കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ഓഡിയോ പുറത്ത്. വാട്‌സാപ് സന്ദേശമായാണ് ബാലചന്ദ്രകുമാർ ഓഡിയോ അയച്ചതെന്ന് ദിലീപ് കോടതിയിൽ അറിയിച്ചു. ഇതോടെ കേസിന് പുതിയ മാനം കൈവരികയാണ്. അതിനിടെ നെയ്യാറ്റിൻകര ബിഷപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവായി വാട്‌സാപ്പ് ചാറ്റ് റിപ്പോർട്ടറിലൂടെ ബാലചന്ദ്രകുമാറും പുറത്തു വിട്ടു.

ദിലീപ് ആദ്യമായാണ് ബാലചന്ദ്രകുമാറിന്റെ ഓഡിയോ പുറത്തു വിടുന്നത്. ബാലചന്ദ്രകുമാറിന് 18 ലക്ഷം രൂപയുടെ കടമുണ്ട്. രണ്ടു സുഹൃത്തുക്കളിൽനിന്നായി വാങ്ങിയതാണ് ഈ തുക. ഇതു തിരിച്ച് ചോദിച്ച് സുഹൃത്തുക്കൾ നിരന്തരം വിളിക്കുന്നുവെന്നും ദിലീപ് വിഡിയോ കോളിൽ അവരോട് സംസാരിക്കണമെന്നും ഓഡിയോയിൽ പറയുന്നു. ദിലീപ് സംസാരിച്ചാൽ തുക മടക്കി നൽകുന്നതിനു അവധി നൽകുമെന്നും സിനിമ നടക്കില്ലെങ്കിലും നാലു മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് കള്ളം പറയണമെന്നും ഓഡിയോയിൽ ആവശ്യപ്പെടുന്നു. സിനിമ നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായ ശേഷമുള്ള ഓഡിയോ ആണ് ഇതെന്നാണ് ദിലീപിന്റെ അഭിഭാഷകൻ പറയുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 14നാണ് ഓഡിയോ അയച്ചതെന്നാണ് വിവരം.

നെയ്യാറ്റിൻകര ബിഷപ്പുമായി ഏറെ അടുപ്പമുള്ള വ്യക്തിയെ കണ്ടെത്താൻ ബാലചന്ദ്രകുമാറിനോട് നിർദ്ദേശം നൽകുന്നത് ദിലീപിന്റെ അളിയൻ സുരാജാണ്. ജസ്റ്റീസ് സുനിൽ തോമസുമായി നെയ്യാറ്റിൻകര ബിഷപ്പിന് അടുപ്പമുണ്ടെന്നും അതുകൊണ്ട് ബിഷപ്പിന് ഏറെ അടുപ്പമുള്ള വ്യക്തിയെ കണ്ടെത്തണമെന്നാണ് ആവശ്യം. ദിലീപ് ജാമ്യം വാങ്ങിയെടുക്കാൻ എല്ലാ വഴിയും നോക്കിയെന്നതിന് തെളിവാണ് ഇത്. ഈ വാട്‌സാപ്പ് ചാറ്റുകളാണ് റിപ്പോർട്ടർ ടിവിയിലൂടെ പുറത്തു വന്നത്. വരും ദിനങ്ങളിൽ രണ്ടു കൂട്ടരും ഇത്തരം തെളിവുകൾ പുറത്തു വിടുമെന്നാണ് സൂചന. ഇതിന് തെളിവാണ് ഇന്ന് പുറത്തു വന്ന ഓഡിയോയും വാട്‌സാപ്പ് ചാറ്റും.

ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ ശബ്ദസന്ദേശമാണ് പുതുതായി പുറത്തു വരുന്നത്. ബാലചന്ദ്രകുമാർ ആവശ്യപ്പെട്ട ഇക്കാര്യം ചെയ്യാത്തതു കൊണ്ടാണ് തനിയ്‌ക്കെതിരായി കെട്ടിച്ചമച്ച തെളിവുകളുമായി എത്തിയതെന്നായിരുന്നു ദിലീപിന്റെ ആരോപണം. ബാലചന്ദ്രകുമാർ തനിക്ക് അയച്ച വാട്‌സ് ആപ് സന്ദേശമാണ് ഇതെന്ന് ദിലീപ് വ്യക്തമാക്കുന്നു. അടുത്ത സുഹൃത്തും അമേരിക്കയിൽ താമസക്കാരനുമായ ജീമോൻ ജോർജിന് പത്തുലക്ഷം രൂപയും സുഹൃത്തിന്റെ അമ്മ ഇറ്റലിൽ താമസിക്കുന്ന മോളി ജോണിന് എട്ടര ലക്ഷം രൂപയുമാണ് നൽകാനുള്ളത്. വീടു നിർമ്മാണത്തിന്റെ ആവശ്യത്തിനായാണ് പണം വാങ്ങിയത്. പറഞ്ഞ അവധികൾ കഴിഞ്ഞിട്ട് നാളുകളേറെയായി. വീഡിയോ കോളിൽ ദിലീപ് തനിക്കായി രണ്ടു പേരോടും സംസാരിക്കണം. തന്റെ ചിത്രം മൂന്നു നാലു മാസത്തിനുള്ളിൽ ആരംഭിക്കും അതുവരെ അവധി നൽകണമെന്നുമാണ് ആവശ്യം.

കടം വാങ്ങിയവരോട് സംസാരിക്കണമെന്നും സിനിമ നാല് മാസത്തിനുള്ളിൽ ഉണ്ടാകുമെന്ന് പറയണമെന്നും ബാലചന്ദ്രകുമാർ പറയുന്നത് ശബ്ദസന്ദേശത്തിൽ വ്യക്തമാണെന്ന് ദിലീപ് പറയുന്നു. ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന പാക്ക് പോക്കറ്റ് എന്ന ചിത്രത്തിൽ നിന്ന് ദിലീപ് സ്വയം പാന്മാറിയെന്നും ബാലചന്ദ്രകുമാർ പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് റാഫിയോട് മറ്റൊരു ചിത്രത്തിന് തിരക്കഥയെഴുതാൻ ദിലീപ് നിർദ്ദേശം നൽകിയതായും ശബ്ദരേഖയിൽ ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നുണ്ട്. ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാർ ഇന്നലെ പുറത്തുവിട്ടിരുന്നു.

ദിലീപും സഹോദരൻ അനൂപും ചേർന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങൾ പുറത്തുവരുന്നത്. ഈ ശബ്ദം തന്റേതല്ലെന്നാണ് ദിലീപ് പറയുന്നത്. ദിലീപ് അനുജൻ അനൂപിന് കൊടുക്കുന്ന നിർദേശമാണ് താൻ പുറത്തുവിട്ട ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ഗ്രൂപ്പിലിട്ട് എങ്ങനെ കൊല്ലണം എന്ന് ഒരു സിനിമയിലെ രംഗം കൂടി ഉദാഹരിച്ച് കൊണ്ടാണ് ദിലീപ് വിശദമാക്കുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു.

ദിലീപിന്റെ അനുജൻ അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്രകുമാർ പുറത്തുവിട്ടു. ഒരാളെ കൊല്ലുമ്പോൾ എങ്ങനെ തെളിവ് നശിപ്പിക്കാം എന്നാണ് അനൂപ് പറയുന്നതെന്ന് ബാലചന്ദ്രകുമാർ പറയുന്നു. ഓരോ അന്വേഷണ ഉദ്യോഗസ്ഥനെയും കൊല്ലേണ്ട രീതിയെ കുറിച്ചള്ള കൂടുതൽ ശബ്ദരേഖകൾ ഉണ്ടെന്നും അന്ന് സംസാരിച്ച മുഴുവൻ കാര്യങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്റെ വിശദീകരണം.

അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ കൊല്ലാനുള്ള ഗൂഢാലോചന വ്യക്തമായി നടന്നു എന്നതിന്റെ തെളിവാണിതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. നാളെ രാവിലെ പത്തേകാലിനാണ് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി പറയുന്നത്. ദിലീപടക്കമുള്ള പ്രതികളുടെ ശബ്ദ പരിശോധനയ്ക്ക് ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നു. പ്രതികളുടെ വീടുകളിൽ ഇതുസംബന്ധിച്ച നോട്ടീസും അന്വേഷണ സംഘം പതിപ്പിച്ചിരുന്നു.