ബെംഗളൂരു: അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കു ജയിലിൽ പ്രത്യേക അടുക്കള അനുവദിച്ചതായി ആരോപിച്ചു റിപ്പോർട്ട് നൽകിയ ജയിൽ ഡിഐജി ഡി. രൂപയെ സ്ഥലംമാറ്റി. ട്രാഫിക് വിഭാഗത്തിലേക്കാണു രൂപയെ സ്ഥലംമാറ്റിയിരിക്കുന്നത്. സർക്കാരിനു നൽകിയ റിപ്പോർട്ട് പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് ആരോപിച്ചു രൂപയ്ക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥലംമാറ്റം.

പരപ്പന അഗ്രഹാര ജയിലിൽ ശശികലയ്ക്കു പ്രത്യേക മുറി നൽകിയിരിക്കുന്നതും അവർ നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ സന്ദർശകരോടു സംസാരിക്കുന്നതിന്റെയും തെളിവുകൾ വിഡിയോ ആയി രൂപ എടുത്തിരുന്നു. പിന്നീട് ഈ ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി വാർത്ത വന്നിരുന്നു.പ്രത്യേക പരിഗണനയ്ക്കായി ശശികല ജയിൽ ഡിജിപി ഉൾപ്പെടെയുള്ളവർക്കായി രണ്ടുകോടി രൂപ കൈക്കൂലി നൽകിയതായും രൂപ ആരോപിച്ചിരുന്നു. ദൃശ്യങ്ങൾ മനപ്പൂർവം മായ്ച്ചുകളഞ്ഞതാണെന്നും അവർ പിന്നീടു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു

ശശികലയ്ക്കുള്ള പ്രത്യേക പരിഗണന തെളിയിക്കുന്ന വിഡിയോ ദൃശ്യം ഉദ്യോഗസ്ഥരിൽ ചിലർ തന്നെ നശിപ്പിച്ചതായി ജയിൽ ഡിഐജി ഡി.രൂപ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജയിലിലെ ക്രമക്കേടുകൾ സംബന്ധിച്ചു താൻ സമർപ്പിച്ച റിപ്പോർട്ടിനെ സാധൂകരിക്കുന്ന ദൃശ്യങ്ങൾ വിഡിയോ ക്യാമറയിൽ പകർത്തിയിരുന്നു.മൊബൈൽ ഫോൺ പ്രവർത്തിക്കാത്തതിനാൽ ജയിൽ ഓഫിസിലെ വിഡിയോ ക്യാമറയാണ് ഉപയോഗിച്ചത്. വിഡിയോ ഡൗൺലോഡ് ചെയ്തു പെൻഡ്രൈവിലാക്കാൻ ജയിൽ ഓഫിസിലെ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. എന്നാൽ ക്യാമറ തിരികെ കിട്ടിയപ്പോൾ വിഡിയോ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല.

ശശികലയ്ക്കു ജയിലിൽ അനുവദിച്ചിരിക്കുന്ന സൗകര്യങ്ങളുടെ തെളിവുകളെല്ലാം വിഡിയോയിൽ ഉണ്ടായിരുന്നുവെന്നും രൂപ അവകാശപ്പെട്ടിരുന്നു. സന്ദർശകരെ കാണാൻ ശശികലയ്ക്കു പ്രത്യേക സ്ഥലം തന്നെ അനുവദിച്ചിരുന്നു. താൻ വനിതാ സെൽ സന്ദർശിച്ചിട്ടില്ലെന്ന ഡിജിപി സത്യനാരായണ റാവുവിന്റെ പ്രസ്താവനയും തള്ളിയ ഡി ഐ ജി. ജയിലിലെ കൂടുതൽ ക്രമക്കേടുകൾ ചീഫ് സെക്രട്ടറിക്കു സമർപ്പിക്കുന്ന രണ്ടാമത്തെ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നും പറഞ്ഞിരുന്നു.

ഡിജിപി സത്യനാരായണ റാവുവും ഡിഐജി രൂപയും ഇന്നലെ വെവ്വേറെ ജയിലിലെത്തിയിരുന്നു. വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ഡിഐജിയും ജയിലിലെ ഒരു ജീവനക്കാരനുമായി വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്. ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘം എത്തുന്നതിനു മുന്നോടിയായാണ് ഇരു ഉദ്യോഗസ്ഥരും ജയിലിലെത്തിയത്.