തിരുവനന്തപുരം : കേന്ദ്ര സർക്കാർ പദ്ധതി സംസ്ഥാന സർക്കാർ അടിച്ചു മാറ്റിയെന്ന പരാതി വീണ്ടും. ഭൂമിയുടെ ഡിജിറ്റൽ സർവേ എന്ന പേരിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സ്വമിത്വ പദ്ധതിയെന്നാണ് ആക്ഷേപം.

കേന്ദ്ര പദ്ധതി എന്ന പേരു പരാമർശിക്കാതെ സംസ്ഥാനത്തിന്റേതായാണു നടപ്പാക്കുന്നത്. സർവേ ഓഫ് വില്ലേജസ് ആൻഡ് മാപ്പിങ് വിത് ഇംപ്രൊവൈസ്ഡ് ടെക്‌നോളജി ഇൻ വില്ലേജ് ഏരിയാസ് എന്നതിന്റെ ചുരുക്കപ്പേരാണു സ്വമിത്വ. ഡ്രോണിന്റെയും മറ്റും സഹായത്തോടെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഘട്ടംഘട്ടമായി 5 വർഷം കൊണ്ടു രാജ്യമാകെ സർവേയാണു ലക്ഷ്യം. ഇതു തന്നെയാണ് സംസ്ഥാനത്തും നടപ്പാക്കുന്നത്. കേന്ദ്ര എല്ലാ അടിസ്ഥാന സഹായങ്ങളും ഒരുക്കും. ഇതിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റാനാണ് സംസ്ഥാനം പുതിയ പേരിൽ പദ്ധതി അവതരിപ്പിച്ചതെന്നാണ് വിമർശനം.

ലൈഫ് ഭവന പദ്ധതിയിൽ അടക്കം നേരത്തെ ഈ വിമർശനം ഉയർന്നിരുന്നു. സ്വമിത്വ പദ്ധതിയുടെ പേരുമാറ്റം മനോരമയാണ് ചർച്ചയാക്കുന്നത്. ഇത് ബിജെപിയും ഏറ്റെടുത്തേക്കും. സംസ്ഥാനത്തെ സർവേ റവന്യു ജീവനക്കാർക്കു സർവേ ഓഫ് ഇന്ത്യയുടെ പരിശീലനം, നെറ്റ്‌വർക് സ്റ്റേഷനുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച് ഡിജിറ്റൽ സർവേ, വലിയ പ്രദേശങ്ങളിൽ ഡ്രോൺ സഹായത്തോടെ മാപ്പിങ്, ഭൂരേഖ കാർഡ്, കാർഡും ആധാറുമായി ബന്ധിപ്പിക്കൽ, സർവേയും പ്രയോജനവും സംബന്ധിച്ചും ഗ്രാമീണർക്കു ബോധവൽക്കരണം, ദേശീയ സംസ്ഥാനതലത്തിൽ പ്രോഗ്രാം മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കുക എന്നിവയാണു സ്വമിത്വ പദ്ധതിയിലെ പ്രധാന പ്രവർത്തനങ്ങൾ.

ഇതേ കാര്യങ്ങൾ തന്നെയാണു കേരളവും ആവർത്തിക്കുന്നതെങ്കിലും കേന്ദ്ര പദ്ധതിയുടെ പേര് പദ്ധതിക്കില്ല. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിന്റെ സഹായത്തോടെയും സർവേ ഓഫ് ഇന്ത്യയുടെയും മേൽനോട്ടത്തിലുമാണു സ്വമിത്വ നടപ്പാക്കുന്നത്. സംസ്ഥാനങ്ങളിൽ റവന്യു, പഞ്ചായത്ത് വകുപ്പുകളും ജില്ലാ ഉദ്യോഗസ്ഥരും ഇതിന്റെ ഭാഗമാകുമെന്നു കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയം വ്യക്തമാക്കുന്നു. ഇതു കേരളത്തിന്റെ സാഹചര്യത്തിൽ നഗരമേഖലയെക്കൂടി ഉൾപ്പെടുത്തി പേരു മാറ്റി അവതരിപ്പിച്ചതാണ് ഡിജിറ്റൽ സർവേ. 700 കോടിയിൽ പരം രൂപ ചെലവിട്ടു മൂന്നര വർഷം കൊണ്ടു പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപനം.

സർവേ, റജിസ്‌ട്രേഷൻ, റവന്യു എന്നീ വകുപ്പുകളിലെ ഭൂമി വിവരങ്ങളും രേഖകളും ആധുനികീകരിച്ചു സംയോജിപ്പിക്കാൻ 2008ൽ കേന്ദ്ര സർക്കാർ ആരംഭിച്ച നാഷനൽ ലാൻഡ് റെക്കോർഡ് മൊഡണൈസേഷൻ പ്രോഗ്രാം (എൻഎൽആർഎംപി പിന്നീട് ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡണൈസേഷൻ പ്രോഗ്രാം എന്നു പേരു മാറ്റി) എന്ന പദ്ധതി കേരളത്തിൽ പൂർത്തിയാക്കാനായില്ല. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ വിവരങ്ങൾ പ്രകാരം ഈ പദ്ധതി പൂർത്തിയാകാത്ത സംസ്ഥാനങ്ങളിൽ കേരളവും കശ്മീരും വടക്കു കിഴക്കൻ സംസ്ഥാനങ്ങളുമാണുള്ളത്.

രാജ്യത്താകെ 6 ലക്ഷത്തിൽപരം വില്ലേജുകളിൽ (പഞ്ചായത്തുകളുടെ കണക്കെടുത്താൽ 2.53 ലക്ഷം) പദ്ധതി തുടങ്ങി. കേരളത്തിൽ ഇതിലെ ഒരു പ്രവർത്തനവും നടന്നിട്ടില്ലെന്ന വിമർശനവുമുണ്ട്.