- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢാലോചന ആദ്യ ദിനം സ്ഥിരീകരിച്ച പ്രതി രണ്ടാം ദിനം പൊട്ടിക്കരഞ്ഞു; അപ്പുവോ ബൈജുവോ മാപ്പുസാക്ഷിയായേക്കുമെന്ന് റിപ്പോർട്ടുകൾ; കുറ്റസമ്മതം നടത്തിയ ആളിന്റെ പേര് രഹസ്യമായി സൂക്ഷിക്കും; രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിൽ ശ്രമിച്ചത് വീട്ടിലെ സംസാരത്തിലെ വസ്തുത കണ്ടെത്തൽ; മാപ്പുസാക്ഷി എത്തിയാൽ ദിലീപ് കുടുങ്ങും
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിലും പൊലീസിന് വേണ്ടത് മാപ്പുസാക്ഷി. ഇങ്ങനൊരു മാപ്പുസാക്ഷിയെ കിട്ടിയെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. എന്നാൽ മാപ്പുസാക്ഷിയാകാൻ ഇയാൾ ഇനിയും സമ്മതം മൂളിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടക്കുമ്പോൾ താൻ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നു വെളിപ്പെടുത്തിയ പ്രതിയുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് പുറത്തുവിട്ടില്ല.
ചോദ്യം ചെയ്യലിനോടു സഹകരിക്കുന്ന പ്രതിയുടെ വിവരം പുറത്തു വരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണു ക്രൈംബ്രാഞ്ച് നിലപാട്. ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഈ പ്രതിയുടെ പേരും വെളിപ്പെടുത്തലുകളുമുണ്ടാകും. നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളുടെ ചോദ്യംചെയ്യൽ 22 മണിക്കൂർ പൂർത്തിയായിരുന്നു. ശേഷിക്കുന്ന 11 മണിക്കൂറിലെ ചോദ്യംചെയ്യൽ ചൊവ്വാഴ്ച നടക്കും.
ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്തത്. കേസിൽ ഒരാളെ മാപ്പുസാക്ഷിയാക്കി മാറ്റി മറ്റു പ്രതികളുടെ കുരുക്കുമുറുക്കാൻ സാധ്യതയുണ്ട്. അപ്പു, ബൈജു എന്നിവരിലാരെയെങ്കിലും മാപ്പുസാക്ഷിയാക്കി മാറ്റാനാണ് നീക്കം. എന്നാൽ ദിലീപുമായി അടുത്തു നിൽക്കുന്ന ഇവർ മാപ്പുസാക്ഷിയാകുമോ എന്നത് സംശയമാണ്.
ബാലചന്ദ്രകുമാർ ആരോപിക്കുന്ന ഗൂഢാലോചന ദിലീപിന്റെ വീട്ടിൽ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ ഈ പ്രതി സ്ഥിരീകരിച്ചിരുന്നു. എന്നാൽ തനിക്ക് ഇതിൽ പങ്കാളിത്തമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ പ്രതി ഇന്നലെ ചോദ്യം ചെയ്യലിനിടയിൽ 2 തവണ പൊട്ടിക്കരഞ്ഞു. ആദ്യം ദിവസം നടത്തിയ വെളിപ്പെടുത്തലുകൾക്കു ശേഷം കടുത്ത മാനസിക സമ്മർദത്തിലായ പ്രതി ഇന്നലെ കാര്യമായി സംസാരിച്ചതുമില്ല. ഇയാൾക്കു വിശ്രമിക്കാൻ കൂടുതൽ സമയം നൽകി.
കേസിൽ ഈ വ്യക്തിയെ മാപ്പുസാക്ഷിയാക്കേണ്ടി വന്നാൽ മാത്രം മജിസ്‌ട്രേട്ട് മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തിയാൽ മതിയെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. തിങ്കളാഴ്ച സംവിധായകരായ റാഫി, അരുൺ ഗോപി, ദിലീപിന്റെ നിർമ്മാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻ മാനേജരടക്കം മൂന്ന് ജീവനക്കാർ എന്നിവരെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു.
തെളിവായി ശേഖരിച്ചിരിക്കുന്ന ശബ്ദസന്ദേശങ്ങൾ ദിലീപുമായി ബന്ധമുള്ളവരെ കേൾപ്പിച്ചു. ശബ്ദസാംപിൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നതിനു മുമ്പായുള്ള നടപടിയുടെ ഭാഗമാണിതെന്ന് ചോദ്യംചെയ്യലിനു നേതൃത്വംനൽകുന്ന ക്രൈംബ്രാഞ്ച് എസ്‌പി. എംപി. മോഹനചന്ദ്രൻ പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് 26 സംഭവങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ചോദ്യംചെയ്യലായിരുന്നു ആദ്യ ദിനം നടന്നത്. പ്രതികൾ നൽകിയ മൊഴികളിലെ പൊരുത്തക്കേടുകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ പുതുക്കിയ ചോദ്യങ്ങൾ വച്ചായിരുന്നു രണ്ടാം ദിവസത്തെ ചോദ്യംചെയ്യൽ.
ഗൂഢാലോചനക്കേസിനെ കൂടാതെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും ഇതിന്റെ ദൃശ്യങ്ങൾ കൈമാറിയതിനെക്കുറിച്ചുമെല്ലാം അന്വേഷണസംഘം വിവരങ്ങൾ തേടി. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപും സംഘവും ശ്രമിച്ചതായി കണ്ടെത്തിയ തെളിവുകളും ക്രൈംബ്രാഞ്ച് പ്രതികൾക്ക് മുന്നിൽവെച്ചു. സൂരജ് ഇതിനായി പണം ചെലവഴിച്ചതായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ ദിലീപ് തനിക്ക് ഒന്നും അറിയില്ലെന്നും കള്ളക്കേസാണെന്നും ആവർത്തിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