തീവ്രവാദി ആക്രമണത്തിനിടെ കാശ്മീരിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുൽ റാഷിദിന്റെ മരണാനന്തര ചടങ്ങിനിടെ പൊട്ടിക്കരയുന്ന മകൾ പൊലീസുകാർക്കും വേദനയായി. ആച്ഛനെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് പൊട്ടിക്കരയുന്ന ഏഴുവയസുകാരി സൊഹ്‌റയുടെ ചോദ്യം കണ്ട് നിൽക്കുന്നവരെയും കണ്ണീരിലാഴ്‌ത്തി. കൂടി നിന്നവരോടൊക്കെ അച്ഛൻ മരിച്ചതെന്തിനെന്നുള്ള ചോദ്യം ചോദിച്ച് കരയുന്ന കുട്ടിയുടെ ചിത്രം ചിത്രം തെക്കൻ കശ്മീർ പൊലീസ് ഡിഐജിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

സോഹ്റയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഡിഐജി ,' നിന്റെ കണ്ണുനീർ ഞങ്ങളുടെ ഹൃദയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. പിറന്ന മണ്ണിനു വേണ്ടി നിന്റെ പിതാവ് ചെയ്ത ത്യാഗം എന്നും സ്മരിക്കപ്പെടും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാക്കാൻ മാത്രം നിനക്ക് പ്രായമായിട്ടില്ല. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നിന്റെ പിതാവിനെ പോലെ പലരും ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. അവരുടെയെല്ലാം കഥകളും അനുഭവങ്ങളും രാജ്യത്തിന് അഭിമാനിക്കാൻ ആവുന്നത്രയും വലിയചരിത്രമാണ് കുറിച്ചിരിക്കുന്നത്'

'നിന്റെ ഓരോ തുള്ളി കണ്ണുനീരും ഞങ്ങളുടെ ഹൃദയത്തെ പൊള്ളിക്കുന്നു. നിന്റെ പിതാവ് ധൈര്യത്തിന്റേയും ത്യാഗത്തിന്റേയും പ്രതീകമാണ്. സേവനത്തിനിടെ ജീവൻ വെടിഞ്ഞ നിന്റെ പിതാവിനെയോർത്ത് ഞങ്ങൾ എന്നും അഭിമാനിക്കും' ഇങ്ങനെ കുറിച്ചു.

എന്റെ പപ്പ തെറ്റായി ഒന്നും ചെയ്തിട്ടില്ല, എന്തിനാണ് അദ്ദേഹം കൊല്ലപ്പെട്ടത്?. മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്നാണ് ഇനി തങ്ങളുടെ ആഗ്രഹം' സോഹ്റയുടെ മൂത്ത സഹോദരി പറഞ്ഞു. കശ്മീരിലെ അനന്ത്നാഗിലെ തിരക്കേറിയ വ്യാപാര കേന്ദ്രത്തിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് അബ്ദുൾ റാഷിദിന് നേരെ തീവ്രവാദികൾ വെടിയുതിർത്തത്.