കൊച്ചി: നടിയെ ക്വട്ടേഷൻ പ്രകാരം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിന്റെ വിചാരണ പ്രത്യേക സിബിഐ കോടതിയിൽ നിന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റുമ്പോഴും പ്രോസിക്യൂഷൻ ആവശ്യം നടക്കില്ല. വിചാരണയിൽ ജഡ്ജിക്കു മാറ്റമില്ലെന്നതാണ് വസ്തുത. ജഡ്ജിയെ മാറ്റണമെന്ന ആഗ്രഹം പ്രോസിക്യൂഷനുണ്ടായിരുന്നു. അതിജീവിത കോടതിയേയും സമീപിച്ചിരുന്നു. എന്നാൽ അത് ഇപ്പോഴത്തെ കോടതി മാറ്റത്തിൽ നടക്കുന്നില്ലെന്നതാണ് വസ്തുത.

സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് തന്നെയാണു തുടർന്നും വിചാരണ നടത്തുക. സിബിഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡീഷനൽ ജില്ലാ ജഡ്ജി കെ.കെ. ബാലകൃഷ്ണനെ സ്ഥലം മാറ്റി നിയമിച്ചിട്ടുണ്ട്. തുടർന്നു ഹണി എം. വർഗീസിനു സിബിഐ കോടതിയുടെ ചുമതല ഒഴിയേണ്ടി വന്നതിനാലാണു കേസ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റുന്നത്.

അതേസമയം, കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചിരുന്നു. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാൻ വിചാരണ കോടതി ജഡ്ജ് അനുമതി നിഷേധിച്ചതടക്കം ചൂണ്ടികാട്ടിയായിരുന്നു ആരോപണം. എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിചാരണ കോടതിക്ക് എതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.

കേസിൽ അനുബന്ധകുറ്റപത്രം നൽകിയ സാഹചര്യത്തിൽ ഇതിന്റെ പകർപ്പ് തേടി നടി വിചാരണ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹർജിയിൽ അതിജീവിത കൂടുതൽ വാദങ്ങൾ ഉയർത്തുക. ഇതിനിടെ വിചാരണ നീണ്ട് പോകുന്നത് ചോദ്യം ചെയ്ത് കേസിലെ 8 ആം പ്രതി ദിലീപ് സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്. ഇതെല്ലാം കേസിനെ സ്വാധീനിക്കും. തുടരന്വേഷണത്തിൽ സുപ്രീംകോടതി നിരീക്ഷണവും നിർണ്ണായകമാകും.

വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചത്. തന്റെ മുൻ ഭാര്യക്ക് കേരളാ പൊലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കിയെന്ന് ദിലീപ് അപേക്ഷയിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

2019 ഫെബ്രുവരി 25ലെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പ്രിൻസിപ്പൾ സെഷൻസ് കോടതിയിൽ നിന്ന് സിബിഐ മൂന്നാം കോടതിയിലേക്ക് നടിയെ ആക്രമിച്ച കേസ് മാറ്റുന്നത്. അതിജീവിത നൽകിയ ഹർജിയെ തുടർന്നായിരുന്നു നടപടി. വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റി പകരം കെ കെ ബാലകൃഷ്ണനെ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ സാഹചര്യത്തിൽ കേസിന്റെ വിചാരണ കോടതിയിൽ നിന്ന് മാറുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ ഇത്തരത്തിൽ ഹണി വർഗീസിൽ നിന്ന് കേസ് മാറില്ലെന്നാതാണ് വസ്തുത. ഹൈക്കോടതി ഉത്തരവ് മറികടക്കാൻ മറ്റ് അഡ്‌മിനിസ്‌ട്രേഷണൽ ഉത്തരവുകൾക്ക് സാധിക്കില്ലെന്നതാണ് കാരണം. അതിജീവിത നൽകിയ ഹർജിയിലാണ് കേസ് സിബിഐ കോടതി മൂന്നിലേക്ക് മാറ്റിയതെന്നിരിക്കെ, ജഡ്ജി മാറിയാലും ജഡ്ജിയുടെ കോടതിയിൽ തന്നെ കേസിന്റെ തുടർവിചാരണ നടക്കും.