കൊച്ചി: മുഴുനീള ക്രൈം ത്രില്ലർ ചിത്രം പോലെ ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിനും കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും നിയമനടപടികൾ അവസാനിക്കുന്നില്ല. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണസംഘം. എന്നാൽ കേസു തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ദിലീപ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകനായ ബി.രാമൻ പിള്ള വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനുള്ള അപേക്ഷ തയാറാക്കിവച്ചിട്ടുണ്ട്. നേരത്തെ തന്നെ കോടതിയിൽ നൽകാനിരുന്നതാണ്. എന്നാൽ ജാമ്യാപേക്ഷയിൽ വിധി പറയാനിരുന്നതിനാലാണ് വൈകിയത്. ഇന്നോ, അടുത്ത ദിവസമോ തന്നെ കോടതിയിൽ നൽകുമെന്നും അദ്ദേഹം പറയുന്നു.

നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കുന്നതിനു വേണ്ടി മുൻ അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ കെട്ടിച്ചമച്ച കഥയാണ് ഗൂഢാലോചനക്കേസ്. തെളിവുണ്ടാക്കുന്നതിനു വേണ്ടി ദിലീപിനെ അറസ്റ്റു ചെയ്യാനാണ് ഈ കേസ് ഉണ്ടാക്കിയത്. എഫ്‌ഐആറിൽ ആരോപിച്ച ഒന്നും നിലനിൽക്കുന്നതല്ല എന്നു ബോധ്യപ്പെട്ടതിനാലാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും ബി.രാമൻ പിള്ള പറയുന്നു.

ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും ആലുവയിലെ വീടുകൾക്ക് മുന്നിൽ രാവിലെ തന്നെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തമ്പടിച്ചിരുന്നു. മുൻകൂർ ജാമ്യം തള്ളിയാൽ അപ്പോൾ തന്നെ വീട്ടിൽക്കയറി അറസ്റ്റു ചെയ്യാനായിരുന്നു തീരുമാനം. കോടതി ഉത്തരവ് വന്ന് മിനിറ്റുകൾക്കുള്ളിൽത്തന്നെ അന്വേഷണസംഘം ഇവിടെനിന്ന് പിൻവാങ്ങുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ ധാരണ.

ദിലീപിന്റെ കസ്റ്റഡിയിൽ വേണം എന്ന നിലപാടിൽ ഉറച്ചു നിൽക്കും. എന്നാൽ ഹൈക്കോടതിയിൽ ഹാജരാക്കിയതിൽ കൂടുതൽ തെളിവുകൾ സുപ്രീംകോടതിയിൽ അവതരിപ്പിച്ചെങ്കിലേ പിടിച്ചുനിൽക്കാൻ കഴിയൂ എന്ന ബോധ്യം േ്രേപാസിക്യൂഷനുണ്ട്. അതുകൊണ്ടു തന്നെ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകളുടെ ഫൊറൻസിക് പരിശോധനാ ഫലം കൂടി കിട്ടിയശേഷം മേൽക്കോടതിയെ സമീപിച്ചാൽ മതിയോ എന്നും ആലോചിക്കുന്നുണ്ട്.

നിലവിലെ തിരിച്ചടി മറികടക്കാൻ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടത് ക്രൈംബ്രാഞ്ചിന് അത്യാവശ്യമാണ്. എന്നാൽ മുൻകൂർ ജാമ്യം നൽകിയ ആത്മവിശ്വാസത്തിൽ കേസിനെ നേരിടാനാണ് ദീലീപിന്റെ നീക്കം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് തന്നെ റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടും.

നടിയെ ആക്രമച്ച കേസിലെ തുടരന്വേഷണവും പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നിർണായകമാണ്. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ മുൻകൂർ ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യവും പ്രതിഭാഗം ഉയർത്തിക്കാട്ടും. ഈ കേസിലും കൂടുതൽ തെളിവുകൾ ഹാജരാക്കുക എന്നത് അന്വേഷണസംഘത്തിന് നിർണായകാണ്.

