കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ഉടനൊന്നും ജാമ്യം കിട്ടാൻ ഇടയില്ല. ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കും. ദിലീപിനെതിരെ 19 തെളിവുകൾ ഹാജരാക്കിയ പൊലീസ് ജീവപര്യന്തംവരെ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 56 വർഷം വരെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

അതായത് ഗൂഡാലോച തെളിഞ്ഞാൽ പൾസർ സുനിയുടെ മേൽ ആരോപിച്ചിരിക്കുന്ന എല്ലാ കുറ്റവും ദിലീപിനും ബാധകമാകും, ഇപ്പോൾ കേസിൽ പതിനൊന്നാം പ്രതിയായ ദിലീപ് പുതിയ കുറ്റപത്രം വരുന്നതോടെ രണ്ടാം പ്രതിയായേക്കും. ദിലീപിനെ കൂടുതൽ ചോദ്യംചെയ്യാൻ പൊലീസ് ബുധനാഴ്ച കസ്റ്റഡി അപേക്ഷ നൽകും. ദിലീപിന്റെ ജാമ്യാപേക്ഷയും കോടതി ബുധനാഴ്ച പരിഗണിക്കും. അഡ്വ. കെ. രാംകുമാറാണ് ദിലീപിനുവേണ്ടി കോടതിയിൽ ഹാജരാകുന്നത്.

പൾസർ സുനി മജിസ്ട്രേറ്റിന് മുന്നിൽ കുറ്റസമ്മതമൊഴി കൂടി നടത്തിയാൽ ദിലീപിന് വിചാരണ കടുത്തതാകും. 2013-ൽ ഗൂഢാലോചന നടന്നു എന്നു തെളിയിക്കാനുള്ള ശാസ്ത്രീമായ തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ്. 11 വകുപ്പുകളാണ് പൊലീസ് ദിലീപിനുമേൽ ചുമത്തിയിട്ടുള്ളത്. ഇവയിൽ ഓരോന്നിനും കോടതി വെവ്വേറെ ശിക്ഷ വിധിക്കും. അങ്ങനെ വന്നാൽ 56 കൊല്ലത്തെ ശിക്ഷ ദിലീപിനും ലഭിക്കാം.

എന്നാൽ എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന നിലപാട് വിധിയിലുണ്ടെങ്കിൽ ഇതിൽ ഏറ്റവും കൂടുതൽ ശിക്ഷ മാത്രം അനുഭവിച്ചാൽ മതിയാകും. അങ്ങനെ വന്നാലും കൂട്ടമാനഭംഗം കുറ്റത്തിന് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. അത്തരത്തിൽ കടുത്ത വകുപ്പുകളാണ് ദിലീപിന് നേരെ എത്തുന്നത്.

ചുമത്തിയ വകുപ്പുകൾ ഇങ്ങനെ

ഐപിസി 120 (ബി) - ഗൂഢാലോചന (ഐടി ആക്ട്)
ഐപിസി 506 (1) ഭീഷണിപ്പെടുത്തൽ - 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം
ഐപിസി 366 - തട്ടിക്കൊണ്ടുപോകൽ - 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം
ഐപിസി 376 (ഡി) - കൂട്ടമാനഭംഗം - 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം
ഐപിസി 67 (എ) - അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ - 4 വർഷം വരെ തടവ്ശിക്ഷ ലഭിക്കാം
ഐപിസി 66 (ഇ) - സ്വകാര്യതയെ ലംഘിക്കൽ - 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം
ഐപിസി 201 - തെളിവ് നശിപ്പിക്കൽ - 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം
ഐപിസി 411 - മോഷണമുതൽ കൈവശം സൂക്ഷിക്കൽ - 3 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം
ഐപിസി 212 - കുറ്റവാളിയെ സംരക്ഷിക്കൽ - 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം
ഐപിസി 34 - ഒരേ ലക്ഷ്യത്തോടെ കുറ്റം ചെയ്യൽ
ഐപിസി 342 - അന്യായമായി തടങ്കലിൽ വയ്ക്കൽ - ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം

