- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റം കൂടി പൊലീസ് കൂട്ടിച്ചേർത്തത് താരത്തിന്റെ മുൻകൂർ ജാമ്യമോഹം തകർക്കുമോ? പ്രത്യേക സിറ്റിങ് വെച്ച് കോടതിയിൽ ഇന്ന് വിശദമായ വാദം കേൾക്കുമ്പോൾ അരയും തലയും മുറുക്കി അഡ്വ. രാമൻപിള്ളയെത്തും; ശബ്ദതെളിവുകളിൽ പ്രതീക്ഷ വെച്ചു പ്രോസിക്യൂഷനും; തട്ടിക്കൊണ്ടുപോകൽ ഗൂഢാലോചനയിൽ പങ്കെടുത്ത 'സിദ്ദിഖും' ചർച്ചകളിൽ
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനാ കേസിൽ നടൻ ദിലീപിന് ഇന്ന് നിർണായക ദിനം. കോടതി പ്രത്യേക സിറ്റിങ് വെച്ച് വാദം കേൾക്കുമ്പോൾ അരയും തലയും മുറുക്കിയാണ് അഡ്വ. അഡ്വ. രാമൻപിള്ള കോടതിയിൽ എത്തുക. പ്രത്യേക സിറ്റിങായതിനാൽ തന്നെ ഇന്ന് ഹൈക്കോടതിയിൽ വിശദമായ വാദം തന്നെ കേൾക്കും. അതേസമയം ദിലീപിനെതിരെ പുതിയ എഫ്‌ഐആർ കൂടിയിട്ട് പൊലീസ് അന്വേഷണം കടുപ്പിക്കുകയും ചെയ്യുന്നു.
നിലവിൽ കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്‌പി: എംപി.മോഹനചന്ദ്രൻ ആലുവ മജിസ്‌ട്രേട്ട് കോടതിയിൽ നൽകിയ എഫ്‌ഐആറിൽ ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ പ്രതികളാണ്. ഇവർക്കൊപ്പം പ്രതിപ്പട്ടികയിലുള്ള 'കണ്ടാൽ തിരിച്ചറിയാൻ കഴിയുന്നയാൾ' ദിലീപിന്റെ സുഹൃത്തായ വ്യവസായി ജി.ശരത്ത് ആണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അന്വേഷണ സംഘത്തിനെതിരെ പ്രതികൾ ദിലീപിന്റെ ആലുവയിലെ വീട്ടിൽ സംഘം ചേർന്നു ഗൂഢാലോചന നടത്തിയെന്നു മാത്രമാണ് ഈ മാസം 9 നു സമർപ്പിച്ച എഫ്‌ഐആറിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥൻ എം.ബൈജു പൗലോസ് അടക്കമുള്ളവരെ കൊലപ്പെടുത്താനാണു പ്രതികൾ ഗൂഢാലോചന നടത്തിയതെന്നു തുടരന്വേഷണത്തിൽ വ്യക്തമായതോടെ എഫ്‌ഐആർ ഭേദഗതി ചെയ്യുകയായിരുന്നു.
ഇന്നലെ കോടതിയിൽ കേസു വന്നപ്പോൾ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്താമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് പറയുകയായിരുന്നു. കേസ് പ്രാധാന്യമുള്ളതാണെന്നും അതിനാൽ സമയം വേണ്ടിവരുമെന്നും വിലയിരുത്തി ജസ്റ്റിസ് പി. ഗോപിനാഥ് ജാമ്യഹർജികൾ ശനിയാഴ്ച പരിഗണിക്കാൻ മാറ്റുകയായിരുന്നു. കോടതിമുറിയിൽ നേരിട്ടായിരിക്കും ഹർജി പരിഗണിക്കുക.
ദിലീപിനു പുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശി ശരത് എന്നിവരാണ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്. ഇതിൽ ശരത് അവസാനമാണ് കോടതിയെ സമീപിച്ചത്. ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷൻ നൽകിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താൻ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തിൽ ആദ്യമാണെന്നും അതിനാൽ ദിലീപ് അടക്കമുള്ളവർക്ക് ജാമ്യം നൽകരുതെന്നുമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചനയെന്ന് ക്രൈംബ്രാഞ്ച്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനും കൂട്ടർക്കുമെതിരേ പുതിയ വകുപ്പുകൂടി ചുമത്തി ക്രൈംബ്രാഞ്ച്. മുൻപ് ചുമത്തിയ വകുപ്പുകളിൽ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂട്ടിച്ചേർക്കുകയായിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ട് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്‌പി. എംപി. മോഹനചന്ദ്രൻ 13-ന് സമർപ്പിച്ചു. അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വകുപ്പായിരുന്നു നേരത്തെ എഫ്.ഐ.ആറിൽ നിലനിന്നിരുന്നത്.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്തിയതിൽനിന്നും തെളിവുകൾ പരിശോധിച്ചതിൽനിന്നുമാണ് കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി. ബൈജു പൗലോസിന്റെ പരാതിയിൽ ഈ മാസം ഒമ്പതിനാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നത്. കേസിൽ പ്രതികളെ ആരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
തട്ടിക്കൊണ്ടുപോകൽ ഗൂഢാലോചനയിൽ പങ്കെടുത്ത 'സിദ്ദിഖ്' ആര്?
അതേസമയം നടിയെ തട്ടിക്കൊണ്ടുപോകൽ ചര്ഡച്ചയിൽ പങ്കെടുത്ത മറ്റൊരു പേരും ചർച്ചകളിൽ നിറയുകയാണ്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിനു മുൻപ് ആലുവയിലെ ഹോട്ടലിൽ ഒത്തുകൂടി ചർച്ച നടത്തിയതായി കേസിലെ ഒന്നാം പ്രതിയായ മകൻ സുനിൽകുമാർ (പൾസർ സുനി) പറഞ്ഞിരുന്നതായി അമ്മ ശോഭന പൊലീസിനോടു വെളിപ്പെടുത്തി. കോടതിവരാന്തയിൽ സുനിൽ അമ്മയ്ക്കു കൈമാറിയ കത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളുണ്ട്. ഈ കത്ത് ശോഭന അന്വേഷണ സംഘത്തിനു കൈമാറി.
ആലുവയിലെ ഹോട്ടലിൽ നടന്ന ചർച്ചയിൽ 'സിദ്ദിഖ്' എന്നു പേരുള്ള ഒരാൾ പങ്കെടുത്തതായി മകൻ പറഞ്ഞ് അറിയാം, എന്നാൽ ഇതു ആരെന്ന് അറിയില്ലെന്നും ശോഭന മൊഴി നൽകി. കേസിൽ സുനിൽകുമാറിന്റെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷക സംഘം. ഈ സിദ്ദിഖ് ആരാണെന്ന വിധത്തിലും ചർച്ചകൾ നടക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