ഇസ്ലാമാബാദ്: ബലൂചിസ്താനിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിനുശേഷം പാക്കിസ്ഥാൻ ബലൂചിസ്താനിൽ ജൈവായുധങ്ങൾ പ്രയോഗിച്ചുവെന്ന് ആശങ്ക. ബലൂചിസ്താനിൽ മനുഷ്യാവകാശ ധ്വംസനം നടക്കുന്നുവെന്ന മോദിയുടെ പ്രസ്താവനയെ ബലൂച് നേതാക്കൾ അനുകൂലിച്ചതാണ് പാക്കിസ്ഥാന് പ്രകോപനമായതെന്നും റിപ്പോർട്ടുണ്ട്.

ബലൂചിസ്താനിൽ യോഗം ചേർന്ന നിരപരാധികൾക്കുമേൽ പാക് സൈന്യം രാസായുധം പ്രയോഗിച്ചെന്ന് ബലൂച് വിമോചന നേതാക്കൾ ആരോപിച്ചു. അതിനുശേഷം ജനക്കൂട്ടത്തിനുനേർക്ക് വെടിവെക്കുകയും ചെയ്തു. മരിച്ചുവീണ നിരപരാധികളുടെ കണ്ണു ചൂഴ്‌ന്നെടുത്തതായും നേതാക്കൾ ആരോപിച്ചു.

ബലൂചിസ്താനിൽ പാക് സൈന്യം ക്രൂരമായി ഇടപെടുന്നത് ഇതാദ്യമല്ല. എന്നാൽ, മോദിയുടെ പ്രസംഗത്തിനുശേഷം അത് കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കച്ചി ബോലാൻ, ക്വെറ്റ, ദേറ ബുഗ്റ്റി, മസ്താങ്, അവറാൻ തുടങ്ങിയ മേഖലകളിൽനിന്ന് ഒട്ടേറെപ്പേരെ സൈന്യം തട്ടിക്കൊണ്ടുപോകുന്നതായും ആരോപണമുണ്ട്.

കാണാതാകുന്നവരുടെ മൃതദേഹങ്ങൾ ഏതാനും ദിവസത്തിനുശേഷം കണ്ടെത്തിയതായും നേതാക്കൾ ആരോപിച്ചു. ഓരോ ദിവസവും നാലോ അഞ്ചോ പേരുടെ മൃതദേഹങ്ങൾ ഈരീതിയിൽ കണ്ടെടുക്കപ്പെടുന്നുണ്ട്. ദേറ ബുഗ്റ്റി ജില്ലയിൽ മാത്രം 50-ലേറെ നിരപരാധികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. 150-ലേറെപ്പേരെയാണ് ഇവിടെനിന്ന് കാണാതായത്.

കച്ചി ബോലൻ മേഖലയിൽനിന്ന് കുട്ടികളടക്കം 40 പേരെ പാക് സൈന്യം തട്ടിക്കൊണ്ടുപോയി. എന്നാൽ ഇവരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ഇല്ലെന്നാണ് നേതാക്കൾ പറയുന്നത്. ഗ്രാമത്തിലെ എല്ലാ ആണുങ്ങളെയും സൈന്യം തട്ടിക്കൊണ്ടുപോയി ഇവിടുത്തെ സ്ത്രീകൾ പറയുന്നു.

ബലൂചിസ്താനിൽ പാക് സൈന്യത്തിന്റെ അതിക്രമങ്ങളെക്കുറിച്ച് ഇന്ത്യയും ആശങ്ക രേഖപ്പെടുത്തി. ആളുകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതിൽ വിദേശമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ആശങ്ക രേഖപ്പെടുത്തി.