കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതിയുടെ വിധി ഇന്ന് അറിയാം. ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് ദിലീപ് ഫോണുകൾ കൈമാറിയെങ്കിലും ഈ ഫോണുകൾ ഏതെല്ലാമാണെന്നതിൽ സംശയമുണ്ട്. അതിനിടെ ദിലീപിനെതിരെ നിലപാട് കടുപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയാൽ ഉടൻ ദിലീപിനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യും. സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള സാഹചര്യം നൽകാതിരിക്കാനാണ് ഇത്. ദിലീപും അനുജനും അളിയനും പൊലീസ് നിരീക്ഷണത്തിലാണ്.

ദിലീപിന് കിട്ടുന്നതുപോലുള്ള ആനുകൂല്യം ഏതെങ്കിലും പ്രതികൾക്ക് കിട്ടുമോ എന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ചോദിച്ചത്. മറ്റൊരു കേസിലെ നിർണായക തെളിവുള്ളതിനാൽ ഫോൺ നൽകാനാവില്ലെന്ന് പ്രതി പറയുന്നു. പിന്നീട് ഫോൺ എവിടെ പരിശോധിക്കണമെന്നു നിർദ്ദേശിക്കുന്നു. കേട്ടുകേൾവിയുണ്ടോ ഇതൊക്കെ. അന്വേഷണോദ്യോഗസ്ഥരെ വധിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് ധാരാളം തെളിവുകൾ ലഭിച്ചുകഴിഞ്ഞു. കേസ് ഡയറി ഹാജരാക്കാം. പ്രതികൾ അന്വേഷണോദ്യോഗസ്ഥനുമുന്നിൽ കീഴടങ്ങാൻ നിർദ്ദേശിക്കണം. ഗൂഢാലോചനക്കേസ് അട്ടിമറിക്കാനാണ് ദിലീപ് ഫോണുകൾ മുംബൈയിലേക്കു കടത്തിയതെന്നും വാദിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണനും ഹാജരായി. അങ്ങനെ ദിലീപ് കേസിൽ പ്രോസിക്യൂഷൻ നിലപാട് കടുപ്പിച്ചു. ഫോണിലെ ആശയ കുഴപ്പങ്ങളെ വീണ്ടും വീണ്ടും ചർച്ചയാക്കി. ഇതിനിടെ ദിലീപും വ്യക്തമായ ന്യായങ്ങളുയർത്തി.

വ്യാജ തെളിവുണ്ടാക്കാനാണ് ഫോണിനുവേണ്ടി നിർബന്ധം പിടിക്കുന്നതെന്നായിരുന്നു ദിലീപിന്റെ മറുപടി. പ്രായമായ അമ്മയെമാത്രം പ്രതിചേർത്തില്ല. കുടുംബത്തിലെ ആണുങ്ങളെയെല്ലാം പ്രതിയാക്കി. സംവിധായകൻ ബാലചന്ദ്രകുമാർ വിവരങ്ങൾ സൂക്ഷിച്ചിരുന്ന ടാബും ലാപ്ടോപ്പും പോയെന്ന് പറയുന്നു. അതിൽ അന്വേഷണമില്ല. ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ വന്നിട്ടുണ്ട്. നാളെ ആ കേസിലും പ്രതിയാക്കും. നടിയെ ആക്രമിച്ച കേസിൽ തെളിവുണ്ടാക്കാൻ കസ്റ്റഡിയിലെടുക്കാനാണ് നോക്കുന്നത്. കേസിൽ ഒരു വി.ഐ.പി.യുണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും ഇപ്പോൾ കേൾക്കാനില്ല-ഇതായിരുന്നു ദിലീപിന്റെ അഭിഭാഷകൻ ബി രാമൻപിള്ളയുടെ വാദങ്ങൾ. മൊബൈൽ കട നടത്തിയിരുന്ന സിനിമാക്കാരനായ സലീഷിന്റെ മരണത്തിൽ ദിലീപിന് പങ്കുണ്ടെന്ന ആരോപണമാണ് ദിലീപിന്റെ അഭിഭാഷകൻ ചർച്ചയാക്കിയത്.

ദിലീപടക്കമുള്ള പ്രതികൾ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഫോണുകൾ ഏതെല്ലാമെന്ന കാര്യത്തിൽ ആകെ ആശയക്കുഴപ്പമുണ്ട്. ഇത് ദിലീപിന് വിനയാകുമോ എന്നതാണ് നിർണ്ണായകം. പ്രോസിക്യൂഷൻ ഉപഹർജിയിൽ പറഞ്ഞിരിക്കുന്ന ആറു മൊബൈൽഫോണുകൾ കൈമാറാനാണ് ജസ്റ്റിസ് പി. ഗോപിനാഥ് ശനിയാഴ്ച നിർദ്ദേശിച്ചത്. ഇതനുസരിച്ച് തിങ്കളാഴ്ച ആറ്് ഫോൺ നൽകിയെന്ന് പറയുന്ന ദിലീപ് ഉപഹർജിയിൽ പറയുന്ന ആദ്യ ഫോണിനെക്കുറിച്ച് ഒരു പിടിയുമില്ലെന്ന് വിശദീകരിച്ചതാണ് ആശയക്കുഴപ്പത്തിനു കാരണം.