അറസ്റ്റ് നടപടികൾ സാധ്യമല്ലെങ്കിലും നടിയെ ആക്രമച്ച കേസിലെ തുടരന്വേഷണത്തിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യതിന് നിയമപരമായി തടസമില്ല. ദീലിപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന എറണാകുളം ചിത്രാഞ്ജലി ലാബിൽ ചൊവ്വാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സമയവും തീയതിയും വെച്ചുള്ള വൻ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. വാദിയുടേയും പ്രതിയുടേയും ഭാഗത്തുനിന്ന് ഹാജരാക്കപ്പെട്ട ശബ്ദരേഖയും അടക്കം പ്രോസിക്യൂഷനും പ്രതിഭാഗവും എല്ലാവാദമുഖങ്ങളും നിരത്തി മണിക്കൂറുകൾ വാദിച്ചു.

കേസിൽ ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങളായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ നടന്നത്.

തന്നെ കേസിൽ കുടുക്കിയവരുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ അവർ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് നടത്തിയത് അല്ലാതെ വധഗൂഢാലോചന ആയിരുന്നില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ചില ഉദ്യോഗസ്ഥർ വ്യക്തിപരമായ വൈരാഗ്യം തീർക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാസമ്പന്നമായ കഥയാണ്. വധഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ദിലീപിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ പങ്കാളിത്തം മുതൽ ഓരോ കാര്യങ്ങളും പരിശോധിക്കണം. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ദിലീപ് ബുദ്ധിപൂർവം ഗൂഢാലോചന നടത്തി തന്ത്രപൂർവം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

ഇതൊരു അസാധാരണ കേസാണ്. ഈ കേസിൽ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് പരിഗണിക്കേണ്ടത്. കുറ്റകൃത്യം നടത്തിയിട്ടില്ലെന്നത് അല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തി വൈരാഗ്യമല്ല കേസിന് പിന്നിൽ. ക്രൈംബ്രാഞ്ചിന് ഈ കേസുമായി ബന്ധപ്പെട്ട് ദുരുദ്ദേശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ബാലചന്ദ്രകുമാറുമായി ബന്ധമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.

എന്നാൽ പൂർണമായും കെട്ടിച്ചമച്ച കഥയാണ് ഗൂഢാലോചനക്കേസെന്നാണ് ദിലീപിന്റെ അഭിഭാഷകൻ ഉന്നയിക്കുന്നത്. പ്രതി ഓഡിയോ റെക്കോർഡ് ചെയ്‌തെന്നു പറയുന്ന ടാബില്ല, ലാപ്‌ടോപില്ല. കേസുണ്ടാക്കാൻ വേണ്ടി മനഃപൂർവം ഉണ്ടാക്കിയതാണ് ഇവ. അന്വേഷണ ഉദ്യോഗസ്ഥനുമായി കൂടിച്ചേർന്ന് തയാറാക്കിയ തിരക്കഥയാണ് എല്ലാം. ഗൂഢാലോചനക്കേസിൽ മൊബൈൽ ഫോൺ പരിശോധിക്കേണ്ട കാര്യമില്ലാത്തതിനാലാണ് എതിർത്തത്. ഇതിൽ ഫോണിന് ഒരു ബന്ധവുമില്ലെന്നും അഭിഭാഷകൻ പി. രാമൻ പിള്ള പറയുന്നു.

കോടതിയിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസിൽ തെളിവ് ഇല്ലെന്നു മനസിലായതിനാൽ ദിലീപിനെ കസ്റ്റഡിയിൽ വാങ്ങി കള്ളത്തെളിവുണ്ടാക്കാനായി കെട്ടിച്ചമച്ചതാണ് കേസ്. ഒരു കേസിലും പ്രതിയോട് തെളിവു ഹാജരാക്കാൻ പറയാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിയമപരമായ അവകാശമില്ല. ജാമ്യം അനുവദിച്ചില്ലെങ്കിൽ അപ്പോൾ തന്നെ പിടിച്ചോണ്ടു പോകാനായി പൊലീസ് ഫോഴ്‌സ് മുഴുവൻ ഉപയോഗിച്ചു.

