കൊച്ചി: ദിലീപിനെ വീണ്ടും പൊലീസ് ചോദ്യം ചെയ്യുന്നു. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകുകയും കേസിൽ സാക്ഷിയാകാൻ സാധ്യത കൽപ്പിക്കപ്പെടുകയും ചെയ്യുന്ന നാദിർഷയുമായി പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയതും ജാമ്യ വ്യവസ്ഥയുടെ ലംഘനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസിലെ പ്രധാനസാക്ഷി മൊഴിമാറ്റിയത് ദിലീപിന്റെ സമ്മർദ്ദം മൂലമാണെന്നാണ് പൊലീസിന്റെ സംശയം. ഇത്തരം റിപ്പോർട്ടുകൾക്കിടെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് വളിച്ചു വരുത്തിയത്.

ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. ദിലീപിനൊപ്പം മാനേജർ അപ്പുണ്ണിയേയും ചോദ്യം ചെയ്യുന്നുണ്ട്. ഇവരിൽ നിന്നും തെളിവ് നശീകരണത്തിൽ നിർണ്ണായക തെളിവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. കുറ്റപത്രം നൽകുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച കേസിൽ ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് കോടതി ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

സാക്ഷികളെ സ്വാധിനിക്കരുത്, തെളിവ് നശിപ്പിക്കരുത് എന്നിങ്ങനെയുള്ള വ്യവസ്ഥകൾ ദിലീപ് ലംഘിച്ചതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ചോദ്യം ചെയ്യലെന്നും സൂചനയുണ്ട്. ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്ന് മാത്രമാണ് പൊലീസ് പറയുന്നത്. ഇതിന് അപ്പുറത്തേക്ക് ഒന്നും പൊലീസ് പുറത്തു പറയുന്നില്ല. സിനിമയിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലായിരുന്നു ദിലീപ്. രാമലീല നൽകിയ വമ്പൻ വിജയത്തിന്റെ പിൻബലത്തിൽ പുതിയ ഹിറ്റായിരുന്നു മനസ്സിൽ. കമ്മാരസംഭവത്തിന്റെ സെറ്റിൽ ഉടനെത്തുമെന്നും ദിലീപ് അറിയിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും പൊലീസ് നടനെ സംശയനിഴലിലാക്കി ചോദ്യം ചെയ്യുന്നത്. കേസിലെ സാക്ഷികളുമായി ദിലീപ് ബന്ധപ്പെടുന്നതിനെ ആശങ്കയോടെയാണ് പൊലീസ് കാണുന്നത്.

ദിലീപിനെ ആലുവ പൊലീസ് ക്ലബിലേക്ക് നോട്ടീസ് നൽകി അന്വേഷണ സംഘം വിളിച്ചുവരുത്തുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട സമയത്ത് ദിലീപ് ചികിത്സയിലായിരുവെന്നായിരുന്നു മൊഴി. ചികിത്സാരേഖകളും ദിലീപ് ഹാജരാക്കിയിരുന്നു. കൂടാതെ പൊലീസ് ദിലീപിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ ഡോക്ടറുടെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ വിഷയവും ദിലീപിൽ നിന്ന് പൊലീസ് ചോദിച്ചറിയുന്നു. വ്യാജരേഖ ചമയ്ക്കലിന് പ്രത്യേക കേസ് എടുക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്. എസ്‌പി സുദർശനൻ, സി.ഐ ബിജു പൗലോസ് എന്നിവരാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.

നടിയെ ആക്രമിച്ച കേസിൽ ഈ മാസം പൊലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് വീണ്ടും ദിലീപിനെ ചോദ്യം ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ മറ്റ് സാക്ഷികളുമായി പൊലീസ് ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ഇതിൽ ചില തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യുന്നത്. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ തലസ്ഥാനത്ത് സജീവമാണ്. ഇതിനിടെയാണ് പൊലീസ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. നാദിർഷായെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യാൻ ഡിജിപി അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്. മറുപടികൾ തൃപ്തികരമല്ലെങ്കിൽ ദിലീപിനെ വീണ്ടും അറസ്റ്റ് ചെയ്യും. കേസിലെ പ്രധാന സാക്ഷി മൊഴി മാറ്റിയതിന് പിന്നിലും ദിലീപാണെന്ന് പൊലീസ് സംശയിക്കുന്നു. കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകുകയും കേസിൽ സാക്ഷിയാകാൻ സാധ്യത കൽപ്പിക്കപ്പെടുകയും ചെയ്യുന്ന സംവിധായകൻ നാദിർഷയുമായി ദിലീപ് പല തവണ ബന്ധപ്പെടാൻ ശ്രമിച്ചു. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതി സമർപ്പിച്ചതായാണ് സൂചന. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ഈ മാസം സമർപ്പിക്കാനിരിക്കെയാണ് ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന പൊലീസിന്റെ ആരോപണം. ജയിൽ മോചിതനായ ദിലീപ്, നാദിർഷയുമായി കൂടിയാലോചന നടത്തി. ഭാര്യ കാവ്യാ മാധവന്റെ കാക്കനാട്ടെ സ്ഥാപനത്തിലെ ജീവനക്കാരന്റെ മൊഴി മാറ്റിയതിന് പിന്നിൽ ദിലീപ് ഇടപെട്ടു തുടങ്ങിയ ആരോപണങ്ങളാണ് പൊലീസ് ഉന്നയിക്കുന്നത്. മറ്റ് സാക്ഷികളെ ദിലീപ് ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ദിലീപിനും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരിടേണ്ടി വ്യാജവാർത്തകൾക്കും മാധ്യമ വിചാരണകൾക്കുമെതിരെ അന്വേഷണം നടത്താൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പുറത്തു വന്നിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് ഉത്തരവ്. എട്ട് ആഴ്ചകൾക്കുള്ളിൽ അന്വേഷണം നടത്തി നടപടി എടുക്കാനും, സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ പരാതിക്കാരനായ അഡ്വ ശ്രീജിത്ത് പെരുമനയെ അറിയിക്കാനും കമ്മീഷൻ ഉത്തരവിട്ടിരുന്നു.

കേസിൽ ദിലീപിനെതിരെ കുറ്റപത്രം നൽകുന്നത് അന്തിമ ഘട്ടത്തിലാണ്. ഗൂഢാലോചനയാണു ദിലീപിനെതിരായ കുറ്റം. സംഭവവുമായി നേരിട്ടു ബന്ധമുള്ള പൾസർ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനാൽ ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ചില സാങ്കേതിക കാര്യങ്ങൾ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നൽകാൻ വൈകുന്നതെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ പറഞ്ഞിരുന്നു. പൊലീസിനു നൽകിയ മൊഴി ചില സാക്ഷികൾ കോടതിയിൽ മാറ്റിപ്പറഞ്ഞിരുന്നു. അതാണ് അന്വേഷണസംഘത്തെ വട്ടം കറക്കുന്നത്. ഇതിൽ സ്വീകരിക്കേണ്ട നിലപാടുകൂടി തീരുമാനിച്ചിട്ടാകും കുറ്റപത്രം നൽകുക.