തിങ്കളാഴ്ച മുദ്രവെച്ച പെട്ടിയിലാക്കി മൊബൈൽ ഫോണുകൾ കൈമാറിയതിനൊപ്പം ദിലീപ് നൽകിയിരിക്കുന്ന വിശദീകരണമാണ് ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്നത്. ഉപഹർജിയിൽ ഒന്നാം നമ്പറായി പറയുന്ന ഐ ഫോൺ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്ന ദിലീപ് തൊട്ടുപിന്നാലെ പണ്ടെന്നോ താൻ ഉപയോഗിച്ചതാണോ അത് എന്ന സംശയവും പ്രകടിപ്പിക്കുന്നു. നാലാം നമ്പർ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പറിനെക്കുറിച്ചേ പ്രോസിക്യൂഷൻ പറയുന്നുള്ളൂവെന്നും കമ്പനി ഏതാണെന്ന് പറയുന്നില്ലെന്നുമായിരുന്നു ദിലീപ് കഴിഞ്ഞദിവസം പറഞ്ഞത്. അതേ ഫോൺ ഹാജരാക്കി.

പ്രോസിക്യൂഷൻ ആവശ്യപ്പെട്ടുന്ന ഏഴാം നമ്പർ ഫോൺ തന്റെ സഹോദരീഭർത്താവ് സൂരജ് ഉപയോഗിച്ചതല്ല ഡ്രൈവർ അപ്പു ഉപയോഗിച്ചതാണെന്നും ദിലീപ് ഇപ്പോൾ പറയുന്നു. എന്നാൽ തങ്ങൾ ആവശ്യപ്പെട്ട മൂന്നു ഫോണുകൾ ദിലീപ് ഹൈക്കോടതിയിൽ നൽകിയിട്ടില്ലെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു. ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകുന്നു. ഈ മൂന്ന് ഫോണുകളും കിട്ടിയേ തീരൂവെന്ന നിലപാടിലാണ് അന്വേഷണ സംഘം.

പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർണായക തെളിവുകൾ ലഭിക്കുമെന്ന് അന്വേഷണ സംഘം കരുതുന്ന മൊബൈൽ ഫോണുകൾ പ്രതിഭാഗം നശിപ്പിച്ചതായി ക്രൈംബ്രാഞ്ചിനു സംശയമുണ്ട്. ദിലീപിനും അടുത്തബന്ധുക്കൾക്കും എതിരെ സംവിധായകൻ ബാലചന്ദ്രകുമാർ ആരോപണങ്ങൾ ഉന്നയിച്ചു രംഗത്തു വന്നതിനു ശേഷം ഈ 2 ഫോണുകൾ പ്രവർത്തിച്ചിട്ടില്ലെന്നു ഫോൺവിളി രേഖകൾ (സിഡിആർ) പരിശോധിച്ച അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ ഈ ഫോണുകളിൽ ഉപയോഗിച്ചിരുന്ന സിം കാർഡുകൾ മറ്റു രണ്ടു ഫോണുകളിൽ ഇട്ട് ദിലീപിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്നു. ഈ ഫോണുകളാണ് റെയ്ഡിനിടയിൽ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.

രണ്ട് ഐ ഫോണുകൾ അടക്കം ദിലീപിന്റെ 4 ഫോണുകൾ ഹാജരാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ഐഎംഇഐ നമ്പർ 356723080949446 ഐ ഫോൺ ആണ് നൽകാതിരുന്നത്. എന്നാൽ ഈ ഫോൺ ഏതാണെന്നു മനസ്സിലാകുന്നില്ലെന്നാണ് ദിലീപ് ഇന്നലെ കോടതിയിൽ നൽകിയ വിശദീകരണം. തന്റെ കൈവശമില്ലെന്നും ഇപ്പോഴോ അടുത്ത കാലത്തോ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു. ഉപയോഗിച്ചിരുന്ന ഒരു ഐഫോണിന്റെ പ്രവർത്തനം നേരത്തെ നിലച്ചിരുന്നു. ഈ ഐഫോൺ തന്റെ കൈവശമില്ലെന്ന് ചോദ്യം ചെയ്യവെ, അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഈ ഫോണാകാം പ്രോസിക്യൂഷൻ പറയുന്ന ഫോൺ. അല്ലെങ്കിൽ, ജനുവരി 13ന് തന്റെ വീട്ടിലെ പരിശോധനയിൽ ക്രൈംബ്രാഞ്ച് എടുത്തുകൊണ്ടു പോയ ഫോൺ ഇതാകാമെന്നും ദിലീപ് വിശദമാക്കുന്നു.

താൻ ഉപയോഗിച്ചിരുന്ന രണ്ട് ഐഫോണുകൾ പട്ടികയിലുണ്ടെന്ന് ദിലീപ് അറിയിച്ചു. അത് പട്ടികയിലെ രണ്ടും നാലും ആണ്. ഇതിൽ നാലാമതായി പറയുന്ന ഫോൺ കഴിഞ്ഞ ദിവസം തന്റെ പക്കൽ ഇല്ലെന്ന് ദിലീപ് കോടതിയിൽ അറിയിച്ചതാണ്. ഈ ഫോണിന്റെ ഐഎംഇഐ നമ്പർ മാത്രമാണു പട്ടികയിൽ നൽകിയിരുന്നത്. ഇത് കോടതിയിൽ കൈമാറിയിട്ടുണ്ടെന്ന് അറിയുന്നു. അതേപോലെ മൂന്നാം പ്രതി സുരാജിന്റേതെന്നു പറയുന്ന ഫോൺ യഥാർഥത്തിൽ ബന്ധുവും മറ്റൊരു പ്രതിയുമായ കൃഷ്ണപ്രസാദ് എന്ന അപ്പുവിന്റേതാണെന്നും പ്രതികൾ വ്യക്തമാക്കി. ഇതാവശ്യപ്പെട്ട് നൽകിയ നോട്ടിസിനു മറുപടി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ഇക്കാര്യത്തിൽ പ്രതികൾ കോടതിയെയും പ്രോസിക്യൂഷനെയും കബളിപ്പിക്കുകയാണെന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദത്തിനിടെ അറിയിച്ചു.