രിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും കടുത്ത ദോഷങ്ങൾ ഉണ്ടാക്കുന്ന ഡീസൽ വാഹനങ്ങളെ ലണ്ടനിൽ നിന്നും കെട്ട് കെട്ടിക്കുകയെന്ന ലക്ഷ്യത്തോടെ അവയ്ക്കെതിരെ കടുത്ത യുദ്ധമാണ് നഗരം പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസൽ വാഹനങ്ങൾക്ക് നഗരഹൃദയത്തിൽ ഇപ്പോൾ നൽകുന്ന 11.50 പൗണ്ടിന് പിന്നാലെ 12.50 പൗണ്ട് ഡീസൽ നികുതി കൂടി ഏർപ്പെടുത്തിയിരിക്കുകയാണ് മേയർ സാദിഖ് ഖാൻ. ഇതോടെ ലണ്ടനിൽ കാർ കയറ്റാൻ ഒരു ദിവസം അടയ്ക്കേണ്ടത് 24 പൗണ്ട് ആയി ഉയരുമെന്നുറപ്പാണ്. ഇതോടെ ഡീസൽ വാഹനങ്ങൾ തലസ്ഥാനത്ത് മൂന്നിരട്ടി നികുതി അടക്കേണ്ടി വരും.

പുതിയൊരു ടോക്സിറ്റി ടി- ചാർജേർപ്പെടുത്താനാണ് താൻ ശ്രമിക്കുന്നതെന്നാണ് ഖാൻ പറയുന്നത്. നിലവിൽ വീക്ക്ഡേകളിൽ കൺജെസ്റ്റൻ ചാർജായ 11.50 പൗണ്ട് രാവിലെ ഏഴ് മുതൽ വൈകുന്നേരം 6 വരെ ബാധകമാകുന്ന മേഖലകൾക്ക് മുകളിൽ തന്നെയായിരിക്കും ഈ വർഷം ഒക്ടോബർ മുതൽ നടപ്പിലാകുന്ന അധിക ചാർജായ 12.50 പൗണ്ടും ബാധകമാകുക. ചുരുക്കിപ്പറഞ്ഞാൽ അത് മുതൽ ഈ മേഖലകളിൽ ഈ സമയത്ത് ഡീസൽ വാഹനങ്ങളുമായി സഞ്ചരിക്കുന്നവർ പ്രതിദിനം 24 പൗണ്ട് നൽകേണ്ടി വരുമെന്ന് സാരം. എന്നാൽ പുതിയ ചാർജേർപ്പെടുത്തുന്നതിലൂടെ വിഷവാതകം പുറന്തള്ളുന്നത് കുറഞ്ഞ അളവിൽ മാത്രമേ നിയന്ത്രിക്കാനാവുകയുള്ളുവെന്ന വിമർശനം ശക്തമാകുന്നുണ്ട്. ഡീസൽകാറുകൾക്കുള്ള പുതിയ നികുതികൾ ഈ ഓട്ടം സ്റ്റേറ്റ്മെന്റിൽ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

2019ൽ ടി-ചാർജിന് പകരം നഗരത്തിൽ ഒരു അൾട്രാ- ലോ എമിഷൻസ് സോൺ സൃഷ്ടിക്കാനാണ് ഖാൻ പദ്ധതിയിടുന്നത്. ഇത് പ്രകാരം പുതിയ എമിഷൻസ് പരിധികൾ പാലിക്കാത്ത ഡീസൽ കാറുകളെ സെൻട്രൽ ലണ്ടനിൽ നിരോധിക്കുന്നതാണ്. നിരവധി ലണ്ടൻ ബറോകൾ ഡീസൽ കാറുകൾക്കുള്ള പാർക്കിങ് ചാർജുകൾ വർധിപ്പിച്ചിട്ടുണ്ട്. 50 ശതമാനം എൻഒ2വും അന്തരീക്ഷത്തിലേക്ക് വരുന്ന വാഹനങ്ങളിൽ നിന്നാണെന്നും തന്റെ പദ്ധതികളിലൂടെ 2020 ആകുമ്പോഴേക്കും ഇതിൽ 50 ശതമാനം കുറവ് വരുത്താനാകുമെന്നുമാണ് ഖാൻ അവകാശപ്പെടുന്നത്.

ഈ പ്ലാനുകൾ ഈ വർഷം അവസാനം നടത്തുന്ന കൂടുതൽ കൺസൾട്ടേഷനുകളിലൂടെ വ്യാപിപ്പിക്കുന്നതാണ്. ഇതിലൂടെ ഈ പ്ലാൻ 2020 ഓടെ ഹെവി ഗുഡ്സ് വാഹനങ്ങളിലേക്കും 2021 ഓടെ ഇന്നർ ലണ്ടനിൽ എല്ലാ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. ലണ്ടനിലെ വായു അനുദിനം വിഷമയമാവുകയാണെന്നും ഇവിടുത്തെ മോശപ്പെട്ട വായു കാരണം പ്രതിവർഷം 9000ത്തിൽ അധികം ലണ്ടൻ കാർ അകാലമരണത്തിന് വിധേയമാകുന്നതിനാലുമാണ് ഡീസൽ വാഹനങ്ങളെ നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും ഖാൻ വിശദീകരിക്കുന്നു.