കൊച്ചി: നടിയെ ഉപദ്രവിച്ച കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക്. കേസിൽ നാദിർഷായേയും അപ്പുണ്ണിയേയും ഉടൻ അറസ്റ്റ് ചെയ്യും. പ്രതിയായ നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റത്തിനുള്ള തെളിവു ശേഖരണവും ഏതാണ്ടു പൂർത്തിയാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കാവ്യാ മാധവൻ, റിമി ടോമി, സിദ്ദിഖ് എന്നിവരുടെ കാര്യത്തിൽ മതിയായ തെളിവുകൾ കിട്ടിയിട്ടില്ല. പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ. കാവ്യാ മാധവൻ, റിമി ടോമി, സിദ്ദിഖ് എന്നിവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവൊന്നും കിട്ടിയിട്ടില്ല. ഇവർക്കെതിരെ ദിലീപും മൊഴി നൽകുന്നില്ല. നിലവിലെ സാഹചര്യത്തിൽ കേസിൽ പൾസർ സുനി ഒന്നാം പ്രതിയും ദിലീപ് രണ്ടാം പ്രതിയുമാകുമെന്നാണ് സൂചന.

ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച തൊണ്ടിമുതലായ മൊബൈൽ ഫോൺ നശിപ്പിച്ചെന്ന അഭിഭാഷകരുടെ കുറ്റസമ്മതമൊഴികൾ അന്വേഷണം ദിലീപിൽ അവസാനിപ്പിച്ചേക്കും.എന്നാൽ, മാധ്യമങ്ങളോടു സംസാരിക്കാൻ ലഭിക്കുന്ന ഓരോ അവസരത്തിലും സുനിൽ, കേസിലിനിയും വലിയ സ്രാവുകൾ പ്രതി സ്ഥാനത്തുണ്ടെന്നു സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, ദിലീപിന്റെ പേരു വെളിപ്പെടുത്തിയതുപോലെ വലിയ സ്രാവുകളുടെ പേരുകൾ വെളിപ്പെടുത്തുന്നുമില്ല. കേസ് അന്വേഷണം നീട്ടികൊണ്ടുപോകാനുള്ള സുനിലിന്റെ തന്ത്രമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ദിലീപും പൾസറും തമ്മിൽ ബന്ധപ്പെട്ടതിന് മാത്രമേ തെളിവുള്ളൂ. ദിലീപിനെ ഗൂഢാലോചനക്കേസിലും നാദിർഷായേയും അപ്പുണ്ണിയേയും തെളിവ് നശിപ്പിക്കൽ കേസിലുമാകും പ്രതിയാക്കുക.

അതിനിടെ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ പൊലീസ് തുടങ്ങി. ഗൂഢാലോചനയിൽ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം നേരിടുന്ന രണ്ട് അഭിഭാഷകരുടെ മൊഴികളാണ് അന്വേഷണത്തിൽ പൊലീസിനു തലവേദന സൃഷ്ടിക്കുന്നത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ സംബന്ധിച്ച നിർണായക ചോദ്യത്തിനുള്ള ഉത്തരം ഒഴികെ മുഴുവൻ ചോദ്യങ്ങൾക്കും വസ്തുതാപരമായി അഭിഭാഷകർ അന്വേഷണ സംഘത്തോടു മറുപടി പറയുന്നുണ്ട്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിൽനിന്നു കേസിലെ പൾസർ സുനി കോപ്പി ചെയ്തിരുന്നു. ഇവയിൽ ചിലതാണു പൊലീസ് കണ്ടെത്തി മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

ദിലീപ് ജാമ്യത്തിനായി ശ്രമിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സ്ത്രീപീഡനകേസുകളിൽ സുപ്രീംകോടതിയുടെ നിലപാട് പ്രതികൾക്ക് അനുകൂലമല്ലെന്ന നിയമോപദേശത്തെ തുടർന്നാണ് ജാമ്യത്തിനായി ദിലീപ് വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കുമെന്നാണ് സൂചന. രാമൻ പിള്ളയാണ് പുതിയ അഭിഭാഷകൻ. അതുകൊണ്ട് തന്നെ കുറ്റപത്രം സമർപ്പിച്ച് ദിലീപിനെ വിചാരണ തടവുകാരനാക്കാനാണ് നീക്കം. ദിലീപിന്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർക്കുമെന്ന് തന്നെയാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തിയില്ല, ദിലീപിന്റെ മാനേജർ അപ്പുണ്ണി ഒളിവിലാണ് എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തത്.

എന്നാൽ അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകുകയും, ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചതായി കേസിലെ പ്രതികളായ അഭിഭാഷകർ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ കുറ്റസമ്മത മൊഴി നൽകുകയും സാഹചര്യത്തിൽ ജാമ്യഹർജിയെ എതിർക്കാൻ പൊലീസിന് പുതിയ അന്വേഷണ വിവരങ്ങൾ മുന്നോട്ട് വെയ്ക്കേണ്ടിവരും. പ്രതി പ്രബലനാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്റെ വാദം കൂടെ പരിഗണിച്ചായിരുന്നു ജാമ്യം തള്ളിയത്. മജിസ്ട്രേട്ട് കോടതിയും, പിന്നീട് ഹൈക്കോടതിയും ദിലീപിന്റെ ജാമ്യപേക്ഷ തള്ളിയിരുന്നു.

പിന്നീട് ദിലീപ് ജാമ്യപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ വെച്ച് ആ നീക്കത്തിൽ നിന്ന് ഇവർ പിൻവലിയുകയായിരുന്നു.