അന്വേഷണ സംഘം നൽകിയ ആദ്യ കേസിൽ ബൈജു പൗലോസിനെ കുറിച്ചോ സന്ധ്യയെ കുറിച്ചൊ പരാമർശമില്ല. ഉദ്യോഗസ്ഥർ അനുഭവിക്കും എന്നു മാത്രമാണ് പറഞ്ഞത്. എന്നാൽ പിന്നീട് ഒരു മൊഴി ഉണ്ടാക്കി ഉദ്യോഗസ്ഥരുടെ പേര് ഉൾപ്പെടുത്തി ഒരു കഥയുണ്ടാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ എഫ്‌ഐആർ ഉണ്ടാക്കിയതിലാണ് ഗൂഢാലോചനയുള്ളത്. പൊലീസ് ഉദ്യോഗസ്ഥരും ബാലചന്ദ്രകുമാറും നടത്തിയ ഗൂഢാലോചനയാണിത്. അദ്ദേഹം നൽകിയ പരാതിയിൽ 2021 ഏപ്രിലിൽ എഡിജിപി ബി.സന്ധ്യയെ ബന്ധപ്പെടാൻ ശ്രമിച്ചെന്നു പറയുന്നുണ്ട്. അന്നു തുടങ്ങിയ ഗൂഢാലോചനയാണ് ഇത്.

ജില്ലാ കോടതിയിൽ കേസ് വരുന്നതിനു മുൻപ് 2018 ജനുവരി 31ന് വിചാരണക്കോടതിയിൽവച്ച് ദിലീപ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ഒരു വാദം. പറഞ്ഞ തീയതിക്കു വിചാരണക്കോടതിയിൽ ദിലീപ് വന്നിട്ടില്ല. ഒരു ഉത്തരവാദിത്തവുമില്ലാതെ എങ്ങനെയും ദിലീപിനെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു ഉദ്ദേശ്യം. പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവുമില്ലെന്നു പറഞ്ഞാണ് കോടതി ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വസ്തുതയില്ല. ആദ്യത്തെ കേസിൽ 350 സാക്ഷികളുണ്ട്. അതിൽ ദിലീപിന്റെ ബന്ധുക്കൾക്കെതിരെയാണ് ആരോപണം. സഹോദരൻ, സഹോദരി, ഭാര്യ, അടുത്തബന്ധുക്കൾ എന്നിവർ വന്ന് എതിർ പറയണമെന്നാണ് പറയുന്നത്. പൊലീസിനു മൊഴിയെടുക്കുമ്പോൾ ഒപ്പിടീക്കേണ്ടതില്ല. അതു പിന്തുണയ്ക്കാൻ ഒരു സാക്ഷിക്കും ബാധ്യതയില്ല. പൊലീസ് എഴുതുന്ന മൊഴിയിൽ ഒപ്പിടീക്കരുതെന്ന് നിയമം പറയുന്നുണ്ട്. അവർ എഴുതിവച്ച കളവിനെ പിന്തുണയ്ക്കാനാവില്ലെങ്കിൽ പിന്തുണയ്ക്കില്ല. അതിൽ യാതൊരു തെറ്റുമില്ല. എന്തും പറഞ്ഞ് ദിലീപിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു നീക്കം.

കോടതിയെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും വ്യക്തമായി പരിഗണിച്ച് വസ്തുതയില്ലെന്നു കണ്ടാണ് കേസിൽ കോടതി വിധി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ വസ്തുതകൾ അറിയാതെയാണ് ചർച്ചകൾ നടത്തുന്നതെന്ന വിമർശനവും അഭിഭാഷകൻ പി. രാമൻ പിള്ള കുറ്റപ്പെടുത്തുന്നു.