഈ ഖനിയുടെ പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും ഇതിനുള്ളിലെ വജ്ര ഖനനം തുടരുന്നുണ്ടായിരുന്നു. ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുള്ള തുരങ്കങ്ങളിലൂടെ 2014 വരെ 60 ലക്ഷം ടൺ വജ്രം ഇവിടെനിന്ന് ശേഖരിച്ചതായാണ് കണക്കാക്കുന്ത്.

ഇതേവരെ ഖനനം ചെയ്‌തെടുത്തതും ഇനി ശേഷിക്കുന്നതുമായ വജ്രശേഖരം കണക്കാക്കിയാണ് ഈ ഖനിയുടെ മൂല്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഖനിയുടെ ഉള്ളറകളിലെ ചിത്രങ്ങൾ പുറത്തുപോകാതിരിക്കുന്നതിനുവേണ്ടിയാണ് ഇതിന് മുകളിലൂടെ ഹെലിക്കോപ്ടറുകൾ പോലും പറക്കുന്നത് നിരോധിച്ചിട്ടുള്ളത്. ഗർത്തത്തിലേക്ക് ഹെലിക്കോപ്ടറുകൾ പതിക്കാനുള്ള സാധ്യതയുണ്ടെന്ന പേരിലാണ് വ്യോമഗതാഗതം തടഞ്ഞിട്ടുള്ളത്.

ലോകത്തെ വജ്രോത്പാദനത്തിന്റെ വലിയൊരു പങ്കും സ്വന്തമാക്കിയിട്ടുള്ള അൽറോസയാണ് ഈ ഖനിയുടെ ഉടമകൾ. 2010-ൽ ഇവിടെ വജ്രനഗരം പണിയുമെന്ന് കൺസ്ട്രക്ഷൻ കമ്പനിയായ എബി എലൈസ് പ്രഖ്യാപിച്ചിരുന്നു. സൗരോർജം ഉപയോഗിച്ച് ഒരുലക്ഷം ആളുകൾക്ക് താമസിക്കാൻ പറ്റിയ വജ്രനഗരമാണ് കമ്പനിയുടെ പ്ലാൻ.