ഫോൺവിളികളുടെ വിശദാംശങ്ങൾ പൾസർ സുനിയുമായി ദിലീപിനെ ബന്ധിപ്പിക്കുന്ന പ്രധാന തെളിവുകളാകും. ഷൂട്ടിങ് ലൊക്കേഷനുകളിൽ സുനി എത്തിയതടക്കമുള്ള ചിത്രങ്ങളും കുറ്റപത്രത്തിൽ നിർണായകമാകും. ഗൂഢാലോചന നടത്തിയ ഹോട്ടലിൽ ദിലീപ് താമസിച്ചതിന്റെ ബില്ലുകളും സുനിയുമായി നടത്തിയ ഗൂഢാലോചനയുടെ തെളിവായി പൊലീസ് കോടതിയിലെത്തിക്കും. തിങ്കളാഴ്ച സന്ധ്യക്ക് ആറരയോടെ അറസ്റ്റുചെയ്ത ദിലീപിനെ ചൊവ്വാഴ്ച രാവിലെ കനത്ത പൊലീസ് കാവലിലാണ് അങ്കമാലിയിലെ മജിസ്ട്രേറ്റിനുമുന്നിലെത്തിച്ചത്. ആളുകൾ കൂടുന്നതിനുമുമ്പ് ഹാജരാക്കാനായി പുലർച്ചെതന്നെ പൊലീസ്‌ക്ലബ്ബിൽനിന്ന് കൊണ്ടുപോകുകയായിരുന്നു.

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ഒന്നരക്കോടി രൂപയ്ക്കാണ് ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത്. രണ്ടുലക്ഷംരൂപ മുൻകൂറായും നൽകി. ഇത് ദിലീപിന്റെ അടുത്തബന്ധുവാണ് കൈമാറിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ വസ്ത്രവ്യാപാരസ്ഥാപനത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, സുനി സംഭവത്തിനുശേഷം ഇവിടെയെത്തിയിരുന്നതായി കണ്ടെത്തി. ഇവിടെവച്ചാണ് പണം കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പണം കൈമാറിയതുസംബന്ധിച്ച് ചില സാക്ഷിമൊഴികളും പൊലീസ് അന്വേഷണത്തിൽ നിർണായകമായിരുന്നു.

ദിലീപിനെയും സുനിയെയും ചോദ്യംചെയ്തതിനുപുറമേ ഇവരുമായി വളരെയടുത്ത ബന്ധമുള്ള ഇരുപതോളംപേരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളെല്ലാം ശക്തമായ തെളിവുകളായിട്ടാണ് പൊലീസ് കുറ്റപത്രത്തിൽ ചേർക്കാനൊരുങ്ങുന്നത്. ഇവരിൽ പ്രശസ്തരും അപ്രശസ്തരുമായ ആളുകളുണ്ടെന്നാണ് സൂചനകൾ. ആലുവ സബ്ജയിലിൽ ദിലീപ് 523ാം നമ്പർ റിമാൻഡ് തടവുകാരനാണ് ഇപ്പോൾ.

2013 മാർച്ച് 26 മുതൽ ഏപ്രിൽ ഏഴുവരെ പലതവണ എറണാകുളം അബാദ് പ്ലാസ ഹോട്ടലിലെ 410ാം നമ്പർ മുറിയിൽ കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) ദിലീപിനെ കണ്ടു കുറ്റകൃത്യത്തിനുള്ള ഗൂഢാലോചനയ്ക്കു തുടക്കമിട്ടെന്ന് അന്വേഷണ സംഘം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കുറ്റകൃത്യം നടപ്പാക്കിയ 2017 ഫെബ്രുവരി 17നു മുൻപു പല സ്ഥലങ്ങളിൽ ദിലീപും സുനിയും കണ്ടുമുട്ടി. സുനിയെ ഒരിക്കൽപ്പോലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന ദിലീപിന്റെ ആവർത്തിച്ചുള്ള ആണയിടൽ പച്ചക്കള്ളമെന്നു റിമാൻഡ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു.

'ജോർജേട്ടൻസ് പൂരം' ചിത്രീകരണവേളയിൽ 2016 നവംബർ 13നു തൃശൂർ ടെന്നിസ് ക്ലബ്ബിൽ നിർത്തിയിട്ട കാരവൻ വാഹനത്തിന്റെ മറവിൽ ദിലീപും സുനിയും സംസാരിക്കുന്നതു കണ്ടെന്നു സാക്ഷിമൊഴിയും പൊലീസിന് കിട്ടിയിട്ടുണ്ട്. 2016 നവംബർ എട്ടിനു എറണാകുളം തോപ്പുംപടി പാലത്തിനു സമീപം വെല്ലിങ്ടൺ ഐലൻഡിലെ 'സിഫ്റ്റ്' ജംക്ഷൻ, നവംബർ 14നു തൊടുപുഴ ശാന്തിഗിരി കോളജിനു സമീപം ഷൂട്ടിങ് ലൊക്കേഷൻ എന്നിവിടങ്ങളിൽ പ്രതികൾ കണ്ടതിനും തെളിവുണ്ട്.