ക്രൈപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട് കൂടുതൽ നഷ്ടങ്ങളുടെ കണക്കുകൾ പുറത്ത് വന്നു. ബിറ്റ് കോയിന്റെ വില സർവ റെക്കോർഡുകളും തകർത്ത് വീണത് 3400 ഡോളറിലേക്കാണെന്നാണ് റിപ്പോർട്ട്. തൽഫലമായി തട്ടിപ്പുകാരുടെ വലയിൽ വീണ് ക്രൈപ്റ്റോ കറൻസിയിൽ കാശിട്ടവർ കൈയും കാലും ഇട്ടടിക്കുന്ന ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഇത്തരത്തിൽ ഡിജിറ്റൽ കറൻസി സ്വപ്നങ്ങൾ അവസാനിക്കുമ്പോൾ കാശ് പോയവരിൽ നിരവധി മലയാളികളും ഉൾപ്പെടുന്നുണ്ട്.

ബിറ്റ് കോയിൻ വിലയിൽ 24 മണിക്കൂറുകൾക്കിടെ കടുത്ത താഴ്ചയാണുണ്ടായിരിക്കുന്നത്. അതായത് ഡിസംബർ ആറിന് കാലത്ത് ബിറ്റ് കോയിൻ വില 3874 ഡോളർ അഥവാ 3330 പൗണ്ടായിരുന്നുവെങ്കിൽ ഡിസംബർ ഏഴിന് അത് 3403 ഡോളർ അഥവാ 2600 പൗണ്ടായിട്ടാണ് ഇടിഞ്ഞ് താണിരിക്കുന്നത്. 2018ൽ ബിറ്റ്കോയിനുണ്ടായിരിക്കുന്ന ഏറ്റവും പരിതാപകരമാ വിലയിടിവുമാണിത്. 2018ൽ ബിറ്റ് കോയിന്റെ വില ക്രമത്തിൽ കുറഞ്ഞ് കൊണ്ടിരിക്കുന്ന പ്രവണതയാണ് ആവർത്തിച്ച് കൊണ്ടിരിക്കുന്നതെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.

എന്നാൽ ഇത്രയൊക്കെ തിരിച്ചടികളുണ്ടായിട്ടും ക്രൈപ്റ്റോ കറൻസിയുടെ സാധ്യത ഉയർത്തിക്കാട്ടി മുന്നോട്ട് വരാനും ചില വിദഗ്ദ്ധർ രംഗത്തെത്തിയിരുന്നു. ബിറ്റ്കോയിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ചരിത്രമെടുത്ത് പരിശോധിച്ചാൽ ഈ കറൻസി നിരവധി വൃദ്ധിക്ഷയങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് മനസിലാക്കാനാവുമെന്നും എന്നിട്ടും ഈ ഇന്റസ്ട്രി ഇന്നും യുവത്വത്തിലാണെന്നുമാണ് കോയിൻകോർണേർസ് കോ ഫൗണ്ടറും സിഇഒയുമായ ഡാന്നി സ്‌കോട്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഇതിനിടെ ബിറ്റ്കോയിൻ നിരവധി വട്ടം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്നുവെന്നും എന്നാൽ ഈ ഇൻങറസ്ട്രിയിലുള്ളവരല്ലാതെ മറ്റാരും അതറിയാതെ പോയെന്ന ദുരവസ്ഥയുണ്ടെന്നും ഈ കറൻസിയെ പിന്തുണക്കുന്നവർ വെളിപ്പെടുത്തുന്നു. ഏറ്റവും അടുത്തായി ഇക്കഴിഞ്ഞ നവംബറിൽ ബിറ്റ് കോയിൻ നേട്ടം കൈവരിച്ചിരുന്നുവെന്നും സ്‌കോട്ട് എടുത്ത് കാട്ടുന്നു. 2018 അവസാനിക്കാനിരിക്കെ ക്രൈപ്റ്റോ കറൻസി വിദഗ്ദ്ധർ അടുത്ത വർഷം ഇതിന്റെ ഗതിയെന്തായിരിക്കുമെന്ന പ്രവചനങ്ങളും നടത്തിയിരിക്കുന്നു.

ബിറ്റ് കോയിന്റെ അടുത്ത ടെസ്റ്റിങ് ലെവൽ 2339.73പൗണ്ട് മുതൽ 2729.68പൗണ്ട് വരെയുള്ള റേഞ്ചിലുള്ളതായിരിക്കുമെന്നാണ് ഇടോറോയിലെ ക്രൈപ്റ്റോ അനലിസ്റ്റായ മാറ്റി ഗ്രീൻസ്പാൻ പ്രവചിച്ചിരിക്കുന്നത്.